INSIGHT

കോവിഡാനന്തര സിനിമ എങ്ങനെ?

എ.ചന്ദ്രശേഖര്‍

സിനിമ വികസിച്ചത് ആള്‍ക്കൂട്ടത്തിനുവേണ്ടി, ആള്‍ക്കൂട്ടത്തിലാണെങ്കിലും സിനിമയുടെ സാങ്കേതികത വികസിച്ചത് ആള്‍ക്കൂട്ടത്തിനുവേണ്ടിയായിരുന്നില്ല.എഡിസന്റൈ ബയോസ്‌കോപ്പ് ഒരേ സമയം ഒരാള്‍ക്കു മാത്രം ചലനചിത്രം കാണാന്‍ സഹായിക്കുന്ന ഉപകരണമായിരുന്നു. കിനറ്റോസ്‌കോപ്പും അതുപോലെ തന്നെ. ബഹുജനമാധ്യമമെന്ന നിലയ്ക്കല്ല,വൈയക്തിക മാധ്യമമെന്ന നിലയ്ക്കാണ് സിനിമയുടെ ബീജാവാപമെന്നതാണ് വാസ്തവം. എന്നാല്‍ കമ്പോളത്തിന്റെ സ്വാധീനത്താല്‍, മുതല്‍മുടക്കിന്റെ വലിപ്പം കൊണ്ട് അതു പെട്ടെന്ന് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ബഹുജനമാധ്യമമായി മാറുകയാണുണ്ടായത്. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പതിറ്റാണ്ടില്‍ ഡിജിറ്റല്‍ വിപ്ളവത്തിന്റെ കൗമാരാവസ്ഥയില്‍ സിനിമ തീയറ്ററിനപ്പുറം വ്യക്തിഗതമായ ആസ്വാദനത്തിലേക്ക് ചുരുങ്ങുന്നതാണ് കണ്ടത്. കംപ്യൂട്ടറും ലാപ് ടോപ്പും ടാബ് ലെറ്റുമൊക്കെ സിനിമാത്തിരകളായി. ശബ്ദം ഇയര്‍ബഡ്ഡിലേക്ക് ചുരുങ്ങി. ആസ്വാദനത്തില്‍ തീയറ്ററിന്റെ ഇരുട്ടില്‍ അടുത്തടുത്ത സീറ്റുകളിലിരുന്ന് വേറിട്ട മാനസികാവസ്ഥകളില്‍ ഒരേ ദൃശ്യങ്ങള്‍ കണ്ട വ്യത്യസ്ത പ്രതികരണങ്ങള്‍ നല്‍കുന്ന ജനാധിപത്യവ്യവസ്ഥ തന്നെ കീഴ്മേല്‍ മറിഞ്ഞു. യാത്രയിലും ഏകാന്തതയിലും എന്തിന് കോവിഡ് കാല വീട്ടുതടങ്കലിലും പോലും തീര്‍ത്തും വൈയക്തികമായ സഹചാരിയായി ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ട ഏകാധിപതിയായി സിനിമ പ്രേക്ഷകനെ അവരോധിച്ചു. ഡിജിറ്റല്‍ ലോകത്ത് വ്യക്തിയാണ് പ്രജാപതി. അവനാണ് പ്രാധാന്യം. അതുകൊണ്ടാണ് ഡാറ്റകളില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള ഒന്നായി വ്യക്തിഗത വിവരങ്ങള്‍ മാറുന്നത്.
