Breaking NewsKERALA

കൊലപാതകത്തിനു ശേഷം മുഹമ്മദ് ബിലാല്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജോലിക്ക് കയറി

കൊച്ചി: കോട്ടയം താഴത്തങ്ങാടിയില്‍ കൊലപാതകവും മോഷണവും നടത്തിയ ശേഷം നാടുവിട്ട പ്രതി മുഹമ്മദ് ബിലാല്‍ കൊച്ചിയില്‍ രണ്ടു ദിവസം താമസിച്ചത് ഹോട്ടല്‍ ജീവനക്കാരനായി. ഇടപ്പള്ളിയിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ ജോലിക്ക് കയറിയത്. ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഹോട്ടലിലെത്തിയ ഇയാള്‍ക്ക് ഉടമ ജോലി നല്‍കി. ഹോട്ടലിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടിലാണ് ഇയാളും കഴിഞ്ഞിരുന്നത്. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളില്‍ ഏറെയും നാട്ടിലേക്ക് മടങ്ങിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് അറിയാതെയാണ് ജോലിക്ക് എടുത്തതെന്ന് ഹോട്ടലുടമ പറയുന്നു.
കൊല്ലപ്പെട്ട ഷീബയുടെ ദേഹത്തുനിന്നും കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണത്തില്‍ 28 പവന്‍ തെളിവെടുപ്പില്‍ മുഹമ്മദ് ബിലാല്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കണ്ടെടുത്തു. എറണാകുളത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കുമരകം ചെങ്ങളത്തുള്ള പെട്രോള്‍ പമ്പില്‍ എത്തിക്കും. തുടര്‍ന്ന് വൈകിട്ടോടെ കോട്ടയത്ത് എത്തിക്കും. കൊലപാതകം നടന്ന വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്തും. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണ് മുഹമ്മദ് ബിലാലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഷീബയുടെ ഭര്‍ത്താവ് മുഹമ്മദ് സാലി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവരുടെ അയല്‍വാസിയാണ് പ്രതി. ചെറുപ്പം മുതല്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന പ്രതി പലപ്പോഴും വീട്ടുകാരുമായി പിണങ്ങി മാറിതാമസിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇതുപോലെ പിണങ്ങി വീട്ടില്‍ നിന്നുപോയ പ്രതി ജൂണ്‍ ഒന്നിന് തിങ്കളാഴ്ച പുലര്‍ച്ചെ താഴത്തങ്ങാടിയില്‍ തിരിച്ചെത്തി. ഷീബയുടെ വീട്ടില്‍ രണ്ടു തവണ പ്രതി എത്തുന്നതും ഒരു തവണ തിരിച്ചുപോകുന്നതും സമീപത്തുള്ള വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീട് പ്രതി കാറുമായി പുറത്തേക്കു പോകുന്നതും കണ്ടിരുന്നു. പ്രതിയുടെയും കാറിന്റെയും ദൃശ്യം ചെങ്ങളത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയിലും പതിഞ്ഞിരുന്നു. ഇതോടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.

Tags
Show More

Related Articles

Back to top button
Close