
തിരുവനന്തപുരം: രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിന് പരീക്ഷണത്തിന് സമ്മതമറിയിച്ച് കേരളം. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ആരോഗ്യമന്ത്രാലം സമര്‍പ്പിച്ച ശുപാര്‍ശക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. സ്വയം സന്നദ്ധരായി സര്‍ക്കാരിനെ സമീപിക്കുന്നവരില്‍ അടുത്ത മാസം പരീക്ഷണം നടത്താനാണ് തീരുമാനം.12 സംസ്ഥാനങ്ങളിലായി 375 പേരില്‍ നടത്തിയ ആദ്യഘട്ട കോവാക്സിന് പരീക്ഷണം വിജയമായിരുന്നു. നിലവില്‍ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലേക്കാണ് കടന്നിരിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിന് ഭാരത് ബയോടക്കിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിജിസിഐ) അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26000 ആളുകളാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കുക.
നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഐസിഎംആറിന്റെയും സഹായത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് കോവാക്സിന് വികസിപ്പിക്കുന്നത്. കോവിഡ് മുക്തരായവരെയും ഇതുവരെ ബാധിക്കാത്തവരെയും പരീക്ഷണത്തിന് ആവശ്യമാണ്. രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷണം നടത്തുന്നതെന്നും അതുകൊണ്ട് ആശങ്ക വേണ്ടെന്നും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖോബ്രഗഡെ പറഞ്ഞു.