INSIGHTTrending

കൊല്ല വർഷ പിറവിയിൽ കേരളകർഷകദിനം

ദീപ പ്രദീപ്‌

കൊല്ലവർഷ പിറവി ദിനമായ ചിങ്ങം1 കേരളത്തിൽ കർഷകദിനമായി ആചരിച്ചു വരുന്നു. കര്‍ഷക ദിനത്തിന്റെയും ബ്ലോക്ക്തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ഇന്ത്യയില്‍ ആദ്യമായാണ് കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക്തലത്തില്‍ സ്ഥിരം സംവിധാനം ആരംഭിക്കുന്നത്
കോര്‍പറേഷനുകള്‍ മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

കേരളത്തിൽ ചിങ്ങം ഒന്നാണ് കർഷകദിനം എങ്കിലും ഇന്ത്യയിലാകെ ഡിസംബർ 23നാണ് കർഷകദിനം. ഡിസംബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ചില രാജ്യങ്ങളിൽ കർഷകദിനം.അമേരിക്കയിൽ ഒക്ടോബർ 12 ആണ് ഔദ്യോഗിക കർഷകദിനം എങ്കിലും, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വിവിധ ദിവസങ്ങളിൽ കർഷക ദിനാചരണം നടത്തി വരുന്നുണ്ട്.
നമ്മുടെ കാർഷിക പൈതൃകം അനേകം കൊയ്ത്തു കാലങ്ങളുടെ ഗൃഹാതുരത്വം പേറുന്നവയാണ്. കാർഷികവൃത്തിയുടെ അടിത്തറതന്നെ നെൽകൃഷിയാണ്. കൃഷിയുടെ സൗന്ദര്യം കേരളം എന്ന പേരിൽ തന്നെ നിറഞ്ഞുനിൽക്കുന്നു .വിശാലതയുടെ ഉദാഹരണങ്ങളായ നെൽപ്പാടങ്ങളും വയലേലകളും അധ്വാനിച്ച് നാടിന്റെ നട്ടെല്ലായി പ്രവർത്തിച്ച കർഷകർക്കായി ഒരു ദിനം. ലോകത്ത് 500 ദശലക്ഷത്തോളം വരുന്ന ചെറുകിട നാമമാത്ര കർഷകരുടെ അധ്വാനഫലം ആയാണ് പട്ടിണി ഇല്ലാതാകുന്നത് .1800 മുതൽ ലോകത്ത് പല രാജ്യങ്ങളിലും കർഷകർക്ക് വേണ്ടി പ്രത്യേക ദിവസം തിരഞ്ഞെടുത്ത് മികച്ച കർഷകരെ ആദരിച്ചു വരുന്നുണ്ട്.

കർഷകനും കൃഷിയും ഞാറ്റുവേലയും
നെൽകൃഷിയും നാളികേരവും പ്രധാന കാർഷിക ഇനങ്ങളായ കേരളത്തിന് ഇന്ത്യയുടെ കാർഷിക സമ്പദ് വ്യവസ്ഥയിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണുള്ളത് .നമ്മുടെ സ്വന്തമായ കൃഷി അറിവുകൾ പൂർവ്വീകർ “കൃഷിഗീത “എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു. കേരളത്തിലെ കർഷകരുടെ നാട്ടറിവുകൾ രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ലോകത്ത് കാർഷിക മേഖലയിൽ കേരളത്തിന് മഹത്തായ സംഭാവനയാണ്.

