സിന്ദൂരി വിജയന്‍
2020 മെയ് 29
ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്നാഥ് ബഹ്റയും പോലീസ് വാടകയ്ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കുന്നു. പ്രതിമാസം ഒന്നരക്കോടി രൂപയ്ക്ക് വാടകയ്ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്ററിലാണ് ഈ യാത്ര. ലക്ഷ്യം പമ്പാ ത്രിവേണി മണല്‍ വാരല്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലം. 2018ലെ പ്രളയത്തില്‍ പമ്പാ തീരത്ത് അടിഞ്ഞുകൂടിയ എക്കലും മണ്ണും മണലും നീക്കം ചെയ്യാന്‍ എന്തിനാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും. അതും വിരമിക്കുന്നതിന്റെ തലേദിവസം ഇത്ര തിരക്കിട്ടൊരു അന്വേഷണപറക്കല്‍ എന്തിനായിരുന്നു? ഈ ചോദ്യം പ്രതിപക്ഷനേതാവ് തന്റെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചപ്പോള്‍ കേരളത്തില്‍ കോവിഡ് കാലത്തെ അടുത്ത വിവാദമായി.

ടോം ജോസിന്റെ ഹെലികോപ്റ്റര്‍ യാത്ര
മുന്‍ ചീഫ് സെക്രട്ടറിയും ഡീജിപിയും പമ്പയിലേക്ക് ഒരു കാറിലാണ് യാത്ര നടത്തിയിരുന്നതെങ്കില്‍ ഇങ്ങനെ ഒരു വിവാദം ഉണ്ടാകുമായിരുന്നോ? കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ സര്‍ക്കാരിന് ജനങ്ങള്‍ക്കിടയിലുള്ള താരപരിവേഷത്തെ എങ്ങനെയെങ്കിലും തകര്‍ക്കാന്‍ കച്ചകെട്ടിനില്‍ക്കുന്ന പ്രതിപക്ഷം എന്തുകണ്ടാലും വിവാദമാക്കാന്‍ ഒരുങ്ങിയിരിക്കുമ്പോളാണ് ഈ ഹെലികോപ്റ്റര്‍ യാത്ര.സ്പ്രിങ്ഗ്‌ളറും ബെവ്ക്യും കെട്ടടങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷം കിട്ടിയ കോപ്റ്ററിനെ വിട്ടില്ല. പറന്നിറങ്ങി പരിശോധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയ പമ്പാ ത്രിവേണി മണല്‍വാരല്‍ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന ആരോപണം ഉന്നയിച്ചു.
ആരോപണവിധേയമായ ഉത്തരവ്
2018ലെ പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാനുള്ള അനുമതി സൗജന്യമായി സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം സികെ ഗോവിന്ദന്‍ ചെയര്‍മാനായ ക്ലേ ആന്റ് സെറാമിക്സ് എന്ന പോതുമേഖലാ സ്ഥാപനത്തിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ്. സര്‍ക്കാര്‍ കണക്കനുസരിച്ച് ഒരു ലക്ഷത്തില്‍പ്പരം ടണ്‍മണലാണ് പ്രളയത്തിനുശേഷം അടിഞ്ഞുകൂടിയത്. ഇതിനുമുമ്പ് ടണ്ണിന് 1200 രൂപാനിരക്കില്‍ കരാര്‍ നല്‍കി വിറ്റിരുന്നു. എന്നാല്‍ മണ്ണിനും മണലിനും ഗുണമേന്മ കുറവാണെന്ന് ചൂണ്ടിക്കാട്ടി വില്‍പ്പന മുന്നോട്ട് പോയില്ല. ഒരല്‍പ്പം വില കുറച്ച് വീണ്ടും വില്‍പ്പന നടത്തുന്നതിന് പകരം പൂര്‍ണ്ണമായും സൗജന്യമായി കണ്ണൂരിലെ കമ്പനിക്ക് നല്‍കിയതാണ് വവാദത്തിന് കാരണമായത്. മാലിന്യം നീക്കം ചെയ്യാനെന്ന വ്യാജേന ഗുണമേന്മയുള്ള മണല്‍ വാരുകയാണെന്ന സംശയം ഇതോടെ ബലപ്പെടുന്നു. മണ്ണിനു പുറമെ കോടിക്കണക്കിന് രൂപയുടെ മണലാണ് പമ്പയിലുള്ളത് ഇതില്‍ ഏതാണ് നീക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമായി പരാമര്‍ശിക്കാത്തതും പ്രതിപക്ഷത്തിന്റെ വാദത്തെ ബലപ്പെടുത്തി.
