പ്രത്യേകലേഖകന്‍
തിരുവനന്തപുരം: അവിശ്വാസപ്രമേയത്തിന്റെയും സ്പീക്കര്‍ക്കെരായ പ്രതിഷേധങ്ങളുടെയും നിഴലില്‍ 27 ന് ഒരു ദിവസത്തേക്ക് ചേരാനിരുന്ന കേരളനിയമസഭയുടെ 20-ാം സമ്മേളനം മാറ്റിവയ്ക്കാന്‍ നീക്കം. കോവിഡ് വ്യാപനത്തിന്റെ കാരണം പറഞ്ഞാണ് സമ്മേളനം ഒഴിവാക്കുന്നതെങ്കിലും, സ്പീക്കര്‍ക്കു നേരെ പ്രതിപക്ഷം സഭയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തീരുമാനമെന്നാണറിയുന്നത്.
ഡിപ്ളോമാറ്റിക് സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനും ഐടിഫെലോയ്ക്കുമെതിരേ ഉന്നയിക്കപ്പെട്ട അതിശക്തമായ ആരോപണങ്ങളുടെ വെളിച്ചത്തില്‍, പിണറായി വിജന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെതിരേ യുഡിഎഫ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് കൊടുത്തിരുന്നു. എന്നാല്‍ സഭയില്‍ കേവലഭൂരിപക്ഷത്തിനും മുകളില്‍ വ്യക്തമായ മുന്‍തൂക്കമുള്ളതുകൊണ്ടുതന്നെ അവിശ്വാസത്തെ സര്‍ക്കാര്‍ കാര്യമായി എടുത്തിട്ടില്ല. പ്രമേയം ഭീഷണിയാവുമെന്നും കരുതുന്നില്ല. എന്നാല്‍ സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നയും സരിത്തുമായി ഉളള സൗഹൃദത്തിലുമധികമായ ബന്ധത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേ യുഡിഎഫിലെ യുവ നേതാക്കന്മാരെ അണിനിരത്തി സഭയില്‍ അതിശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയര്‍ത്താനാണ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നീക്കമത്രേ. സ്പീക്കറെ തടയുന്നതടക്കമുള്ള കടുത്ത നടപടികളിലേക്കു പോലും നീങ്ങാനായിരുന്നു ആലോചന. നേരത്തേ കെ.എം.മാണിക്കെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സഭയിലുണ്ടായ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രതിഷേധത്തിന് മറുപടി എന്ന നിലയ്ക്കു കൂടിയാണ് ഐക്യമുന്നണി ഇതിനെ കണക്കാക്കുന്നത്. ഇങ്ങനെ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയാല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന പാദത്തില്‍ അത് മായ്ച്ചാലും തീരാത്ത സഭാകളങ്കമായിത്തീരും. അതൊഴിവാക്കാന്‍ കൂടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്രേത സമ്മേളനം തന്നെ വേണ്ടെന്നു വയ്ക്കാനുള്ള നീക്കം.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പാര്‍ലമെന്റ് സമ്മേളനം പോലും നടത്താനുള്ള തീരുമാനമെടുക്കുന്നതിനിടെയാണ് കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തില്‍ നിയമസഭാസമ്മേളനം തന്നെ മാറ്റിവയ്ക്കുന്നത്. ഒറ്റദിവസത്തെ സമ്മേളനമായിരുന്നെങ്കില്‍ സുപ്രധാന ധനകാര്യബില്ലുകള്‍ പാസാക്കിപ്പിരിയാന്‍ സാധിക്കുമായിരുന്നു. സഭ മാറ്റിവയ്ക്കുന്ന സ്ഥിതിക്ക് അവ ഓര്‍ഡിനന്‍സ് ആയി പുറത്തിറക്കാനാണ് നീക്കം