വിഷു മുതൽ ആരംഭിക്കുന്നു നമ്മുടെ കാർഷിക വർഷം. ഞാറ്റുവേല കലണ്ടർ അനുസരിച്ചാണ് നാം കൃഷിചെയ്തിരുന്നത്. 27 നക്ഷത്രങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന 27 ഞാറ്റുവേലകൾ സൂര്യൻറെ സ്ഥാനത്തെ അടിസ്ഥാനമാക്കി ആണ് നിശ്ചയിക്കുന്നത് .സൂര്യൻ ഒരു നക്ഷത്രത്തിൽ നിൽക്കുന്ന കാലമാണ് ഞാറ്റുവേല. 13 ദിവസമാണ് ഒരു ഞാറ്റുവേല കാലം . ഞാറ്റുവേലക്ക് അനുസരിച്ച് വിളവും മാറുന്നു. രോഹിണി ഞാറ്റുവേലയിൽ പയർ, തിരുവാതിര ഞാറ്റുവേലയിൽ കുരുമുളക് ,അത്തത്തിൽ വാഴ എന്നിങ്ങനെയാണ് കൃഷിയിറക്കുന്നത്.ആധുനിക കാലാവസ്ഥാ പഠന ശാഖയായ മീറ്റിയൊറൊളജിയുടെ ആദ്യകാല രൂപങ്ങളാണ് ഞാറ്റുവേലകൾ എന്ന് പറയാം. മനുഷ്യന്റെ അമിതാസക്തിയും ചൂഷണവും കാലാവസ്ഥയ്ക്കും പ്രകൃതിക്കും മാറ്റം വരുത്തിയത് ഞാറ്റുവേലയുടെ കൃത്യതയും നഷ്ടപ്പെടുത്തി.

കേരളത്തിന്റെതു മാത്രമായ കാലഗണനാ രീതിയാണ് കൊല്ലവർഷം. അതുകൊണ്ട് മലയാളവർഷം എന്നറിയപ്പെടുന്നു. 825-ൽ വേണാട് രാജാവായിരുന്ന
‘ഉദയ മാർത്താണ്ഡവർമ്മ’ യാണ് ഇതാരംഭിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലെ മറ്റു കാലഗണനകൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കിയപ്പോൾ കൊല്ലവർഷം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. കൊല്ലം എന്ന സ്ഥലത്തു നിന്നാരംഭിച്ചു അതുകൊണ്ടാണ് കൊല്ലവർഷം ആയതെന്ന് പറയപ്പെടുന്നു. പണ്ട് ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നത് സപ്തർഷി വർഷമായിരുന്നു. ഈ കാലഗണനയും തദ്ദേശത്തെ മാസവിഭജനരീതികളും കൃത്യമായിരുന്നില്ല. കൊല്ലം ഒരു പ്രധാന വാണിജ്യകേന്ദ്രമായപ്പോൾ ഇവിടെയെത്തിയ വ്യാപാരികൾക്ക് ഇവിടെയുണ്ടായിരുന്ന കാലഗണനരീതിയും സപ്തർഷി വർഷവും ചേർത്ത് ഉപയോഗിക്കുന്നത് വലിയ ബുദ്ധിമുട്ടാക്കി. അതുകൊണ്ട് ഇവ രണ്ടും ചേർത്ത് പുതിയ കാലഗണനരീതിയുണ്ടാക്കി.

ഓരോ നൂറു വർഷം കൂടുമ്പോൾ വീണ്ടും ഒന്നു മുതൽ തുടങ്ങുന്ന സപ്തർഷി വർഷം ആരംഭിച്ചത് ബി.സി.ഇ.76-ലാണ്. അതിന്റെ നൂറു വീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ച സി.ഇ.825-ൽ വ്യാപാരികൾ പുതിയ സമ്പ്രദായം തുടങ്ങി.
നിരവധി സിദ്ധാന്തങ്ങളുണ്ടെങ്കിലും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഇതാണ്. ഓരോ മാസത്തിലും സൂര്യൻ അതതു രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നുള്ള അടിസ്ഥാനത്തിൽ 28 മുതൽ 32 ദിവസം വരെയുള്ള 12 മാസങ്ങളായി വർഷത്തെ തിരിച്ചിരിക്കുന്നു. ഉത്തരാർദ്ധഗോളത്തിൽ ജീവിക്കുന്ന നമ്മൾ വർഷത്തിന്റെ തുടക്കമായി കണക്കാക്കിയത് പകലിന്റെ ദൈർഘ്യം കൂടാൻ തുടങ്ങുന്ന സമരാത്രദിനത്തെയാണ്. അതായത് ‘വസന്ത വിഷുവ’മായ മേടമാസം ഒന്നിന്. എന്നാൽ ഇപ്പോൾ ചിങ്ങമാസത്തിലാണ്‌ വർഷാരംഭമായി കണക്കാക്കുന്നത്.

Tags
Show More

Related Articles

Back to top button
Close