
കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. എന്നാല്‍ ഒരു പ്രത്യേക വിഭാഗം രക്ത ഗ്രൂപ്പിന് കൊവിഡ് ബാധിക്കാന്‍ സാധ്യതയില്ലെന്നോ മറ്റൊരു വിഭാഗത്തിന് സാധ്യത കൂടുതലാണെന്നോ ഇതിന് അര്‍ത്ഥമില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഗവേഷണ ഫലം ഉത്തരങ്ങളേക്കള്‍ അധികമായി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്നും അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹെമറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി-ജുലൈ മാസങ്ങള്‍ക്കിടയില്‍ 473,654 സാമ്പിളുകളാണ് ഡെന്മാര്ക്കില് പരിശോധനയ്ക്ക് വിധേയമാക്കിയത്. 7,422 ആളുകളുടെ പരിശോധനാ ഫലം പോസിറ്റീവായി. ഈ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ രക്ത ഗ്രൂപ്പുകള്‍ക്ക് പ്രധാന പങ്കുള്ളതായി ഗവേഷകര്‍ കണ്ടെത്തി. ഒ ഗ്രൂപ്പ് രക്തമുള്ള ആളുകള്‍ക്ക് സാര്‍സ്-കോവ്-2 വൈറസ് ബാധ കുറവാണെന്ന് കണ്ടെത്തി. പരിശോധിക്കപ്പെട്ട 62% ആളുകളുടെ രക്തഗ്രൂപ്പ് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായത്. അതിനാല്‍ പഠനത്തിലെ കണ്ടെത്തലുകള്‍ പരിമിതമാണ്.
ഒ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് കൊവിഡ് ബാധിക്കില്ലെന്ന് അന്ധമായി വിശ്വസിക്കരുതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് അപകട സാധ്യത കുറവാണ്. വിസ്കോസിന് മെഡിക്കല്‍ കോളേജിലെ ഡോ റോയ് സില്‍വര്‍സ്റ്റൈന്‍ പറഞ്ഞു. സാധ്യത കുറവാണ് എന്ന് പറയുമ്പോള്‍ രോഗം വരില്ല എന്നല്ല, രോഗം ബാധിക്കാനുള്ള സാധ്യത നേരിയ തോതില്‍ കുറവാണ് എന്നും അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹെമറ്റോളജിയുടെ മുന്‍ പ്രസിഡന്റായ സില്‍വര്‍സ്റ്റൈന്‍ പറഞ്ഞു.
ചികിത്സിക്കുമ്പോള്‍ രോഗിയുടെ രക്ത ഗ്രൂപ്പ് ഒ ആണോ, എ ആണോയെന്നുള്ളത് പരിഗണിക്കില്ല.’ പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചികിത്സയ്ക്ക് മാറ്റം വരുത്തില്ലെന്ന് സില്‍വര്‍സ്റ്റൈന്‍ പറഞ്ഞു. ബുധനാഴ്ച പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും രക്ത ഗ്രൂപ്പിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തെ പിന്തുണയ്ക്കുന്നുണ്ട്. കാനഡയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ രോഗം ബാധിച്ച 95 പേരില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചില രക്ത ഗ്രൂപ്പില്‍ പെട്ട രോഗികളുടെ അവസ്ഥ തീര്‍ത്തും ഗുരുതരമായിരുന്നു.
എ, എബി രക്ത ഗ്രൂപ്പുള്ള രോഗികള്‍ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ നിരവധി ദിവസങ്ങള്‍ ഐസിയുവില്‍ കഴിയേണ്ടിവന്നു. എന്നാല്‍ ഒ, ബി ഗ്രൂപ്പുകളില്‍പ്പെട്ടവരുടെ കാര്യം വ്യത്യസ്തമായിരുന്നു. പഠനത്തില്‍ പറയുന്നു. എ,എബി ഗ്രൂപ്പുകളില്‍പ്പെട്ടവരുടെ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഡയാലിസിസ് ആവശ്യമായിരുന്നു. എന്നാല്‍ ഒരു പ്രത്യേക ഗ്രൂപ്പുകളില്‍പ്പെട്ട രക്തം കൊവിഡിനെ പൂര്‍ണ്ണമായി പ്രതിരോധിക്കുമെന്നോ അല്ലെങ്കില്‍ ഗുരുതരമായി ബാധിക്കുമെന്നോ ഇത് അര്‍ത്ഥമാക്കുന്നില്ല. അതിനാല്‍ നിലവില്‍ സ്വീകരിക്കുന്ന എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും സ്വീകരിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.