കോളജ് വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍

ബംഗളൂരു: നഗരത്തിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍. സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് അശ്ലീല വെബ്സൈറ്റുകളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്. ദുരുപയോഗം ചെയ്തെതായി ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതോടെ ബംഗളൂരു സിറ്റി പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.ബംഗളൂരുവിലെ പ്രമുഖ സ്വകാര്യ കോളജിലെ നിരവധി വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് അശ്ലീല വെബ്സൈറ്റിലുള്ളത്. വിദ്യാര്‍ഥികളുടെ സുഹൃത്തുക്കളാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവയുടെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ബന്ധപ്പെട്ടവര്‍ക്ക് അയച്ചു നല്കി.
വിദ്യാര്‍ഥികള്‍ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ കണ്ടെത്തി. ഒപ്പം അധ്യാപികമാരുടെ ചിത്രങ്ങളും വെബ്സൈറ്റിലുണ്ടായിരുന്നു. തുടര്‍ന്ന് കോളജിലെ വകുപ്പ് മേധാവിയെയും പ്രിന്‍സിപ്പലിനെയും വിവരമറിയിച്ചു. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.അതിനിടെ സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഒരു വിദ്യാര്‍ഥി വെബ്സൈറ്റ് നടത്തിപ്പുകാര്‍ക്ക് സന്ദേശമയച്ചിരുന്നു. ഇതോടെ ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഒരു കോളജിലെ മാത്രമല്ല, നഗരത്തിലെ പല കോളജുകളിലെയും വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നതായാണ് വിവരം. ഗുരുതരമായ വിഷമായതിനാല്‍ സിറ്റി പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.