Uncategorized

കോണ്‍ഗ്രസ് നേതൃത്വ യോഗത്തില്‍ വാക്‌പോര്


ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അടിമുടി മാറണമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി എംപിമാര്‍ നിലവിലെ രീതി തുടര്‍ന്നാല്‍ ബിജെപിക്കെതിരെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. രാജ്യസഭയിലെ കോണ്‍ഗ്രസ് എംപിമാരുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വിഡിയോ വഴി നടത്തിയ കൂടിക്കാഴ്ചയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി യുവനിര രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.

2009 ല്‍ അധികാരത്തിലേറിയ രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്തെ പിഴവുകളാണു പാര്‍ട്ടിയുടെ പതനത്തില്‍ കലാശിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ സാക്ഷിയാക്കി യുവ എംപി രാജീവ് സതവ് തുറന്നടിച്ചു. നിലവിലെ സ്ഥിതിയെക്കുറിച്ച് നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞപ്പോഴാണ് ഇപ്രകാരം പ്രതികരിച്ചത്.

താഴേത്തട്ടില്‍ വേരുറപ്പിക്കാന്‍ പാര്‍ട്ടിക്കു സാധിക്കുന്നില്ലെന്നു വിമര്‍ശിച്ച പി. ചിദംബരം, സംഘടനാതലത്തില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കണമെന്ന് ആവശ്യപ്പെട്ടു. സംഘടനാപരമായ പോരായ്മകള്‍ ദീര്‍ഘനാളായുള്ളതാണെന്നു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും സംഘടനാതലത്തില്‍ പാര്‍ട്ടി ചെയ്ത കാര്യങ്ങള്‍ പറഞ്ഞ വേണുഗോപാല്‍, കോവിഡ് വേളയില്‍ രാജ്യത്ത് ഏറ്റവും സജീവമായി പ്രവര്‍ത്തിച്ച പാര്‍ട്ടി കോണ്‍ഗ്രസാണെന്നും ചൂണ്ടിക്കാട്ടി. ശക്തമായ സംഘടനാ സംവിധാനമുള്ള കേരളത്തെപ്പോലെയല്ല ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ അവസ്ഥയെന്ന് അവിടെ നിന്നുള്ള അഖിലേഷ് പ്രതാപ് സിങ് വിമര്‍ശിച്ചു. പ്രവര്‍ത്തകരെ അവഗണിച്ച്, നേതൃസ്ഥാനങ്ങളിലേക്ക് നേതാക്കളെ കെട്ടിയിറക്കുന്ന സംസ്‌കാരം അവസാനിപ്പിക്കണമെന്നു പഞ്ചാബില്‍ നിന്നുള്ള ഷംഷേര്‍ സിങ് ദല്ലോ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രസിഡന്റ് പദവി വീണ്ടും ഏറ്റെടുക്കുകയാണു പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗമെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം രാഹുലിനോട് ആവശ്യപ്പെടണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സോണിയ മൗനം പാലിക്കുകയായിരുന്നു. അഭിപ്രായങ്ങള്‍ പരിശോധിച്ച് പോരായ്മകള്‍ പരിഹരിക്കണമെന്നും കോവിഡ് അടക്കമുള്ള പരിമിതികള്‍ക്കിടയിലും സംഘടനാതലത്തില്‍ സജീവമാകാന്‍ പാര്‍ട്ടിക്കു സാധിച്ചിട്ടുണ്ടെന്നും സോണിയ വ്യക്തമാക്കി.

Tags
Show More

Related Articles

Back to top button
Close