Breaking NewsNEWSTop NewsWORLD

കോം​ഗോയിലെ അ​ഗ്നിപർവത സ്ഫോടനത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 20 ആയി; ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത് രക്ഷപെടാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ട്

ഗോമ: കിഴക്കൻ കോംഗോയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 20 ആയി. ശനിയാഴ്ച രാത്രിയാണ് നൈരാഗോംഗോ അ​ഗ്നിപർവതം പൊട്ടിത്തെറിച്ചത്. ബുഗാംബയിൽ മാത്രം 10 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗോമയിലെ ജനങ്ങളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചുപേർ ട്രക്ക് അപകടത്തിൽ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. അഞ്ഞൂറിലധികം വീടുകളാണ് ലാവ ഒഴുകിയെത്തി മൂടിക്കളഞ്ഞത്. ഗോമ നഗരത്തിലേക്ക് ലാവ പ്രവഹിച്ചതോടെ ഇവിടെ നിന്ന് ആയിരങ്ങള്‍ പ്രാണരക്ഷാര്‍ഥം പലായനം ചെയ്യുകയായിരുന്നു. കോംഗോയിലെ പ്രധാനപ്പെട്ട നഗരമാണ് ഗോമ. ഇവിടെ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്.

റുവാണ്ട അതിര്‍ത്തി പ്രദേശത്തെ നഗരമാണ് ഗോമ. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ഒഴുകിയെത്തിയ ലാവ നഗരത്തിന്റെ ഒരു ഭാഗത്തെ വിഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്തത്. എണ്ണായിരം പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍ വ്യക്തമാക്കി. അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായതോടെ ഗോമ നഗരത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകുകയും കൈയ്യില്‍കിട്ടിയതൊക്കെ എടുത്ത് രാത്രിയോടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്തു. നിരവധി പേര്‍ വീടിനു പുറത്താണ് രാത്രി ചെലവഴിച്ചത്. ലാവ ഒഴുകിവന്ന് വീടുകളെയും കെട്ടിടങ്ങളെയും മൂടിയതോടെയാണ് ആയിരക്കണക്കിനു പേര്‍ വഴിയാധാരമായത്.

വീടുകള്‍ നഷ്ടപ്പെട്ടതോടെ ജനങ്ങള്‍ കാല്‍നടയായി റുവാണ്ട അതിര്‍ത്തിയിലേക്ക് നീങ്ങുകയായിരുന്നു. അതിര്‍ത്തി അടച്ചിരുന്നതിനാല്‍ ജനങ്ങള്‍ക്ക് റുവാണ്ടയിലേക്ക് പ്രവേശിക്കാനായില്ലെന്നും ഇവര്‍ തിരിച്ചെത്തി ഗോമ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് തമ്പടിച്ചതായും കോംഗോ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗോമയിലെ വിമാനത്താവളത്ത് അടുത്തുവരെ ലാവാ പ്രവാഹം എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വിമാനത്താവളത്തിന് കേടുപാടുകളില്ല. താരതമ്യേന കുറഞ്ഞ ലാവാ പ്രവാഹം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഞായറാഴ്ചയോടെ ലാവാ പ്രവാഹത്തിന്റെ ശക്തി കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. 2002ല്‍ ഈ അഗ്നപര്‍വ്വതം പൊട്ടിത്തെറിച്ച് 250 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ജനങ്ങള്‍ അഭയാര്‍ഥികളാകുകയും ചെയ്തിരുന്നു.

അയ്യായിരത്തോളം പേർ ഗോമാ നഗരത്തിൽനിന്ന് അതിർത്തി കടന്ന് റുവാൺഡയിലേക്ക് പലായനം ചെയ്തു. 25,000 പേർ സാകിലെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അഭയം തേടി. തിരക്കിനിടയിൽ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി യുനിസെഫ് ട്രാൻസിറ്റ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുമുമ്പ് 2002-ലാണ് അവസാനമായി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. യു.എൻ. സമാധാനദൗത്യത്തിന്റെ ഭാഗമായി കോംഗോയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സേനയും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close