കൊവിഡിനെതിരേ പോരാടി ജീവന് വെടിഞ്ഞ മലയാളി നഴ്സിന് ആദരവുമായി ബിബിസി

ലണ്ടന്‍: കോവിഡ് ഭീഷണി വകവയ്ക്കാതെ ഡ്യുട്ടി ചെയ്തു രക്തസാക്ഷിയായ മലയാളി നഴ്സ് അനൂജിന് ബിബിസിയുടെ ആദരം. ലണ്ടനില്‍ കോവിഡ് 19 ബാധിച്ചു മരിച്ച കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നഴ്സ് അനൂജ് കുമാ (ബിജു- 44)കുമാറിനെപ്പറ്റി ബിബിസി കഴിഞ്ഞ ദിവസം പ്രത്യേക വാര്‍ത്ത സംപ്രേഷണം ചെയ്തു. ലണ്ടനിലെ ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയില്‍ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അനൂജ് ഉള്‍പ്പെടെ കോവിഡില്‍ ജീവന് നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കഴിഞ്ഞ ദിവസം യുകെയില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു. അനൂജിന്റെ അമ്മ ജഗദമ്മ അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ്. അനൂജിന്റെ ഇളയ മകന് ഗോകുലും കൂടെയുണ്ട്. അച്ഛന് പവിത്രന് ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയില്‍ നഴ്സാണ്. സന്ധ്യയും മൂത്ത മകന് ആകുലും (14 )ലണ്ടനിലാണ്. 15 വര്‍ഷം മുന്‍പ് ലണ്ടനില്‍ എത്തിയ അനൂജ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കുടുംബസമേതം നാട്ടില്‍ എത്തിയിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.
എന്‍എച്ച്എസില്‍ നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുന്‍പാണ്. പ്രമേഹം ഉണ്ടായിരുന്നതിനാല്‍, കോവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സര്‍ക്കാര്‍ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാല്‍, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് പറയുന്നു. ബാഡ്മിന്‍ഡണ്‍ താരമായ അനൂജ് കോവിഡിനെ തോല്‍പ്പിച്ച് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചായിരുന്നു മരണവാര്‍ത്ത . അനൂജിന്റെ ഉറ്റ സുഹൃത്തും അയല്‍വാസിയുമായ ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് ആയും ജോലി ചെയ്യുന്ന ജെറി വര്‍ഗീസ് പ്രിയ കൂട്ടുകാരന്റെ കുടുംബത്തെ സഹായിക്കാന്‍ തുടങ്ങിയ ഫേസ്ബുക്ക് ഫണ്ട് റൈസിംഗ് നിമിഷ വേഗത്തിലാണ് പണം കണ്ടെത്തുന്നത്. ആകെ മുപ്പതിനായിരം പൗണ്ട് ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് ഫണ്ട് റൈസിംഗിന് മുന്നില്‍ നില്ക്കുന്ന ജെറി വര്‍ഗീസ് വ്യക്തമാക്കി.