INSIGHTTop News

കോവിഡിന്റെ പേരിലും സാധാരണക്കാരെ പിഴിഞ്ഞ് ഭരണക്കാർ; അധികാരികളുടെ പകൽക്കൊള്ളയിൽ നട്ടംതിരിഞ്ഞ് പൊതു‍ജനം; ആശ്വാസമാകുന്നത് കോടതികളുടെ ഇടപെടൽ മാത്രം

തിരുവനന്തപുരം: മുൻപെങ്ങുമില്ലാത്ത വിധം കോവിട് മഹാമാരി രാജ്യത്തെ വിഴുങ്ങുമ്പോഴും അതിനുള്ളിലെ കച്ചവട സാധ്യത, മനുഷ്യ ജീവന്റെ വിലയായി നാല്‍കേണ്ടിവരുന്ന കാഴ്ചകളാണ് ഇന്‍ഡ്യയിലെ വിവിധസ്ഥലങ്ങളില്‍ നിന്നും നാം കാണേണ്ടി വരുന്നത് . അവിശ്യത്തിന് ഓക്സിജെന്‍ കിട്ടാതെയുള്ള മരണങ്ങള്‍ മുതല്‍ , വാക്സിന്‍ വിലയിലെ വിത്യാസവും , ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ ഉയര്ന്ന നിരക്കുമെല്ലാം കലികാല കച്ചവട കാഴ്ചകളാണ് . വാക്സിന്റ്റെ വിലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ബി ജെ പി കേന്ദ്രങ്ങള്‍ മറുപടി പറഞ്ഞത് , കേരളത്തിലെ ഉയര്ന്ന ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ നിരക്ക് ചൂണ്ടി കാണിച്ചുകൊണ്ടാണ് , പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സർക്കാർ ടെസ്റ്റിന്റെ നിരക്ക് 1700ല്‍ നിന്നും കേവലം 500ലേക്ക് കുറച്ചിരിക്കുന്നു.   ഇതിനർത്ഥം കഴിഞ്ഞ കാലങ്ങളില്‍ നാം ഒരു വലിയ ചൂഷണത്തിന് വിധേയമായിരുന്നു എന്നുതന്നെയാണ് . ഇതിന് പിന്നാലേ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭരത് ബയോ ടെക്  സംസ്ഥാനങള്‍ക്കു നല്‍കുന്ന വാക്സിന്‍ നിരക്ക് 600ല്‍ നിന്നു 400 രൂപയായി കുറച്ചു .മഹാമാരികലത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കേണ്ട സേവനങ്ങള്‍ ഇങ്ങനെ വിലകൂട്ടി നല്‍കുന്നത് , നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ ഇല്ലാത്തത്തിനാലല്ല, മറിച്ചു അധികാരികള്‍ കണ്ണടയ്ക്കുന്നത്കൊണ്ട് മാത്രമാണ്. ഈ അവസരത്തിലാണ് വിവിധ  കോടതികള്‍ ഈ വിഷയത്തില്‍ ഇടപെട്ടത്
 
സുപ്രീം കോടതിയുടെ ഇടപെടലും കേന്ദ്രസര്‍ക്കാര്‍ വാദവും
 

കോവിഡ് വാക്സിൻ പൊതുമുതലാണെന്നും വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നുമാണ് ഇന്ന് സുപ്രീംകോടതി ചോദിച്ചത്. വാക്സിൻ കൈപറ്റുന്നത് കേന്ദ്രമായാലും സംസ്ഥാനമാ‍യാലും എന്താണ് വ്യത്യാസമെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ച് വാക്സിൻ വില ഏകീകരിക്കപ്പെടുമോ എന്ന് കണ്ടറിയണം.

ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള കോവിഡ് വാക്സീനുകൾക്ക് പല വില എന്നതിന്റെ ‘അടിസ്ഥാനവും യുക്തിയും’ വിശദീകരിക്കാനാണു കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. കോവിഷീൽഡും കോവാക്സീനും കേന്ദ്ര സർക്കാരിന് 150 രൂപയ്ക്കു നൽകും, കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്ക്, സ്വകാര്യ വിപണിയിൽ 600 രൂപ. കോവാക്സീന് സംസ്ഥാനങ്ങൾക്ക് 600 രൂപ, സ്വകാര്യ വിപണിയിൽ 1200 രൂപ. ഈ മൂന്നു തരം വിലയുടെ കാരണങ്ങളാണ് രണ്ടു ദിവസത്തിനകം കേന്ദ്രം കോടതിയോടു പറയേണ്ടത്.
 
