പത്തനംതിട്ട : കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ശബരിമലയില്‍ ഇത്തവണ വിഷു ദര്‍ശനം ഉണ്ടാകില്ല. കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി വിഷുവിന് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനംള വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ നിലവില്‍ ബാങ്കുകളില്‍ അവര്‍ നേരിട്ടുപോയാണ് കൈപ്പറ്റിവരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 2020 ഏപ്രില്‍ മാസം മുതലുള്ള, വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ അവരവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് എ.ടി.എം. വഴി എടുക്കാനുള്ള സൗകര്യം ഒരുക്കാന്‍ ധനലക്ഷ്മി ബാങ്ക് അധികൃതരോട് ആവശ്യപ്പെടാനും ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു അറിയിച്ചു.
ലോക്ക്ഡൗണ്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തികാടിത്തറയെ പിടിച്ചുലച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബോര്‍ഡിനെ സഹായിക്കേണ്ടത് ജീവനക്കാരുടെ ബാധ്യതയാണ്. അതിനാല്‍ ബോര്‍ഡിലെ ദിവസവേതനക്കാരൊഴികെയുള്ള മുഴുവന്‍ ജീവനക്കാരും അവരുടെ ഒരു മാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ടെമ്പിള്‍ റിനവേഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ഥിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. ഈ തുക ഒന്നായോ ആറില്‍ കൂടാത്ത തവണകളായോ ജീവനക്കാര്‍ക്ക് നല്‍കാവുന്നതാണെന്നും തീരുമാനമായതായി അഡ്വ.എന്‍.വാസു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.