ഡിജിറ്റല്‍ ലോകത്തെ ഏറ്റവും വലിയ ചാകരയായി സിനിമാശാലയ്ക്കും, ടെലിവിഷനുമുപരിയായി ഓവര്‍ ദ ടോപ്പ് എന്ന പേരില്‍ ഒടിടി എന്ന ഓണ്‍ലൈന്‍ ദൃശ്യവിനോദവില്‍പനശാല മാറുന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി കണ്ടുവരുന്നത്. ഇന്ത്യ വെബ് സ്ട്രീമിങ് സാങ്കേതികതയില്‍ കുറച്ചേറെ പിച്ചവച്ചെങ്കില്‍ അതിനു കാരണം രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ സ്പീഡ് കുറവായിരുന്നു. എന്‍.ഡി.എ.സര്‍ക്കാരിന്റെ വരവോടെ മുകേഷ് അമ്പാനി പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നത്തിന് ആക്കം കൂട്ടിക്കൊണ്ട് ത്രീ ജിയും ഫോര്‍ജിയുമൊക്കെ ജീരകമിഠായിയുടെയത്ര സര്‍വസാധാരണമാക്കിയതോടെ ശ്രംഖലാവേഗത്തില്‍ ഇന്ത്യ ഏതു പാശ്ചാത്യരാജ്യത്തോടും തോളൊപ്പമായപ്പോഴാണ് സ്ട്രീമിങ് പ്ളാറ്റ്ഫോറങ്ങളുടെ സാധ്യത ഇന്ത്യന്‍ സൈബര്‍ ലോകം വിനിയോഗിച്ചു തുടങ്ങുന്നത്. അഞ്ചുമിനിറ്റുള്ളൊരു വീഡിയോ ലോഡ് ചെയ്തു വരാന്‍ പത്തുമിനിറ്റ് ബഫറിങ് വേണ്ടിവന്ന കാലമൊക്കെ പഴങ്കഥയാവുകയും ഏതാണ്ട് തത്സമയം തന്നെ ഡൗണ്‍ലോഡോ സ്ട്രീമോ ചെയ്യുംവിധം ഡാറ്റാവേഗം സജ്ജമാവുകയും ചെയ്തതോടെയാണ് യൂട്യൂബ് എന്നു മാത്രം കേട്ടിരുന്ന മലയാളികള്‍ ആമസോണെന്നും നെറ്റ്ഫ്ളിക്സെന്നും പ്രൊഫ. അലിയാറുടെ ശബ്ദത്തില്‍ ‘പിന്നെ എല്ലായ്പ്പോഴും ഹോട്ട്സ്റ്റാറെന്നും’ കേട്ടുതുടങ്ങുന്നത്. സിനിമ, ടെലിപരമ്പരകള്‍, വിനോദ പരിപാടികള്‍, റിയാലിറ്റി ഷോകള്‍, വെബ് പരമ്പരകള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ കലവറയാണ് ഒടിടികള്‍.
കാണാന്‍ വിട്ടുപോയ സീരിയലുകളുടെ എപ്പിസോഡുമുതല്‍ നിങ്ങള്‍ക്കിഷ്ടമുള്ള പരിപാടി നിങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്തുവച്ച് നിങ്ങള്‍ക്കിഷ്ടമുള്ള സമയത്ത് കാണാമെന്നതാണ് ഇവയുടെ പ്രത്യേകത. ആദ്യമാദ്യം റിലീസായാല്‍ മൂന്നോ ആറോ മാസത്തിനുള്ളില്‍ മാത്രമായിരുന്നു ഇന്ത്യന്‍ സിനിമകള്‍ ആമസോണിലോ നെറ്റ്ഫ്ളിക്സിലോ ഹോട്ട്സ്റ്റാറിലോ വന്നിരുന്നതെങ്കില്‍ ഇപ്പോഴത് രണ്ടാം മാസമോ, നാലാഴ്ചയ്ക്കകമോ, എന്തിന് കോവിഡ്കാലത്ത് സിനിമാ റിലീസ് മാസങ്ങളോളം വൈകിയ സാഹചര്യത്തില്‍ എക്സ്‌ക്ളൂസീവായി ആദ്യമായിത്തന്നെയോ റിലീസാകുമെന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതേച്ചൊല്ലി ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് നിര്‍മാതാക്കളും വിതരണക്കാരുമെല്ലാം ഉള്‍ക്കൊള്ളുന്ന വന്‍ വിവാദവും ആരോപണപ്രത്യാരോപണങ്ങളുമൊക്കെ ഉയിര്‍കൊണ്ടിട്ടുമുണ്ട്.
എന്നാല്‍ കണക്കുകള്‍ വിശകലനം ചെയ്തു നോക്കുമ്പോള്‍, ലോകത്താകെ തന്നെ ഒടിടികളോട് ഇത്തരം പ്രതിരോധങ്ങള്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നു കാണാം. എന്നാല്‍, ആത്യന്തികമായി അതെല്ലാം വ്യവസായ വിപ്ളവം വന്നപ്പോള്‍ പരമ്പരാഗത വ്യവസായങ്ങളില്‍ നിന്നുടലെടുത്ത പ്രതിരോധം പോലെ തന്നെയായിത്തീര്‍ന്നു/തീരുന്നു എന്നുള്ളതാണ് പരമാര്‍ത്ഥം.
ഇതിനു കാരണം പലതാണ്.
