അരുണ്‍ ലക്ഷ്മണ്‍
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പു പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുമെന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുപ്രചാരണച്ചുമതലയിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരണം എന്നതിന്റെ സൂചനയാണോ? അസന്നമായ പൊതു തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമായേക്കും എന്നതിന്റെ സൂചനയാണ് ഘടകകക്ഷിയായ ലീഗിന്റെ നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
നാളിതുവരെ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ.എം.മാണി എന്നിവരായിരുന്നു മുന്നണിയുടെ മുന്നണിപ്പോരാളികള്‍ എന്നത് രഹസ്യമല്ലാത്ത പരമാര്‍ത്ഥം. പാര്‍ലമെന്റംഗമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നിന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രാദേശികരാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് യുഡിഎഫില്‍ ഉണ്ടാവാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്നു വിശ്വസിക്കുന്നവരാണധികം. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും ഇത്തരമൊരു നിര്‍ദ്ദേശം വന്നാല്‍ വിയോജിപ്പിനു സാധ്യതയില്ലെന്നതും ഇത്തരമൊരു സാധ്യതയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നു.
ഉമ്മന്‍ ചാണ്ടിയെപ്പോലൊരു സമുന്നതനും സമ്മതനും തന്നെയാവണം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് പാര്‍ട്ടിയില്‍ സ്വാധീനമുള്ള എ ഗ്രൂപ്പിന്റെ വാദം. എന്നാല്‍ പ്രതിപക്ഷ നേതാവായിരിക്കണം അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന പക്ഷത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ പ്രബലരായ ഐ ഗ്രൂപ്പു തയാറാവാനിടയില്ല. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയുടെ പ്രകടനം ഇക്കുറി കോണ്‍ഗ്രസിന് വളരെ വലിയ മൈലേജ് തന്നെ നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിക്കും രമേശിനുമായി രണ്ടു രണ്ടു വര്‍ഷം പങ്കുവയ്ക്കുക എന്ന സാധ്യതയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുന്നില്‍ വന്നേക്കാം. ഇത് ഇരുകൂട്ടരും അംഗീകരിക്കാതിരിക്കുകയാണെങ്കില്‍ മഹാരാഷ്ട്രയിലേതിനു സമാനമായ അനിശ്ചിതത്വം ഉണ്ടാവുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.