കൊവിഡിനെ ഭയന്ന കറന്‍സി നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് കഴുകിയ കൊറിയന്‍ യുവാവിന് നഷ്ടമായത് 50,000 വോണ്‍

സിയൂള്‍: കൊവിഡിനെ പേടിച്ച് കറന്‍സി നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് കഴുകിയ ദക്ഷിണ കൊറിയന്‍ യുവാവിന് നഷ്ടപ്പെട്ടത് 50,000 വോണ്‍. രാജ്യതലസ്ഥാനമായ സോളിനടുത്തുള്ള അന്‍സാന്‍ സിറ്റിയില്‍ താമസിക്കുന്ന യുവാവാണ് തന്റെ സമ്പാദ്യം ‘കഴുകി’ നശിപ്പിച്ചത്. നശിച്ച നോട്ടുകള്‍ മാറ്റി നല്‍കണം എന്നാവശ്യപ്പെട്ട് ഇയാള്‍ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് അധികൃതര്‍ അതിനു തയ്യാറായില്ല. വളരെ വലിയ നഷ്ടമായതു കൊണ്ട് നോട്ടുകള്‍ മാറി നല്കാന് ബാങ്കിനു കഴിയില്ലെന്ന് ബാങ്ക് മാനേജര്‍ സിയോ ജീ വോണ്‍ അറിയിച്ചു. എത്ര നോട്ടുകളാണ് ഇദ്ദേഹം കഴുകാന്‍ ശ്രമിച്ചതെന്ന് അറിയില്ലെന്നും നോട്ടുകളുടെ പാതിവില ഇദ്ദേഹത്തിനു നല്കി എന്നും അവര്‍ പറഞ്ഞു. കുടുംബത്തില്‍ നടന്ന ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ നല്കിയ നോട്ടുകളായിരുന്നു ഇതെന്നും ഒരു വാര്‍ത്താ കുറിപ്പിലൂടെ അവര്‍ അറിയിച്ചു. നോട്ട് കൈമാറ്റത്തിനെത്തിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ ബാങ്ക് പുറത്തുവിട്ടിട്ടില്ല. കൊവിഡ് രോഗഭീതി ഒഴിവാക്കാന്‍ മറ്റൊരാള്‍ നോട്ടുകള്‍ മൈക്രോവേവില്‍ വച്ച് ചൂടാക്കാന്‍ ശ്രമിച്ചു എന്നും നോട്ടുകള്‍ കരിഞ്ഞു പോയെന്നും മറ്റൊരു വാര്‍ത്താ കുറിപ്പില്‍ ബാങ്ക് അറിയിച്ചു. ഇയാളുടെ നോട്ടുകള്‍ മാറ്റി നല്കാന് ബാങ്ക് തയ്യാറായി.