വില നിശ്ചയിച്ചിരിക്കുന്നത് കമ്പനികളാണ്. എന്നാൽ, അതിന് ഉത്തരം പറയേണ്ടത് കേന്ദ്ര സർക്കാർ. അതുതന്നെയാണ് പ്രസക്തമായ കാര്യം. ഇത്തരമൊരു സാഹചര്യത്തിൽ വാക്സീൻ വില നിശ്ചയിക്കൽ കമ്പനികൾക്കു വിട്ടുനൽകണമായിരുന്നോ? പാടില്ലായിരുന്നു, അതു കേന്ദ്രം ചെയ്യണമായിരുന്നു എന്ന സൂചന സുപ്രീം കോടതിതന്നെ നൽകുന്നു. ഒൗഷധ വില നിർണയ ഉത്തരവും പേറ്റന്റ് നിയമവും മറ്റും കേന്ദ്രത്തിനു നൽകുന്ന അധികാരത്തെക്കുറിച്ച് കോടതി ഓർമിപ്പിക്കുകയും ചെയ്യുന്നു.
 
ഈ അധികാരങ്ങളൊന്നും കേന്ദ്രത്തിന് അറിയാത്തതല്ല. ഒൗഷധ വില നിയന്ത്രണ ഉത്തരവിലെ 19ാം വകുപ്പനുസരിച്ച് അസാധാരണ സാഹചര്യങ്ങളിൽ പൊതു താൽപര്യത്തെക്കരുതി ഏത് ഔഷധത്തിന്റെയും പരമാവധി വിലയും ചില്ലറ വിലയും നിശ്ചയിക്കാനും അത് എത്ര കാലത്തേക്കെന്നു തീരുമാനിക്കാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. 
 
നിർബന്ധിത ലൈസൻസ്
 
പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസിങ് വ്യവസ്ഥയാണ് കോടതി സൂചിപ്പിച്ചത്. നിയമത്തിലെ 84 മുതൽ 94 വരെ വകുപ്പുകൾ നിർബന്ധിത ലൈസൻസ് സംബന്ധിച്ചാണ്. പക്ഷേ, അതിലെ ആ വ്യവസ്ഥ മൂന്നു വർഷമെങ്കിലുമായ പേറ്റന്റുകളുടെ കാര്യത്തിലാണ് നിർബന്ധിത ലൈസൻസ് പ്രയോഗിക്കാവൂ എന്നാണ്. അതുകൊണ്ടുതന്നെ, നിർബന്ധിത ലൈസൻസ് എന്നത് കോവിഡ് വാക്സീനുകളുടെ കാര്യത്തിൽ എത്രകണ്ടു പ്രസക്തമെന്ന ചോദ്യമുണ്ട്.
 
അപ്പോഴും, നിർബന്ധിത ലൈസൻസ് എന്നു വ്യവസ്ഥ പറയാൻ ഇന്ത്യൻ സുപ്രീം കോടതിക്കുള്ള ധാർമികമായ അവകാശത്തെക്കുറിച്ചു പരാമർശിക്കേണ്ടതുണ്ട്. 2014 ഡിസംബറിൽ, പരിഗണനാ ഘട്ടത്തിൽതന്നെ തള്ളിയ ഒരു ഹർജിയാണ് അതിനു കാരണം. യുഎസിലെ ബായർ കോർപറേഷനായിരുന്നു ഹർജിക്കാർ. വൃക്കയ്ക്കും കരളിനും അർബുദമുള്ളവർക്കു നൽകുന്ന നെക്സവർക്ക് എന്ന ഗുളികയുടെ ഉൽപാദനത്തിനു നാറ്റ്കോയ്ക്ക് ലഭിച്ച നിർബന്ധിത ലൈസൻസായിരുന്നു കാരണം.
 
നാറ്റ്കോയുടെ അപേക്ഷ അനുവദിച്ചത് അന്നത്തെ പേറ്റന്റ്സ് കൺട്രോളർ പി.എച്ച്.കുര്യനായിരുന്നു. ബായറിന്റെ ഗുളിക ഒരു മാസത്തേക്കുള്ളതു(120 എണ്ണം) വാങ്ങിയാൽ 2,80,428 രൂപ, അതേ എണ്ണത്തിന് നാറ്റ്കോയുടെ ഉൽപന്നമെങ്കിൽ വില 8800 രൂപ. അതാ‌യത്, ബായറിന്റേത് നാറ്റ്കോയുടേതിനേക്കാൾ 31 ഇരട്ടി! ബായറിന് 6% റോയൽറ്റി അനുവദിച്ചാണ് കുര്യൻ ഉത്തരവു നൽകിയത്. കുര്യന്റെ ഉത്തരവിനെതിരെ ബായർ ബൗദ്ധിക സ്വത്തവകാശ അപ്പീൽ ട്രൈബ്യൂണലിൽ പോയി. ആറു ശതമാനം റോയൽറ്റിയെന്നത് 7 ശതമാനമാക്കി, ബാക്കിയൊക്കെ കുര്യൻ ചെയ്തതുതന്നെ ശരിയെന്ന നിലപാടെടുത്തു ട്രൈബ്യൂണൽ.
 
