KERALANEWSTop News

കൊല്ലം ജില്ലയിലെ പിന്നോട്ടടി ​ഗൗരവത്തിലെടുത്ത് സിപിഎം; പാർട്ടി കോട്ടകളിൽ വിള്ളൽ വീണത് എങ്ങനെയെന്ന് ജില്ലാ – മണ്ഡലം നേതാക്കൾ വിശദീകരിക്കേണ്ടി വരും; രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് പിന്നാലെ കൊല്ലത്തെ സിപിഎമ്മിനെ കാത്തിരിക്കുന്നത് കടുത്ത നടപടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ വലിയ സംഘടനാ പിഴവുകളുണ്ടായെന്ന് സിപിഎം സംസ്ഥാന നേതൃത്വം. പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും ഉരുക്കുകോട്ടയായ കൊല്ലത്ത് രണ്ട് മണ്ഡലങ്ങളിലാണ് മുന്നണി പരാജയപ്പെട്ടത്. കുണ്ടറയിൽ സിപിഎം നേതാവും ഫിഷറീസ് മന്ത്രിയുമായ ജെ മെഴ്സിക്കുട്ടിയമ്മയുടെ പരാജയം പാർട്ടിക്ക് കനത്ത നാണക്കേടാണ് ഉണ്ടാക്കിയത്. കഴിഞ്ഞ മന്ത്രിയഭയിലെ മന്ത്രിമാരിൽ പരാജയപ്പെട്ട ഏക മന്ത്രിയും മെഴ്സിക്കുട്ടിയമ്മയാണ്.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചുള്ള ഏകോപനമുണ്ടായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ സെക്രട്ടറിയേറ്റും സെക്രട്ടറിയും മണ്ഡലങ്ങളുടെ ചുമതല വഹിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിശദീകരണം നല്‍കേണ്ടി വരും. മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ടില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 7140 വോട്ടാണ് കുറഞ്ഞത്.

സംസ്ഥാനത്തെ എന്‍എസ്എസ് തുടക്കത്തിലേ കാണിച്ച എതിര്‍പ്പ് പ്രതിരോധിക്കാന്‍ ശ്രമം നടത്തിയില്ലെന്നും യുഡിഎഫ്-ബിജെപി അന്തര്‍ധാര രാഷ്ട്രീയ വിഷയമായി ചര്‍ച്ചയാക്കാന്‍ കഴിയാത്തതും വീഴ്ച്ചയാണെന്ന് സംസ്ഥാന നേതൃത്വം പ്രാഥമികമായി വിലയിരുത്തുന്നു. എന്നാല്‍ ഇതേവിഷയം എം സ്വരാജിന്റെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മുന്നണി വലിയ ചര്‍ച്ചയാക്കിയിരുന്നു. കഴിഞ്ഞ തവണ കൊല്ലം ജില്ലയില്‍ ആകെയുള്ള 11 ജില്ലകളിലും വിജയിച്ചെങ്കിലും ഇത്തവണ രണ്ട് സീറ്റുകള്‍ നഷ്ടമായി. ഇതിന് പുറമേ പുനലൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ചയുമുണ്ടായി.

കൊല്ലം ജില്ലയിൽ 2016 ൽ 50.6 ശതമാനമായിരുന്ന എൽ.ഡി.എഫിെൻറ വോട്ട് വിഹിതം 46.17 ശതമാനമായിട്ടാണ്​ കുറഞ്ഞത്​. യു.ഡി.എഫിെൻറ വോട്ട് വിഹിതം 33.57 ൽ നിന്ന് 39.87 ആയി ഉയർന്നു. എൻ.ഡി.എ‍യുടെ വോട്ട് വിഹിതം 13.1 ൽ നിന്ന് 12.12 ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ സാന്നിധ്യമറിയിച്ച ചെറുപാർട്ടികൾ ഇത്തവണ അപ്രസക്തമായി. മറ്റ്​ ഗണത്തിൽപെടുന്നവരുടെ വോട്ട് വിഹിതം 2.31 ൽ നിന്ന് 1.84 ശതമാനമായി കുറഞ്ഞു.

