KERALANEWS

കോടികള്‍ വിലമതിക്കുന്ന പുരാവസ്തുക്കള്‍ മോഷണം നടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

തൊടുപുഴ : ജലസേചന വകുപ്പില്‍ നിന്നു വിരമിച്ച പെരിങ്ങാശേരി ഉപ്പുകുന്ന് അറയ്ക്കല്‍ ജോണ്‍സന് വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷണം നടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. സിപിഎം പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി കരിമണ്ണൂര്‍ പന്നൂര്‍ തെറ്റാമലയില്‍ വിഷ്ണു ബാബു (22), പന്നൂര്‍ സ്വദേശികളും വിഷ്ണു ബാബുവിന്റെ കൂട്ടാളികളുമായ തച്ചാമഠത്തില്‍ പ്രശാന്ത്(24), പാറയ്ക്കല്‍ രാകേഷ് (കണ്ണന്‍-30), തച്ചാമഠത്തില്‍ സുധി(28), കാവാട്ടുകുന്നേല്‍ സനീഷ് (19) എന്നിവരെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസില്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടി നേതാവ് ഉള്‍പ്പെട്ടതിനാല്‍ നടപടി വൈകിപ്പിച്ചതായി ആരോപണമുണ്ട്. തുടര്‍ന്ന് ജോണ്‍സണ്‍ ഇക്കാര്യം പരിചയക്കാരനായ പത്തനംതിട്ട എസ്പി കെ.ജി. സൈമനെ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച സൂചനകളാണ് പ്രതികളെ കുടുക്കുന്നതിന് പൊലീസിനു സഹായകമായത്. മോഷണ മുതലുകള്‍ മാറ്റുന്നതിനായി 2 കാറുകള്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.ഈ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കരിമണ്ണൂരിലെ ബവ്‌റിജസ് ഔട്ട്ലെറ്റിന്റെ വാച്ചറായി ജോലി ചെയ്തു വരികയാണ് വിഷ്ണു. സിപിഎം കരിമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കരിമണ്ണൂര്‍ മേഖല സെക്രട്ടറി, എസ്എഫ്‌ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.അറസ്റ്റിലാകുന്നതിനു തലേദിവസം വിഷ്ണുവിനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ജോണ്‍സന്‍ 5 വയസ്സ് മുതല്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളില്‍ നിന്ന് 15 ഇനം വസ്തുക്കള്‍ നഷ്ടപ്പെട്ടതായാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
പഴയ കാലത്തെ, 10 എച്ച്പിയുടെ മോട്ടറുകള്‍, വാല്‍വ് റേഡിയോകള്‍, ഗ്രാമ ഫോണുകള്‍, പരമ്പരാഗതമായി കൈമാറിക്കിട്ടിയ വീട്ടുപകരണങ്ങള്‍, നടരാജ വിഗ്രഹം എന്നിവ നഷ്ടപ്പെട്ടതായി പൊലീസിന് പരാതി നല്‍കിയിരുന്നു. പുരാവസ്തുക്കള്‍ മോഷ്ടിച്ച് വില്‍പന നടത്തി വന്‍ തുക സ്വന്തമാക്കാം എന്ന ചിന്തയോടെയാണ് പ്രതികള്‍ മോഷണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.കഴിഞ്ഞ മാസം 19ന് പകല്‍ ജോണ്‍സന്റെ വീടിന്റെ പരിസരം വീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്. രാത്രി 12ന് ജോണ്‍സന്റെ വീടിനു സമീപം 2 കാറുകളിലും ബൈക്കിലുമായി എത്തിയ പ്രതികള്‍ വിലപിടിപ്പുള്ള പതിനഞ്ചോളം പുരാവസ്തുക്കളാണ് മോഷ്ടിച്ചു കടത്തിയത്. പ്രതികള്‍ മോഷ്ടിച്ച പുരാവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. ജോണ്‍സണിന്റെ വീടിനു അല്‍പം അകലെയുള്ള പഴയ വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close