Covid UpdatesKERALA

കോവിഡിനു പിന്നാലെ പ്രളയവും കടന്നുവരുമ്പോള്‍

തിരുവനന്തപുരം: 2020 വന്നപ്പോള്‍ മുതല്‍ ദുരന്തങ്ങള്‍ ഒഴിഞ്ഞിട്ടില്ലെന്നാണ് പൊതുവെയുള്ള പരാതി. ഒരു പരിധിക്കപ്പുറം അത് സത്യവുമാണ്. തൊണ്ണൂറ്റിഒന്‍പതിലെ വെള്ളപ്പൊക്കം എന്ന് പഴമക്കാര്‍ പറഞ്ഞുകേട്ട പ്രളയത്തിന്റെ മറ്റൊരുരൂപം കേരളം വീണ്ടും കണ്ടു ഒന്നല്ല കഴിഞ്ഞ രണ്ടു വട്ടം. ഇത്തവണയും അത് പ്രതീക്ഷിച്ചുതന്നെയാണ് മലയാളികള്‍ ഇരുന്നത്. പക്ഷെ അതിനും മുമ്പേ മറ്റൊരു ദുരന്തം വിരുന്നെത്തി. നിപ്പക്കെതിരെ പൊരുതിയ കഴിവുമായി കേരളം പടയ്‌ക്കൊരുങ്ങിയിറങ്ങിയപ്പോഴും ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളു , ഇത്തവയെങ്കിലും പ്രളയം പണിതരരുതേയെന്ന് . പക്ഷെ വിഷും ഓണവും ക്രിസ്തുമസും റംസാനും പോലെ പ്രളയവും കലണ്ടറില്‍ കയറേണ്ടതാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മഴയുടെ കേളികൊട്ടുയരുകയായി ഇത്തവണയും. കാലവര്‍ഷം ഇത്തവണയും ശക്തമായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍.
ഓഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്‌നാട് വെതര്‍മാന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2018,2019 വര്‍ഷങ്ങള്‍ക്ക് സമാനമായി ഈ ആഗസ്റ്റിലും ശരാശരിക്കും മേലെ മഴ പെയ്യുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥാ വിദഗ്ദ്ധരില്‍ ഒരാളായി അറിയപ്പെടുന്ന പ്രദീപ് ജോണ്‍ എന്ന തമിഴ്‌നാട് വെതര്‍മാന്‍ നല്‍കുന്ന മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് പ്രദീപ് ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്. ആഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഇത് ശക്തമായാല്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കേരള തീരത്ത് 40 മുതല്‍ 50 കി.മി.വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ശരാശരി ലഭിക്കുന്ന മഴ – 420 മില്ലി മീറ്ററാണ്. 2018ലെ പ്രളയകാലത്ത് ലഭിച്ചത് 822എംഎം ആയിരുന്നു. അത് 2019ആയപ്പോള്‍ 951 എംഎം ആയി ഉയര്‍ന്നു. ഈ വര്‍ഷത്തേത് ഇതിലും കടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ളത് ജാഗ്രതയുടെ നാളുകളാണ്.
കോവിഡ് ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രളയം കൂടി എത്തുന്നത് ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്. സാമൂഹ്യഅകലം പാലിക്കേണ്ടതും ലോക്ഡൗണും കാരണം ഇത്തവണ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. മാത്രമല്ല സുരക്ഷ പ്രവര്‍ത്തനങ്ങളും എങ്ങനെ നടക്കുമെന്ന് കണ്ടറിയേണ്ടതാണ്. പ്രളയവും കോവിഡും ചേര്‍ന്ന ഈ വര്‍ഷത്തെ വരും ദിവസങ്ങള്‍ എങ്ങനെയാകുമെന്നത് ജനങ്ങളെ മാത്രമല്ല ഭരണകൂടത്തെയും കുഴപ്പിക്കുന്ന വിഷയമാണ്.

Tags
Show More

Related Articles

Back to top button
Close