KERALA

കൊറോണ സ്ഥിരീകരിച്ചത് വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിക്ക്; നില തൃപ്തികരം, ആശങ്കപ്പെടാനില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ്. വിദ്യാര്‍ത്ഥിനിയെ നേരത്തെ തന്നെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ത്ഥിനി. മൂന്നു പേര്‍ കൂടി ഇവിടെ നിരീക്ഷണത്തിലാണ്.
ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 20 പേരുടെ സാംപിള്‍ ഡല്‍ഹിയില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് അറിയിപ്പു വന്നിരുന്നു. ഒരാളുടെ കാര്യത്തില്‍ മാത്രമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ആറു പേരുടെ പരിശോധനാഫലം ലഭ്യമായിട്ടില്ല. സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ ലക്ഷണവുമായി എത്തുന്ന എല്ലാവരേയും നിരീക്ഷിക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ അടക്കം എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി ചികിത്സ ആരംഭിക്കണം.
കൊറോണ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കും. പനിയും ചുമയുമുള്ളവര്‍ ചികിത്സയ്ക്കെത്തുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണം. ലക്ഷണങ്ങള്‍ കാണുന്നവര്‍ ചികിത്സ തേടണം. ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നതില്‍ ബുദ്ധിമുട്ട് കാണിക്കുന്നില്ല. കൊറോണ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടുത്ത നടപടികള്‍ സ്വീകരിക്കാന്‍ യോഗം ചേരുന്നതിനായി ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ഉടന്‍ തൃശൂരിലേക്ക് പോകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close