ആത്യന്തികമായി ഇന്റര്‍നെറ്റ് എന്ന മാധ്യമം മുന്നോട്ടു വയ്ക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും തന്നെയാണ്.സെന്‍സര്‍ പോലുള്ള യാതൊരു വിലക്കുകളുമില്ല. സ്ഥലകാലങ്ങളുടെ ബാധ്യതകളില്ല. രണ്ടാമതായി അവ നിങ്ങളെ തേടി നിങ്ങളുടെ സ്വീകരണമുറിയില്‍ മാത്രമല്ല (ടിവിക്കായിരുന്നു ആ ബഹുമതി) നിങ്ങള്‍ക്കൊപ്പം കിടപ്പറയിലോ കുളിമുറിയിലോ വരെ ഇന്റര്‍നെറ്റ് വേധ ഹാന്‍ഡ്സെറ്റിലൂടെ അവ വന്നെത്തിപ്പറ്റുന്നു. മൂന്ന്. താരതമ്യേന കുറഞ്ഞ മുതല്‍മുടക്കില്‍ നിങ്ങള്‍ക്കു വളരെ വിശാലമായൊരു ദൃശ്യശേഖരം തന്നെ ഇഷ്ടാനുസൃതം/ആവര്‍ത്തിച്ചു കണ്ടാസ്വദിക്കാനുള്ള അവസരമൊരുക്കുന്നു. മള്‍ട്ടീപ്ളക്സുകാലത്ത് നാലുപേരുള്ള ഒരു കുടുംബത്തിന് തീയറ്ററില്‍പ്പോയി ഒരു സിനിമ കാണാനുള്ള കാശിന് ഒരു വര്‍ഷം മുഴുവന്‍ ഒടിടിയില്‍ ലഭ്യമായ ഏത് ഉള്ളടക്കവും അഞ്ചു പേര്‍ക്ക് അഞ്ചു യന്ത്രങ്ങളില്‍ ഒരേ സമയം കാണാനാവുന്നതിലെ സാമ്പത്തികശാസ്ത്രം കാണാതെ പോകരുത്.
നാലമതാണ് കോവിഡ് കാലം മുന്നോട്ടു വയ്ക്കുന്ന വ്യക്തിസുരക്ഷിതത്വ പ്രശ്നം. മഹാമാരികളുടെയും പകര്‍ച്ചവ്യാധികളുടെയും ആസുരകാലത്ത് ശീതീകരിച്ചു കൊട്ടിയടച്ച പ്രദര്‍ശനശാലകളില്‍ കൂട്ടമായിരുന്നു സിനിമ കാണുന്നതിലുള്ള ആരോഗ്യപ്രശ്നവും മറ്റും ഇനിയെന്നു മാറിക്കിട്ടുമെന്ന് ലോകത്താര്‍ക്കും പ്രവചിക്കാനാവുന്നതല്ല. ലോകത്തെവിടെയും സിനിമാക്കാഴ്ചയുടെ കാര്യത്തില്‍ സ്ഥിതി ഇതുതന്നെയാണു താനും. എത്ര വലിയ സിനിമാഭ്രാന്തനും കോവിഡ് പോലൊരു മഹാമാരിക്കാലത്ത് സ്വന്തം സുരക്ഷിത്വം മറന്ന് സിനിമ കാണാന്‍ തീയറ്റര്‍ പൊലൊരു പൊതുവിടം തെരഞ്ഞെടുക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതു തന്നെയാണ്. ഒരു ഭക്ഷണശാലയില്‍ സാമൂഹിക അകലം പാലിച്ച് ചെന്നിരുന്ന് എത്രയും പെട്ടെന്ന് ഭക്ഷണം കഴിച്ചു പോരുംപോലെ തീര്‍ക്കാവുന്ന ഒന്നല്ലല്ലോ സിനിമാക്കാഴ്ച!
ഒടിടി റിലീസിനെ എതിര്‍ക്കുന്നവര്‍ വിസ്മരിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇങ്ങനെ പലതാണ്. അവയെ അടിസ്ഥാനപരമായി അഭിസംബോധനചെയ്യാതെ ഒടിടി റിലീസിനെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങളെത്തന്നെ പൊതുസമക്ഷം ന്യായീകരിക്കാനാവില്ലെന്നതാണ് വാസ്തവം.
