കൊവിഡ് മഹാമാരിയില്‍ യുകെയിലെ രാഷ്ട്രീയ നേതൃത്വം മറുപടി പറയേണ്ടിവരും; മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: മഹാമാരി മൂലം വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ വേണ്ട മുന്‍കരുതലെടുക്കാതെ ഉദാസീനത കാണിച്ചതിന്റെ ഫലമാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന ക്യാബിനറ്റ് ഓഫീസ് ബ്രീഫിംഗ് ചോര്‍ന്നതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. നാഷണല്‍ സെക്യൂരിറ്റി റിസ്ക് അസെസ്മെന്റ് (എന്എസ്ആര്എ) 2019-ല്‍ നടത്തിയ പ്രവചനം അനുസരിച്ചാണ് ഇത്തരമൊരു മഹാമാരി നേരിടേണ്ടി വന്നാല്‍ ആയിരക്കണക്കിന് മരണങ്ങളും, കടുത്ത സാമ്പത്തിക നഷ്ടവും, പൊതുസേവനങ്ങള്‍ താറുമാറാകാനും കാരണമാകുമെന്ന് വ്യക്തമാക്കിയത്. 600 പേജ് വരുന്ന റിപ്പോര്‍ട്ട് ഗാര്ഡിയന് പത്രമാണ് പുറത്തുവിട്ടത്.
മഹാമാരി പ്രതിസന്ധിക്ക് മുന്‍പ് തന്നെ പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് ശേഖരിക്കാനും, വിദേശത്ത് കുടുങ്ങുന്ന ബ്രിട്ടീഷുകാരെ രക്ഷപ്പെടുത്താനുമുള്ള പദ്ധതികള്‍ തയ്യാറാക്കാനാണ് എന്എസ്ആര്എ നിര്‍ദ്ദേശിച്ചത്. വന്‍തോതിലുള്ള കോണ്ടാക്ട് ട്രേസിംഗിന് ആവശ്യമായ സൗകര്യങ്ങള്‍ തയ്യാറാക്കി വെയ്ക്കാന്‍ സര്‍ക്കാരിന് ഉപദേശം ലഭിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. രാജ്യത്തെ കൊറോണ ടെസ്റ്റിംഗിന് വേഗത പോരെന്ന വിമര്‍ശനം ശക്തമാകുന്നതിന് ഇടയിലാണ് ഈ റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ വില പുറത്തുവരുന്നത്.
ഇതോടെ ദീര്‍ഘകാല പ്ലാനിംഗ് ഇല്ലാത്തത് മൂലം ആരോഗ്യ അടിയന്തരാവസ്ഥയില്‍ സര്‍ക്കാര്‍ എത്തിപ്പെടുകയായിരുന്നുവെന്ന ആരോപണങ്ങളാണ് ശക്തിയാര്‍ജ്ജിക്കുന്നത്. മഹാമാരിയെ നേരിടാന്‍ ശക്തമായ പദ്ധതികള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ച ചീഫ് സയന്റിഫിക് ഓഫീസര്‍ സര് പാട്രിക് വാല്ലസ് സമ്മതിച്ചിരുന്നു. കൊവിഡ്-19 മഹാമാരിയില്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത് ഇദ്ദേഹമാണ്. അത്ര ശക്തമല്ലാത്ത പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചാല്‍ 65,600 മരണങ്ങളും, യുകെയ്ക്ക് 2. 35 ട്രില്ല്യണ്‍ പൗണ്ട് നഷ്ടവും സംഭവിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കിയത്. അത് അക്ഷരം പ്രതി ശരിയാവുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ തെരേസ മേയുടെ ഭരണത്തിന് കീഴിലെ മന്ത്രിമാര്ക്കാകാം ഈ റിപ്പോര്‍ട്ട് കൈമാറിയതെന്നു കരുതുന്നുള് ഈ റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കാത്തതിന്റെ കാരണം എന്തെന്ന് മന്ത്രിമാര്‍ വിശദീകരിക്കണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.