പത്തനംതിട്ട : കോന്നി ആനത്താവളത്തിലെ താപ്പാന മണിയനും കുട്ടിയാന പിഞ്ചുവും ചരിഞ്ഞത് ദിവസങ്ങളുടെ വ്യത്യാസത്തില്‍. ചികിത്സാ പിഴവും അശാസ്ത്രീയ പരിചരണവും മൂലമാണെന്ന് ഇങ്ങനെ സംഭവിച്ചത് എന്നാണ് ആരോപണം. ശക്തമായ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ വിദഗ്ധ അന്വേഷണത്തിന് വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ വനംവകുപ്പിന് പുറമേ വിദഗ്ദ്ധ സംഘവും അന്വേഷണം നടത്തും. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തില്‍ കോട്ടൂര്‍, കോടനാട് ആനക്കളരികളിലെ ഡോക്ടര്‍മാരും ആന ചികിത്സാ വിദഗ്ദ്ധരും ഉള്‍പ്പെട്ട സംഘമായിരിക്കും സമാന്തര അന്വേഷണം നടത്തുന്നത്.ആവശ്യമെങ്കില്‍ തമിഴ്നാട് മുതുമല ആനവളര്‍ത്തല്‍ സങ്കേതത്തിലെ വിദഗ്ദ്ധരുടെ സഹായവും തേടും. 75 വയസുള്ള മണിയന് എരണ്ടക്കെട്ടും നാലു വയസുകാരന്‍ പിഞ്ചുവിന് ഹെര്‍പ്പിസ് രോഗവുമായിരുന്നു.വനം വകുപ്പ് ഇതു സംബന്ധിച്ച് ആനത്താവളം അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആനത്താവളത്തില്‍ ഇനിയും അവശേഷിക്കുന്നത് നാല് ആനകള്‍ മാത്രമാണ്. താപ്പാന സോമനും കുട്ടിക്കൊമ്പന്‍ കൃഷ്ണയും പിടിയാനകളായ പ്രിയദര്‍ശിനിയും ഈവയും മാത്രമാണ് കോന്നി ആനക്കൂട്ടില്‍ നിലവില്‍ ഉള്ളത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘവും വിവിധ സംഘടനകളും രംഗത്ത് എത്തിയിരുന്നു.കേരളത്തിലെ പ്രധാന ആനവളര്‍ത്തല്‍ കേന്ദ്രമാണെങ്കിലും കോന്നി ആനത്താവളത്തില്‍ ആനകളെ ചികിത്സിക്കാന്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാന പ്രതിസന്ധി. സാധാരണ വെറ്ററിനറി ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ എത്തിച്ച് ചികിത്സ നല്‍കുകയാണ് പതിവ്. ഇവര്‍ മുന്‍ പരിചയമുള്ള ഡോക്ടര്‍മാരുടെയും വിദഗ്ദ്ധ വൈദ്യന്മാരുടെയും ഉപദേശങ്ങള്‍ തേടാറുമില്ല. നേരത്തെ ആനകളുടെ ഇഷ്ടഭക്ഷണമായിരുന്ന പനംപട്ടയും തെങ്ങോലയും ഒക്കെ നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ഇവയൊന്നുമില്ല. പകരം പശുവിന് നല്‍കുന്ന പുല്ലും ചോറും കഞ്ഞിയുമൊക്കെയാണ് നല്‍കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആനകളുടെ ഇഷ്ട ഭക്ഷണങ്ങള്‍ വനം വകുപ്പ് ഒഴിവാക്കിയിരിക്കുന്നത്. ഇതും ആനകളെ ആരോഗ്യപരമായി തളര്‍ത്തുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു
കോന്നി ആനത്താവളത്തിലെ താപ്പാനയും കുട്ടിയാനയും ചരിഞ്ഞത് ദിവസങ്ങളുടെ വ്യത്യാസത്തില്‍,ചികിത്സാ പിഴവെന്ന് ആരോപണം

Leave a comment
Leave a comment