KERALANEWS

കോടിയേരിയുടേത് മുഖം നഷ്ടമായ നേതാവിന്റെ വിലാപം:മുല്ലപ്പള്ളി

തിരുവനന്തപുരം : മുഖം നഷ്ടപ്പെട്ട നേതാവിന്റെ വിലാപമായി സി.പി.എം പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനകളെ കണ്ടാല്‍ മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി. മുങ്ങിത്താഴുന്ന കപ്പലിലെ കപ്പിത്താനാണ് കോടിയേരി.വര്‍ഗീയതയെ കൂട്ടുപിടിച്ച് മുഖം രക്ഷിക്കാനാണ് സി.പി.എം ശ്രമം.മതേതരത്വത്തെ കുറിച്ച് സംസാരിക്കാന്‍ സി.പി.എമ്മിന് യോഗ്യതയില്ല.തരാതരം വര്‍ഗീയതയെ പുണരുന്ന പാര്‍ട്ടിയാണ് സി.പി.എം.എന്റെ സ്വന്തം പഞ്ചായത്തായ അഴിയൂരില്‍ സി.പി.എം അധികാരം നിലനിര്‍ത്തുന്നത് എസ്.ഡി.പി.ഐയുടെ പിന്തുണയിലാണ്. അല്ലെന്ന് പറയാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയുമോ?.സി.പി.എമ്മിന് എപ്പോള്‍ തുടങ്ങിയതാണ് ജമാത്ത് ഇസ്ലാമിയോടുള്ള വിരോധമെന്നും മുല്ലപ്പള്ളി ചോദിച്ചു. വികസന നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലേത്. മാഫിയാ സംഘങ്ങളാണ് സര്‍ക്കാരിനേയും സി.പി.എം നേതൃത്വത്തേയും നയിക്കുന്നത്.കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും അപ്പോസ്തലന്‍മാരായി സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും മാറി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച് പരസ്യസംവാദത്തിന് പാര്‍ട്ടി സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

അണികള്‍ ജീവന്‍കൊടുത്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ആറടി മണ്ണില്‍ കുഴിച്ച് മൂടാനാണ് പാര്‍ട്ടി സെക്രട്ടറിയുടേയും കുടുംബത്തിന്റേയും ശ്രമം.പുത്രസ്നേഹത്താല്‍ പാര്‍ട്ടി സെക്രട്ടറി ബധിരനും അന്ധനും മൂകനുമായി മാറി. പാര്‍ട്ടി സെക്രട്ടറിയുടെ മകന് വിവിധ ജില്ലകളില്‍ കണക്കില്‍പ്പെടാത്ത സ്വത്ത് വകകളുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ക്ക് അപമാനമാണ്. ശ്യൂനതയില്‍ നിന്നും പൊതുജീവതം ആരംഭിച്ച പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഇന്ന് സമ്പന്നതയുടെ നടുവിലാണ് ജീവിതം നയിക്കുന്നത്.കേന്ദ്ര ഏജന്‍സികളുടെ വരവ് പലരുടേയും നെഞ്ചിടിപ്പ് കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കോടിയേരി ബാലകൃഷ്ണനെ ഉദ്ദേശിച്ചായിരുന്നോയെന്നും മുല്ലപ്പള്ളി ചോദിച്ചു. ഗീബെല്‍സിനെപ്പോലെ കള്ളം പറയല്‍ കലയാക്കിയ പാര്‍ട്ടിയാണ് സി.പി.എം.നുണ പ്രചരിപ്പിക്കുന്നതില്‍ സി.പി.പി.എമ്മിന്റെ വൈദഗ്ധ്യം ശ്രദ്ധേയമാണ്.ഇത് കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.തീവ്രഹിന്ദുത്വത്തിന് സഹായകരമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.എം.ജനസംഘവുമായി 1977 ല്‍ സി.പി.എം പരസ്യമായ സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. അന്ന് പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ടി.ശിവദാസമേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍.കെ.അദ്വാനിയും തര്‍ജ്ജമ നടത്തിയത് ഒ.രാജഗോപാലുമാണ്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂത്തുപറമ്പില്‍ ജനസംഘവുമായി ചേര്‍ന്ന് മത്സരിച്ചിട്ട് നേരിയ വോട്ടുകള്‍ക്കാണ് വിജയിച്ചത്.ജനസംഘം സ്ഥാനാര്‍ത്ഥി കെ.ജി.മാരാര്‍ക്കു വേണ്ടി ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.ഈ ചരിത്രം വിസ്മരിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ ഓരോന്ന് വിളിച്ച് പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലൈഫ് മിഷന്‍ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമച്ചതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.അതിന്റെ ഭാഗമാണ് വിജിലന്‍സിനെ ഉപയോഗിച്ച് ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ നിന്നും കടത്തിയത്.സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുമെന്ന് സര്‍ക്കാരും സി.പി.എമ്മും ഭയപ്പെടുന്നു. ഒരു കേസില്‍ രണ്ട് എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്.സി.ബി.ഐ അന്വേഷണത്തിന് പിന്നാലെ വിജിലന്‍സിന്റെ പല നടപടികളിലും ദുരൂഹതയുണ്ട്. ഇതിന് പുറമെയാണ് ലൈഫ് മിഷന്‍ സിഇഒ യുവി ജോസിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ അധിക ചുമതല നല്‍കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close