കോവിഡിനെതിരെയുള്ള വാക്സിന് നിര്‍മാണവുമായി ലോകരാജ്യങ്ങള്‍, ആരാദ്യമെത്തും?

ആറ് മാസത്തിലേറെയായി ലോകം യുദ്ധകാലാടിസ്ഥാനത്തില്‍ മാരകമായ കോവിഡിനെ നേരിടുകയാണ്
റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 13,349,795 ഉം മരണസംഖ്യ 579,335 ഉം ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിസന്ധികള്‍ക്കിടയില്‍, പല രാജ്യങ്ങളും അവരുടെ വാക്സിന് നിര്‍മ്മാണവും പരീക്ഷണങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
യു എസ്
യുഎസ് ബയോടെക് കമ്പനിയായ മോഡേണ തങ്ങളുടെ കോവിഡ്വാക്സിനുള്ള പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലേക്ക് ജൂലൈ 27ഓടെ പ്രവേശിക്കുമെന്നാണ് അറിയിച്ചത്. മൂന്നാം ഘട്ട ട്രയലില്‍ 30,000 പേരെ പങ്കെടുപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യ
ഭാരത് ബയോടെക് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് വാക്സിനായ കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്സിന് വികസിപ്പിച്ചത്.
പരീക്ഷണങ്ങളുടെ പ്രാഥമിക ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
റഷ്യ
മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താവുന്ന ഘട്ടത്തിലാണ് റഷ്യ. ഇവിടെ ഒരു വാക്സിന് മാത്രമേ വികസിപ്പിച്ചെടുത്തിട്ടുള്ളൂ. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ഗമാലി നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത ഇതുപയോഗിച്ച് ജൂണ്‍ 18 നാണ് മനുഷ്യരില്‍ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചത്.
യുകെ
രണ്ട് വൈറസ് വാക്സിനുകളാണ് ഇവിടെ പരീക്ഷിക്കുന്നത്. ഒരു വാക്സിന് വികസിപ്പിച്ചത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയാണ്. ആസ്ട്രാസെനെക്ക എന്ന ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്. മറ്റൊന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് വികസിപ്പിച്ചെടുത്തതാണ്. ജൂണ്‍ 15 ന് അവര്‍ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചു എന്നാണ് പുറത്തു വന്ന വിവരങ്ങള്‍.
ചൈന
ചൈനയിലെ സിനോവാക് ബയോടെക് വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ബ്രസീലില്‍ ആരംഭിക്കുന്നു. ഈ രോഗത്തിനെതിരായ വാക്സിന് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന മൂന്ന് കമ്പനികളില്‍ ഒന്നായി മാറിയിട്ടുണ്ട് ഇവര്‍. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ബയോടെക് കമ്പനിയായ കാന്സിനോയും പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലാണ്. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റുകളും സിനോഫാര്‍മിന്റെ വാക്സിന് കാന്‍ഡിഡേറ്റും രണ്ടാം ഘട്ടത്തിലും.
ജപ്പാന്
ജൂണ്‍ 30 ന് ജാപ്പനീസ് ബയോടെക്നോളജി കമ്പനിയായ ആന്ജെസ്, ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള വാക്സിനില്‍ സുരക്ഷാ പരീക്ഷണങ്ങള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒസാക്ക യൂണിവേഴ്സിറ്റി, വികസിപ്പിച്ചെടുത്തതാണ്.
ഓസ്ട്രേലിയ
ഓസ്ട്രേലിയന്‍ ബയോടെക് കമ്പനിയായ സിഎസ്എല്ലിലെയും ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെയും ഗവേഷകര്‍ ഒരു പരീക്ഷണാര്‍ത്ഥം വാക്സിന് ഉപയോഗിച്ച് ഒന്നാം ഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.