എൽ.ഡി.എഫിെൻറ വിജയത്തിനിടെ വോട്ട് വിഹിതത്തിലെ ഇടിവും ഭൂരിപക്ഷത്തിലെ കുറവും ചർച്ചയായില്ല. 2016 ൽ 11 മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയക്കൊടി പാറിച്ചപ്പോൾ കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് കൊട്ടാരക്കരയിലായിരുന്നു. 42362 വോട്ടിെൻറ ഭൂരിപക്ഷമാണ് നേടിയത്. ഇത്തവണ അത്​ 10814 ആയി കുറഞ്ഞു. 2016 ൽ 83443 വോട്ട് നേടിയത് 68770 ആയി . യു.ഡി.എഫിെൻറ വോട്ട് വിഹിതം 40811 ൽ നിന്ന്​, 57596 ആയി വർധിച്ചു. എൻ.ഡി.എക്കും മണ്ഡലത്തിൽ വോട്ട് കുറഞ്ഞു.

പുനലൂരിലാണ് എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തെ ലീഡിനെക്കാൾ കൂടുതൽ നേടാനായത്. ഇരവിപുരത്ത് കഴിഞ്ഞ ലീഡിന് അടുത്തെത്താനായി. 11 മണ്ഡലങ്ങളിൽ രണ്ടെണ്ണം നഷ്​ടപ്പെട്ട എൽ.ഡി.എഫിന്​ മൂന്നിടത്ത്​ ലീഡ് കുത്തനെ കുറഞ്ഞു.

ഇരവിപുരത്ത് എം. നൗഷാദിന്​ കഴിഞ്ഞ തവണ 65,392 വോട്ടുകൾ ലഭിച്ചത് ഇത്തവണ 71,573 ലേക്ക് ഉയർത്തി. 28,121 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ 682 വോട്ടുകളുടെ കുറവ്. യു.ഡി.എഫ് സ്ഥാനാർഥി 36589 ൽനിന്ന് വോട്ട് വിഹിതം 43452 ആയി ഉയർത്തി. എൻ.ഡി.എക്ക് 11246 വോട്ടുകളാണ് മണ്ഡലത്തിൽ കുറഞ്ഞത്.

പുനലൂരിൽ 82136 വോട്ട് 80428 ആയി കുറഞ്ഞെങ്കിലും ഭൂരിപക്ഷം ഉയർത്താൻ സി.പി.ഐയിലെ പി.എസ്. സുപാലിനായി. 33,582 ൽനിന്ന് 37,057 ആയാണ് ഭൂരിപക്ഷം ഉയർന്നത്. കഴിഞ്ഞതവണ മുസ്​ലിംലീഗിലെ എ. യൂനുസ്കുഞ്ഞ് നേടിയ 48554 വോട്ട് ഇത്തവണ 43371 ലേക്ക് കുറഞ്ഞു.

പുനലൂരിലൊഴികെ മറ്റ് മണ്ഡലങ്ങളിൽ വോട്ടുനില ഉയർത്താൻ കഴിഞ്ഞെങ്കിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. കരുനാഗപ്പള്ളിയിൽ കഴിഞ്ഞതവണ ലഭിച്ച 68,143 വോട്ടുകളിൽനിന്ന് 94,225 ലേക്ക് ഉയർന്നത് 29,208 വോട്ടുകളുടെ ഭൂരിപക്ഷം കോൺഗ്രസിലെ സി.ആർ. മഹേഷിന് സമ്മാനിച്ചു. സി.പി.ഐയുടെ 69902 വോട്ട് 65017 ആയി കുറഞ്ഞു. 2016 ൽ 1,759 വോട്ടുകൾക്കാണ് മഹേഷ് ആർ. രാമചന്ദ്രനോട് പരാജപ്പെട്ടത്. കഴിഞ്ഞതവണ കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിഅമ്മ 30,460 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് നേടിയ 79047 വോട്ട് 71882 ആയി കുറഞ്ഞതും യു.ഡി.എഫിെൻറ വോട്ട് 48587 ൽ നിന്ന് 76339 ലേക്ക് ഉയർന്നതും 4523 വോട്ടിെൻറ വിജയത്തിലേക്ക് കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനെയെത്തിച്ചു. 20257 ഉണ്ടായിരുന്ന എൻ.ഡി.എ വോട്ട് കുത്തനെ ഇടിഞ്ഞ് 6100 ൽ എത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close