KERALANEWS

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലുവ, കീഴ്മാട്, കടുങ്ങല്ലൂര്‍, എടത്തല, ആലങ്ങാട്, കരുമാലൂര്‍ ചെങ്ങമനാട്, ചൂര്‍ണിക്കര എന്നിവിടങ്ങളില്‍ നാളെ മുതല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലുവ, കീഴ്മാട്, കടുങ്ങല്ലൂര്‍, എടത്തല, ആലങ്ങാട്, കരുമാലൂര്‍ ചെങ്ങമനാട്, ചൂര്‍ണിക്കര എന്നിവിടങ്ങളില്‍ നാളെ മുതല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ഈ സ്ഥലങ്ങളെ ഒറ്റ ക്ലസ്റ്റര്‍ ആയി കാണും . ആലുവ മേഖലയെ ചെല്ലാനത്തേക്കാള്‍ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു.

കര്‍ഫ്യു ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങള്‍ക്കുള്ള കടകള്‍ തുറക്കാം. പോലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകള്‍ നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ എല്ലാം അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പെരുമ്പാവൂര്‍ പെഴക്കാപ്പള്ളി മത്സ്യ മാര്‍ക്കറ്റ് അടക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആലുവയിലും പരിസരപ്രദേശങ്ങളിലും ഗുരുതരമായ സ്ഥിതി എന്നാണ് മെഡിക്കല്‍ ടീം അറിയിക്കുന്നത് . ആലുവയില്‍ നിലവില്‍ സമൂഹ വ്യാപന ഭീഷണിയില്ല. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ചെല്ലാനം മേഖലയില്‍ 224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെല്ലാനത്ത് സ്രവ പരിശോധന അവിടെ തന്നെ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തി. എല്ലാ വീടുകളിലും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ബ്ലീച്ചിങ് പൌഡര്‍ വിതരണം നടക്കുന്നുണ്ട്. ഇന്ന് മുതല്‍ ചെല്ലാനത്ത് സമൂഹ അടുക്കള തുറന്നു.

കൊച്ചി നഗരസഭയുടെ നാലാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കും. വയോജനങ്ങള്‍ താമസിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കൊവിഡ് രോ?ഗികള്‍ക്കായി 10000 കിടക്കകള്‍ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. 3752 കിടക്കകള്‍ സജ്ജീകരിച്ചു. സ്വകാര്യ ആശുപത്രികളില്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കൊവിഡ് സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയില്‍ ആകുന്നവരെ മെഡിക്കല്‍ കോളേജിലേക്ക് സ്വകാര്യ ആശുപത്രികള്‍ വിടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ വിനിയോഗിച്ച് ചികിത്സ നടത്തണം.

ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 800 കൊവിഡ് ടെസ്റ്റുകള്‍ ദിവസേന നടക്കുന്നു. 2400 ഓളം ടെസ്റ്റ് സ്വകാര്യ ലാബുകളിലും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു

Tags
Show More

Related Articles

Back to top button
Close