
ന്യൂഡല്‍ഹി: ലോകജനത കോവിഡ് മഹാമാരിയോട് പടപൊരുതാന്‍ തുടങ്ങിയിട്ട് ആറുമാസമാകുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. അന്നു മുതല്‍ കൊറോണ വൈറസ് മനുഷ്യനില്‍ അതിന്റെ സര്‍വ്വ ശക്തിയുമെടുത്ത് അക്രമണം ആരംഭിച്ചു. അതിന്റെ പ്രഹരണ ശേഷിയില്‍ പത്തു ദശലക്ഷം ആളുകളുടെ ജീവനു തന്നെ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. രോഗബാധിതരില്‍ പകുതിയിലേറെ പേര് അതിജീവിച്ച് കരകയറിയപ്പോഴും അഞ്ചര ലക്ഷം രോഗികള്‍ മരണത്തിനു കീഴടങ്ങി. ഏഴു ലക്ഷത്തിലധികം രോഗികളുള്ള യുഎസിനും ബ്രസീലിനും ശേഷം ഇന്ത്യയിപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഏറ്റവും ഭയാനകമായ കാര്യം ഏറെ വികസിച്ച നമ്മുടെ വൈദ്യശാസ്ത്രത്തിനും ഇതുവരെ കോവിഡിനെ തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്.
പ്രമുഖ സയന്‍സ് ജേണലായ നേച്ചര്‍ ഇതിനെക്കുറിച്ചു പുതിയ പ്രബന്ധത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തിയാല്‍ മാത്രമേ ഇതിനു പരിഹാരമുണ്ടാകു എന്നാണ് പറയുന്നത്. വൈറസ് കോശങ്ങളിലേക്ക് എങ്ങനെ പ്രവേശിക്കുന്നു, അത് ശരീരത്തെ അക്രമിക്കുന്നു, രോഗമുക്തമായ ആളുകള്‍ അതിനെ എങ്ങനെ നേരിടുന്നു, രോഗത്തിനു കീഴടങ്ങി ആളുകള്‍ എങ്ങനെ മരിക്കുന്നു, എന്ന് കണ്ടെത്താന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. രോഗികളായവര്‍ക്ക് ഗുണം ചെയ്യുന്ന മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്, കൂടാതെ കൂടുതല്‍ സാധ്യതയുള്ള ചികിത്സകളും കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. 200 ഓളം വാക്സിനുകള്‍ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടുണ്ട് – അതില്‍ മികച്ചത് വര്‍ഷാവസാനത്തോടെ ഫലപ്രദമാകുമെന്നാണ് ജേര്‍ണലില്‍ പറയുന്നത്.
എന്നിരുന്നാലും, രോഗവുമായി ബന്ധപ്പെട്ട് ഗവേഷകര്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളെക്കുറിച്ച് ജേണലില്‍ പരാമര്‍ശിക്കുന്നു.
കോവിഡ് രോഗബാധിതരായവരില്‍ കൊറോണ വൈറസ് വ്യത്യസ്ഥ രീതികളിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് കുട്ടികള്‍, പ്രായമായവര്‍, മറ്റസുഖമുള്ളവര്‍ തുടങ്ങിയവരുടെ ഇടയില്‍ അസുഖം വ്യത്യസ്ഥ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്തുകൊണ്ടാണ് ഒരേ വൈറസിനു വ്യത്യസ്ഥ ശരീര പ്രകൃതികളില്‍ വ്യത്യസ്ഥ സ്വഭാവം വരുന്നത് എന്ന കാര്യം ശാസ്ത്ര ലോകത്തെ കുഴയ്ക്കുന്നുണ്ട്.
കൊറോണ വൈറസ് ബാധിച്ച ഒരാളുടെ പ്രതിരോധശേഷിയേക്കുറിച്ചും അത് എത്രത്തോളം നീണ്ടുനില്‍ക്കുമെന്നും നിര്‍ണയിക്കാന്‍ വിദഗ്ധര്‍ ശ്രമിക്കുന്നുന്നുണ്ട്. സാധാരണ ഗതിയില്‍ വൈറസിനെതിരെയുള്ള ആന്റി ബോഡികള്‍ ശരീരത്തിലെത്തുമ്പോള്‍ വൈറസിന്റെ പ്രവര്‍ത്തന ശേഷി കുറയുകയാണ് ചെയയ്യുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ ആന്റി ബോഡികള്‍ക്ക് വൈറസിന്റെ ശേഷിയെ കുറയ്ക്കാന്‍ സാധിക്കുന്നില്ല. ഇതും എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് ശാസ്ത്ര ലോകത്തിനു ഉത്തരം കിട്ടാത്ത ചോദ്യമാണ്.
വൈറസിനു സംഭവിക്കുന്ന ജനിതകമാറ്റമാണ് മറ്റൊരു കാരണം. കഴിഞ്ഞ വര്‍ഷം ചൈനയില്‍ രൂപംകൊണ്ടതിനുശേഷം വൈറസ് ഭൂഖണ്ഡത്തിലുടനീളം സഞ്ചരിക്കുമ്പോഴും വ്യത്യസ്ഥ രൂപാന്തരങ്ങളായി മാറുന്നുണ്ട്. ഈ മാറ്റം വൈറസിനുളള കൃത്യമായ മരുന്നു കണ്ടെത്തുന്നതിനു തടസം സൃഷ്ടിക്കുന്ന കാര്യമാണ്. സ്വാഭാവിക പ്രതിരോധ ശേഷിയുള്ള ആളുകളില്‍ വൈറസ് തനിയെ ഇല്ലാതാവുന്നുണ്ട്. എങ്കിലും രോഗമുള്ളവരിലും കുട്ടികളിലും പ്രായാധിക്യമുള്ളവരിലും ഇതുണ്ടാവുന്നില്ല. ഇനി ഒരു വാക്സിന് ഉണ്ടായാലും അത് എത്രമാത്രം ഫലവത്താകുമെന്ന കാര്യത്തിലും ശാസ്ത്ര വിദഗ്ധര്‍ക്കു സംശയമുണ്ട്.
ഇതിലെല്ലാം ഏറ്റവും ഭയാനകമായ കാര്യം വൈറസിന്റെ ഉറവിടത്തെ കണ്ടെത്താന്‍ ശാസ്ത്രലോകത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതു തന്നെയാണ്. വവ്വാലുകള്‍, എലികള്‍ തുടങ്ങി ഈനാംപേച്ചി വരെ സംശയത്തിന്റെ നിഴലിലാണ്. എങ്കിലും കൃത്യമായ ഉറവിടം ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. വളരെ വൈകാതെ തന്നെ കോവിഡിനെതിരെ പൊരുതാന്‍ ലോകം സജ്ജമാകുമെന്നും അതിനുള്ള വഴി ശാസ്ത്ര വിദഗ്ധര്‍ കണ്ടെത്തുമെന്നും പ്രത്യാശിക്കാം.