ഉറക്കം നടിച്ച വനം വകുപ്പ് ഉണര്‍ന്നു
ടോംജോസും ഡിജിപിയും നടത്തിയ ഹെലികോപ്റ്റര്‍ യാത്ര യഥാര്‍ത്ഥത്തില്‍ എന്തിനായിരുന്നു എന്ന് പുറംലോകം അറിയുന്നത് വനം വകുപ്പിന്റെ പ്രതികരണത്തിലൂടെയാണ്. പമ്പാ ത്രിവേണിയിലെ മണല്‍ വാരലില്‍ നടന്ന ചട്ടലംഘനം ചൂണ്ടിക്കാട്ടിയ പത്തനംതിട്ട, കണ്ണൂര്‍ കലക്ടര്‍മാരെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി നടപടി എടുപ്പിക്കുകയായിരുന്നുവെന്നും സൂചന ഉണ്ടായിരുന്നു. എന്തായാലും മണല്‍ വാരല്‍ അങ്ങ് പമ്പയില്‍ തുടങ്ങിയപ്പോള്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവരുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ എതിര്‍പ്പിന് മറുപടി കൊടുക്കാനാണ് ഉടനടി ഹെലികോപ്റ്ററില്‍ മുന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും അങ്ങോട്ടും പറന്ന് വാരല്‍ വേഗത്തിലാക്കിയത്. എന്തായാലും ആ വിരട്ടലില്‍ പൂര്‍ണ്ണമായും കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന വനം വകുപ്പിന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രതിപക്ഷനേതാവിന്റെ ആരോപണം സഹായകരമായി. അങ്ങനെ വനംവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. മണല്‍ പുറത്ത് കൊണ്ടുപോകുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവിശ്യമാണെന്നും അതില്ലാത്തതിനാല്‍ ഇപ്പോള്‍ വാരുന്ന മണല്‍ വനംവകുപ്പ് നിശ്ചയിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും മന്ത്രി കെ രാജു ഉത്തരവിലൂടെ വ്യക്തമാക്കി. ഈ ഉത്തരവോടെ മണല്‍വാരലിന് പിന്നിലെ അഴിമതി സര്‍ക്കാരിനുള്ളിലെ സിപിഐ, സിപിഎം പോരിലേക്ക് വഴിതിരിക്കപ്പെട്ടു. മണല്‍ നീക്കുന്നത് തടയാന്‍ വനം വകുപ്പിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറയുന്ന പറച്ചില്‍ മാത്രമല്ല, വനത്തിന് അരികിലുള്ളതും വനത്തിലൂടെ പോകുന്നതുമെല്ലാം വനമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ് പ്രശ്നമെന്ന് പരിഹസിച്ചു. പ്രളയത്തില്‍ അടിഞ്ഞുകൂടിയ ചെളിയും എക്കലും ദുരന്ത പ്രതികരണനിയമത്തിന്റെ അടിസ്ഥാനത്തില്‍ നീക്കാമെന്നും അതിന് ആരുടെയും അനുമതി ആവിശ്യമില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
പ്രളയത്തെ നേരിടാന്‍ മണല്‍ വാരേണ്ടതിന്റെ ആവിശ്യമുണ്ടോ?
