KERALANEWS

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ബലപ്പെടുമ്പോള്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് ആര്

കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് കനക്കുന്ന പശ്ചാത്തലത്തില്‍ കെ.സുധാകരന്‍ എംപി കടുത്ത തീരുമാനങ്ങളെടുത്തേക്കുമെന്ന് സൂചന.കൊവിഡ് ചികിത്സ കഴിഞ്ഞുള്ള വിശ്രമത്തിനൊടുവില്‍ സുധാകരന്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പാര്‍ട്ടി പുനഃസംഘടനാ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ചതില്‍ സുധാകരന്‍ ക്ഷുഭിതനാണ്.അതുകൊണ്ടുതന്നെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം.

യുഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് ബെന്നി ബഹന്നാനും തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. മുരളീധരനും രാജി വച്ചതോടെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള കെ. സുധാകരന്‍ എംപിയുടെ രാജിയുടെ സാധ്യതയും തള്ളിക്കളയാനാകില്ല.നിലവില്‍എംപിമാരായ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് ഇരട്ട പദവി അലങ്കരിക്കുന്നതില്‍ പ്രമുഖര്‍. എംപിമാരായ കൊടിക്കുന്നില്‍ സുരേഷിനും കെ. സുധാകരനും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കിയതിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകളില്‍ വിവാദമുണ്ടായിരുന്നു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരാള്‍ക്ക് ഒരു പദവി മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, എ,ഐ ഗ്രൂപ്പുകള്‍ ഇതു പ്രായോഗികമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതുടര്‍ന്നാണ് എംപിമാര്‍ക്ക് മറ്റ് സ്ഥാനമാനങ്ങള്‍ നല്‍കിയത്.രണ്ട് പദവികള്‍ ഉള്ളതിനാലാണ് താന്‍ ഒഴിയുന്നതെന്നാണ് കെ. മുരളീധരന്‍ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.കൊടിക്കുന്നില്‍ സുരേഷും കെ. സുധാകരനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ്‌കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറെ സംസ്ഥാന കോണ്‍ഗ്രസ്‌നേതൃത്വം സമീപിച്ചതായും സൂചനയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close