അതിനെതിരെ ബായർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അതു തള്ളപ്പെട്ടു. ഗവേഷകരും പൊതുജനവും തമ്മിലുള്ള ഒത്തുതീർപ്പാണ് പേറ്റന്റെന്നും അർബുദത്തിനുള്ള മരുന്നാണ് തർക്കത്തിലുള്ളതെന്നും ഹൈക്കോടതി പറഞ്ഞു. അതിനെതിരെ ബായർ സുപ്രീം കോടതിയിലെത്തി. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് റോഹിന്റൻ നരിമാനും ഉൾപ്പെട്ട ബെഞ്ച് ഹർജി പരിഗണനാഘട്ടത്തിൽതന്നെ തള്ളി. ആ സുപ്രധാനമായ നിലപാടായിരിക്കാം കോടതി ഇന്നലെ ഓർത്തത്.
 
ഇന്ത്യയുടെ നിർബന്ധിത ലൈസൻസ് വ്യവസ്ഥ യുഎസിലെ ഒൗഷധകമ്പനികൾ ശക്തമായി എതിർക്കുന്നതാണ്. ബായർ സംഭവത്തെ കറുത്ത അധ്യായമായി അവർ കരുതുന്നു. ഇനി അത്തരമൊരു ‘അപരാധം’ സംഭവിക്കില്ലെന്ന മനോഭാവമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ യുഎസിനോടുൾപ്പെടെ പ്രകടിപ്പിക്കുന്നത്.
 
‌‌കേന്ദ്രത്തിന്റെ  സമീപനങ്ങൾ

 
കഴിഞ്ഞ ഒക്ടോബറിലാണ് ചരക്ക് സേവന നികുതി ഇനത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കം നടന്നത്. നഷ്ടപരിഹാരത്തിനുള്ള തുക ആരു വായ്പയെടുക്കും എന്നതായിരുന്നു ബിജെപി ഇതര ഭരണത്തിലുള്ള സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള തർക്കം. കേന്ദ്രംതന്നെ വായ്പയെടുക്കണമെന്നു സംസ്ഥാനങ്ങളും സംസ്ഥാനങ്ങൾതന്നെ വായ്പയെടുക്കണമെന്നു കേന്ദ്രവും വാദിച്ചു. തർക്കത്തിനു നേതൃത്വം നൽകിയതു കേരളമായിരുന്നു. ഒടുവിൽ, കേന്ദ്രം വായ്പയെടുത്തു സംസ്ഥാനങ്ങൾക്കു നൽകുമെന്നു തീരുമാനമായി.
 
ആ തീരുമാനത്തിനു കേന്ദ്രം പറഞ്ഞ കാരണമിതായിരുന്നു: ഒാരോ സംസ്ഥാനവും നേരിട്ട് വായ്പയെടുത്താൽ പല പലിശ നിരക്ക് എന്ന സ്ഥിതിയുണ്ടാവും. കേന്ദ്രംതന്നെ എടുക്കുമ്പോൾ അത് ഒഴിവാകും, കൈകാര്യം ചെയ്യാനും എളുപ്പം. വിപണിയിൽനിന്നുള്ള വായ്പയുടെ കാര്യത്തിൽ കേന്ദ്രംതന്നെ പറഞ്ഞ ഈ യുക്തി, ജീവൻരക്ഷാ കോവിഡ് വാക്സീനുകളുടെ കാര്യത്തിൽ എങ്ങനെ അപ്രസക്തമാകും? എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള വാക്സീൻ ന്യായവില ഉറപ്പാക്കി എന്തുകൊണ്ട് കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്കു നൽകുന്നില്ല?
 