പമ്പയിലെ മണല്‍ വാരല്‍ വളരെയധികം പ്രാധാന്യത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ട ഒന്നുതന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയത്തില്‍ വന്‍തോതില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ പമ്പാ, തണ്ണീര്‍മുക്കം, തോട്ടപ്പള്ളി എന്നിവിടങ്ങള്‍ അടിയന്തരമായി വൃത്തിയാക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തവണ കനത്തമഴ പെയ്താല്‍ വീണ്ടും ദുരന്ത സാധ്യതയുണ്ടെന്ന് കലക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പമ്പയുള്‍പ്പെടെ കേരളത്തിലെ 14 പുഴകളില്‍ പ്രളയത്തില്‍ അടിഞ്ഞമണല്‍ നീക്കണമെന്ന് വ്യക്തമാക്കി മണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പമ്പാ-ത്രിവേണിയിലെ മണല്‍ നീക്കേണ്ടത് അത്യാവിശ്യമാണെന്ന സര്‍ക്കാര്‍ വാദം നമ്മുക്ക് അംഗീകരിക്കാം. എന്നാല്‍ നീക്കം ചെയ്യുന്ന മണല്‍ വനത്തില്‍ നിന്നും പുറത്ത് കൊണ്ടുവരണമെങ്കില്‍ അതിന് അതിന്റേതായ ചില നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
എന്താണ് ആ നടപടികള്‍
1. വനസംരക്ഷണനിയമ പ്രകാരമുള്ള സ്റ്റാന്‍ഡ് ഓഡിറ്റിങ്ങ് നടത്തിയിരിക്കണം
2.സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍ കൂടിയായ റെവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഫോറസ്റ്റ് സെക്രട്ടറിയും നേരിട്ടെത്തി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കണം
3. വനത്തില്‍ നിന്നും മണല്‍പുറത്തുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടണം
ഇതൊന്നും നടത്താതെയാണ് ദുരന്തപ്രതികരണനിയമത്തിന്റെ അടിസ്ഥാനത്തില്‍ പമ്പാ-ത്രിവേണിയിലെ മണല്‍ കേരളസര്‍ക്കാര്‍ വില്‍പ്പന നടത്തിയത്.
പമ്പാ ത്രിവേണിയില്‍ അടിഞ്ഞ എക്കലിലെ നിധി
2018ലെ പ്രളയത്തില്‍ പമ്പാ-ത്രിവേണിയില്‍ മാത്രമായി അടിഞ്ഞുകൂടിയത് 2777 ഘനമീറ്റര്‍ മണല്‍ ശേഖരമാണ്.ഇതില്‍ നിന്നും നല്ലൊരു ഭാഗം കഴിഞ്ഞ വര്‍ഷം സംഭവിച്ച വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടു. 1,29,000 ക്യൂബിക് മീറ്റര്‍ കെട്ടിടാവശിഷ്ടങ്ങള്‍, മണല്‍, കളിമണ്ണ്, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ എന്നിവയാണ് പമ്പയില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. ഇതിനുള്ളിലെ മണല്‍ശേഖരത്തെ കണ്ണുവച്ച് തന്നെയാണ് ക്ലെ& സെറാമിക്സ് ചെളിവാരാന്‍ എത്തിയത് എന്നതിന്റെ പ്രധാനപ്പെട്ട തെളിവാണ്, വനംവകുപ്പ് ഇടപെട്ടതിന്റെ പിന്നാലെ മണല്‍ കൊണ്ടുപോകാന്‍ അനുമതിയില്ലെങ്കില്‍ വാരാന്‍ ഞങ്ങളില്ലായെന്നു പറഞ്ഞ് അവര്‍ പിന്‍മാറിയത്.
സൗജന്യമായി എക്കല്‍ നീക്കാനെത്തിയ പൊതുമേഖലാസ്ഥാപനം എന്തുകൊണ്ട് പിന്‍മാറി
ഉത്തരം ഒന്നു മാത്രം, മണല്‍ കടത്തി ലാഭം കൊയ്യുക എന്നതുതന്നെയായിരുന്നു ലക്ഷ്യം. ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. ഒരുപൊതുമേഖലാസ്ഥാപനത്തിന് ഇതില്‍ എന്ത് ലാഭം? അവിടെയാണ് ക്ലെ ആന്റ് സെറാമക്സിന്റെ സബ്കോട്രാക്ട് എടുത്ത സ്വകാര്യ കമ്പനിയുടെ പേര് ഉയര്‍ന്നുവന്നത്.കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷന്‍.ഇവിടെ നിന്നുമാണ് പമ്പാ ത്രിവേണി മണല്‍ വാരലിലെ അഴിമതിയുടെ ആരംഭം.