ലണ്ടന്‍: ആരോഗ്യമുള്ള യുവാക്കള്‍ക്ക് ലാബില്‍ നിര്‍മ്മിച്ച കൊറോണ വൈറസ് പകര്‍ത്തി വാക്‌സിന്‍ പരീക്ഷണത്തിലേക്ക് പുതിയൊരു ചുവടുവെയ്പ്പ് നടത്തുകയാണ് ബ്രിട്ടന്‍ ഭരണകൂടം. ഇതിനായി വന്‍ നിക്ഷേപമാണ് ബ്രിട്ടന്‍ നടത്തുന്നത്.സന്നദ്ധ പ്രവര്‍ത്തകന് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ആസ്ട്രാസെനക്ക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം യുഎസില്‍ പുനഃരാരംഭിക്കാനും തീരുമാനമായി. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷമാണ് പരീക്ഷണം വീണ്ടും ആരംഭിക്കുന്നത്.
ഒരു സന്നദ്ധ പ്രവര്‍ത്തകന് ഗുരുതരമായ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വാക്‌സിന്‍ പരീക്ഷണം ആസ്ട്രാസെനക്ക യുഎസില്‍ പുനഃരാരംഭിക്കുകയാണ്. യുഎസ് ഫുഡ് ആന്റ് അഡ്മിസ്‌ട്രേഷന്റെ (എഫ്ഡിഎ) അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് ഈ ആഴ്ച പരീക്ഷണം വീണ്ടും ആരംഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.സെപ്റ്റംബര്‍ ആറ് മുതലാണ് ആസ്ട്രാസെനക്കയുടെ ക്ലിനിക്കല്‍ പരീക്ഷണം യുഎസില്‍ നിര്‍ത്തിവെച്ചത്. കമ്പനി യുകെയില്‍ നടത്തിയ പരീക്ഷണത്തിലാണ് ഒരാള്‍ക്ക് ഗുരുതരമായ രോഗം ബാധിച്ചത്. വാക്‌സിന്‍ പരീക്ഷണത്തെത്തുടര്‍ന്ന് സുഷുമ്‌നാ നാഡിക്ക് അപൂര്‍വ്വമായി ബാധിക്കാറുള്ള രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതേപ്പറ്റി പ്രതികരിക്കാന്‍ എഫ്ഡിഎ തയ്യാറായിട്ടില്ല.
ആദ്യഘട്ടത്തില്‍ മൂന്നു കോടി മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളെയും ഉള്‍പ്പെടുത്തിയാണ് മുന്‍ഗണനാ പട്ടിക തയാറാക്കിയിരിക്കുന്നത്.
ആരോഗ്യമുള്ള യുവാക്കളില്‍ ലാബില്‍ നിര്‍മ്മിച്ച കൊവിഡ്-19 പകര്‍ത്തിയ ശേഷം വാക്‌സിന്‍ പരീക്ഷണം നടത്താനുള്ള പദ്ധതിക്ക് ധനസഹായം നല്‍കുമെന്ന് യുകെ ഭരണകൂടം വ്യക്തമാക്കി.43.5 മില്ല്യണ്‍ യുഎസ് ഡോളര്‍ ഇതിനായി മാറ്റിവെക്കുമെന്നാണ് ബ്രിട്ടന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടന്‍, റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.
റെഗുലേറ്റര്‍മാരും എത്തിക്‌സ് കമ്മിറ്റിയും അഗീകരിച്ചാന്‍ പരീക്ഷണം ജനുവരിയില്‍ ആരംഭിക്കും. മേയ് 2021ല്‍ ഫലം അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.