അതേസമയം, ടൂറിസം, ഐടി തുടങ്ങി ബഹുവിധങ്ങളായ വ്യവസായങ്ങളുമായി പരോക്ഷമായി ബന്ധപ്പെട്ടു പടര്‍ന്നു കിടക്കുന്ന ഒരു വന്‍ വ്യവസായം എന്ന നിലയ്ക്ക് ലക്ഷക്കണക്കായ തൊഴിലാളികള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്നൊരു മേഖലയാണ് സിനിമ. തീയറ്റര്‍ ജീവനക്കാരും ആ കണ്ണിയിലെ അംഗങ്ങള്‍ തന്നെയാണ്. എന്നാല്‍ ബാറുകള്‍ പൂട്ടിയപ്പോള്‍ തൊഴിലില്ലാതായ ബാര്‍ തൊഴിലാളികളുടേതിനു സമാനം മാത്രമാണ് അവരെന്നു മറക്കരുത്. സിനിമയുടെ വിതരണം ഇന്റര്‍നെറ്റ് വഴിയാക്കുന്നതുകൊണ്ട് അതിന്റെ വിപണിക്കോ, വ്യവസായത്തിനോ കാര്യമായ കോട്ടം സംഭവിക്കാന്‍ പോകുന്നില്ല. മാത്രമല്ല, ഇപ്പോള്‍ ബാഹുബലി പോലെ, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പോലെ, ലൈഫ് ഓഫ് പൈ പോലെ ടൈറ്റാനിക്ക് പോലെ ഒരു സിനിമ തീര്‍ച്ചയായും ആളുകള്‍ തീയറ്ററില്‍ തന്നെ പോയി കാണുകയും ചെയ്യും.
വാഹനങ്ങളില്‍ പലതരം ഇന്ധനങ്ങള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്ന ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് പ്രസക്തിയേറുന്നതുപോലെയാവും സിനിമയുടെ ഭാവി വിതരണം എന്ന സത്യം ഉള്‍ക്കൊള്ളുകയാണ് കാലത്തിന്റെ അനിവാര്യത. ഓണ്‍ലൈന്‍ വിതരണത്തെ തീയറ്റര്‍ വിതരണത്തിനു സമാന്തരമായോ ഒപ്പമായോ കരുതുകയാണ് വിജയത്തിലേക്കുള്ള ആധുനിക ഫോര്‍മുല.
അതു മാത്രമല്ല, പ്രദര്‍ശനശാലകളും അടിമുടി മാറേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ബംഗളൂരുവില്‍ കോവിഡ് കാലത്തു തന്നെ ഒരു മെഗാ ഷോപ്പിങ് മാളിന്റെ മുകളറ്റത്തെ ഓപ്പണ്‍ പാര്‍ക്കിങ് സ്പെയ്സില്‍ ഓപ്പണ്‍ സിനിമാ തീയറ്റര്‍ സജ്ജമാക്കിയ വാര്‍ത്ത നാം വായിച്ചതാണ്. സാമൂഹിക അകലത്തെയോ പകര്‍ച്ചപ്പേടിയേയോ കണക്കിലെടുക്കാതെ സ്വന്തം വാഹനങ്ങളിലിരുന്നു തന്നെ വലിയ കൂരയ്ക്കുകീഴിലെ ഇരുട്ടില്‍ മുന്നിലെ വലിയ സ്‌ക്രീനില്‍ സ്പര്‍ശനരഹിത ടിക്കറ്റുമായി(മൊബൈല്‍ ആപ്പ് വഴി വാങ്ങുകയും കവാടത്തില്‍ ഫോണ്‍ വഴി സൈ്വപ് ചെയ്തു കടക്കുകയും ചെയ്യുന്ന സംവിധാനം) ചെന്നിരുന്ന് സിനിമ ആസ്വദിച്ചു പോരാവുന്ന സംവിധാനം. ഇത്തരം ഡ്രൈവിന്‍ സിനിമാശാലകള്‍ വ്യാപകമാവില്ലെന്ന് പറയാനാവില്ല. വീടുകളില്‍ ഒരു മുറിയെങ്കിലും ഹോം തീയറ്ററാവില്ലെന്ന് ആരു കണ്ടു? അതിനനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആളുകള്‍ക്കു കയ്യിലൊതുങ്ങേണ്ടതാവണമെന്നേയുള്ളൂ. കോവിഡ് അങ്ങനെ എന്തെല്ലാം മനുഷ്യകുലത്തിന് ഇനി കാണിച്ചുതരാനിരിക്കുന്നു. ആള്‍ക്കൂട്ടമാണ് അതിജീവനത്തിനുള്ള പ്രശ്നമെങ്കില്‍ അതൊഴിവാക്കി സിനിമ പോലൊരു മാധ്യമത്തിന്റെ ബഹുജനസ്വാധീനം നിലനിര്‍ത്താന്‍ ഡിജിറ്റല്‍ മാര്‍ഗത്തെയും ഡ്രൈവിന്‍ തീയറ്റര്‍ പോലുള്ള പരിഷ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുക എന്നതല്ലേ വ്യവസായത്തിന്റെയും മനുഷ്യവംശത്തിന്റെയും നിലനില്‍പിന് നല്ലത്?

Tags
Show More

Related Articles

Back to top button
Close