NEWSWORLD

കൊറോണ വൈറസ് ബാധ ‘ദൈവത്തിന്റെ അനുഗ്രഹം’ :ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ ‘ദൈവത്തിന്റെ അനുഗ്രഹ’മാണെന്ന വിചിത്ര പ്രസ്താവനയുമായി ഡോണള്‍ഡ് ട്രംപ് .കൊവിഡ് 19 സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഓഫീസില്‍ തിരിച്ചെത്തിയ ട്രംപ് ബുധനാഴ്ച വീഡിയോ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്.ഇപ്പോഴും കൊവിഡ് പോസിറ്റീവാണോ എന്ന കാര്യത്തില്‍ അവ്യക്ത തുടരുന്നതിനിടെയാണ് രണ്ട് ദിവസം മുന്‍പ് ട്രംപ് ആശുപത്രി വിട്ടത്.

‘എനിക്ക് രോഗം ബാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് എനിക്ക് തോന്നുന്നത്. അത് ഒരു തരത്തില്‍ അനുഗ്രഹമായിരുന്നു.’ റീജനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പരീക്ഷണഘട്ടത്തിലുള്ള മരുന്നുകളുടെ ഗുണം നേരിട്ട് അനുഭവിക്കാന്‍ സാധിച്ചതാണ് ഇതിന് കാരണമായി ട്രംപ് ചുണ്ടിക്കാണിച്ചത്. രണ്ട് ലക്ഷത്തിലധികം അമേരിക്കക്കാരുടെ ജീവനെടുത്ത കൊവിഡ് 19 മഹാമാരിയ്‌ക്കെതിരെ യുഎസ് സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വീഡിയോ സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ട്രംപ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വൈറ്റ് ഹൗസിലെ ഓഫീസിലേയ്ക്ക് ട്രംപ് തിരിച്ചെത്തുകയായിരുന്നു.

കൊവിഡ് 19 ചികിത്സയ്ക്ക് തനിക്ക് ലഭിച്ച മരുന്ന് എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ‘എനിക്ക് കിട്ടിയത് നിങ്ങള്‍ക്കെല്ലാം ലഭിക്കണെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ അത് സൗജന്യമാക്കാന്‍ പോകുകയാണ് ‘ട്രംപ് വ്യക്തമാക്കി.ചൊവ്വാഴ്ചയാണ് വീഡിയോ ചിത്രീകരിച്ചത് എന്ന രീതിയിലായിരുന്നു ട്രംപിന്റെ സംസാരമെങ്കിലും ബുധനാഴ്ച രാവിലെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മീഡോസ് വാര്‍ത്താ ഏജന്‍സിയോടു വെളിപ്പെടുത്തി.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ട്രംപിന് രോഗം ബാധിച്ചത്. വൈറ്റ് ഹൗസിലും പ്രചാരണത്തിനിടയിലും മാസ്‌ക് ധരിക്കുന്നതിനെ ട്രംപ് കര്‍ശനമായി എതിര്‍ത്തിരുന്നു. ഇതിനോടകം ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ക്കിടയില്‍ 12ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രചാരണത്തില്‍ ഉടനീളം മാസ്‌കിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ച ജോ ബൈഡന്‍ ട്രംപിനെതിരെ രൂക്ഷവിമര്‍ശനമാണ് അഴിച്ചുവിട്ടത്. തെരഞ്ഞെടുപ്പിന് ഒരുമാസം ബാക്കി നില്‍ക്കേ പ്രചാരണത്തില്‍ ജോ ബൈഡനാണ് മുന്‍പിലെന്നായിരുന്നു സിഎന്‍എന്‍ നടത്തിയ സര്‍വേയിലെ ഫലം.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close