അതിനു താൽപര്യപ്പെടാത്തപ്പോൾ, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ടു വില എന്നതു സമ്മതിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടണം. വിവാദമായപ്പോൾ, വില കുറയ്ക്കണമെന്നാണ് രണ്ടു കമ്പനികളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്  റിപ്പോർട്ട്. അപ്പോഴും, കേന്ദ്ര സർക്കാരിനു ലഭിക്കുന്ന വിലയ്ക്കുതന്നെ സംസ്ഥാനങ്ങൾക്കും എന്ന് ഉറപ്പാക്കാൻ കേന്ദ്രം തയാറാവുന്നില്ല. അവിടെ ഭരണഘടനാപരമായ പ്രശ്നങ്ങളുണ്ട്. ഭരണഘടനയിലെ ‘സ്റ്റേറ്റ്’ എന്ന നിർവചനം ഇത്തരം വേർതിരിവുകൾ അനുവദിക്കുന്നില്ല. ജീവിക്കാനുള്ള മൗലികാവകാശം പൗരന് ഉറപ്പുനൽകുന്ന 21 വകുപ്പ് കേന്ദ്രം  ലംഘിച്ചാൽ ഒരുതരം കുറ്റം, സംസ്ഥാനം ലംഘിച്ചാൽ മറ്റൊരു തരം കുറ്റം എന്ന വേർതിരിവും ഭരണഘടനയിലില്ല. പക്ഷേ, അത്തരം വേർതിരിവുകൾ ഉണ്ടെന്ന മട്ടിലാണ് കേന്ദ്ര സർക്കാരിന്റെ സമീപനം.
 
2 വാക്സീൻ കമ്പനികൾക്കുമായി കേന്ദ്ര സർക്കാർ ഇതിനകം നൽകിയിട്ടുള്ള 4565 കോടി രൂപ കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നു മാത്രമല്ല, സംസ്ഥാനങ്ങളിൽനിന്നുകൂടി പല വിധത്തിൽ ജനത്തിൽനിന്നു പിരിഞ്ഞുകിട്ടിയതാണ്. ഭരണഘടനയുടെ 7ാം ഷെഡ്യൂളിലെ പൊതു പട്ടികയിൽ 29ാമത്തെ ഇനമായി പറയുന്നത്, പകർച്ചവ്യാധികളുടെ അന്തർസംസ്ഥാന വ്യാപനം തടയാൻ കേന്ദ്ര സർക്കാരിനുള്ള നിയമപരമായ ഉത്തരവാദിത്തത്തെക്കുറിച്ചാണ്. പകർച്ചവ്യാധികൾ തടയാൻ ദേശീയതലത്തിലുള്ള പല പദ്ധതികളുടെയും കാരണവും ഭരണഘടനാപരമായ ഈ ബാധ്യതയാണ്. എന്നാൽ, കോവിഡിന്റെ കാര്യംവരുമ്പോൾ കേന്ദ്രം പാതി പിൻവലിയുന്നു, ഞങ്ങൾ ഞങ്ങളുടെ വിലയ്ക്കും നിങ്ങൾ കമ്പനിയുടെ വിലയ്ക്കും വാങ്ങുകയെന്ന നിലപാടെടുക്കുന്നു. കോവിഡ് വാക്സീൻ വിപണിയിൽ ‘കമ്പനി ഭരണം’ അനുവദിക്കുന്നു.
 
ലോകത്തോടുള്ള പ്രസംഗം
 
ഇതേ നരേന്ദ്ര മോദി സർക്കാരാണു ദക്ഷിണാഫ്രിക്കയും മറ്റുമായി ചേർന്ന് ലോകവ്യാപാര സംഘടനയിൽ നല്ലൊരു നിർദേശം മുന്നോട്ടുവച്ചിട്ടുള്ളത്. കോവിഡ് ചികിൽസാച്ചെലവ് താങ്ങാവുന്നതാണെന്ന് ഉറപ്പാക്കുക – ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകൾ മരവിപ്പിച്ച് കോവിഡ് പ്രതിരോധ വാക്സീനുകളും മരുന്നുകളും ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണം. പേറ്റന്റ്, പകർപ്പവകാശം, വ്യാപാര രഹസ്യങ്ങൾ, വ്യാവസായിക രൂപകൽപന എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ മരവിച്ചാൽ ഉൽപാദനം ഉദാരമാക്കാമെന്നും അതിലൂടെ ഉൽപന്നങ്ങളുടെ വില കുറയുമെന്നും. ലോകാരോഗ്യ സംഘടനയും യുഎൻഎയ്ഡ്സും നൂറിലേറെ രാജ്യങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു.
 
എന്നാൽ വികസിത രാഷ്ട്രങ്ങൾ ഈ നിർദേശത്തെ എതിർക്കുന്നു. ഇപ്പോഴും തർക്കം തുടരുകയാണ്. ഇപ്പോൾ, സംസ്ഥാനങ്ങളുടെ കോവിഡ് നിയന്ത്രണ നടപടികളെ വിപണിയുടെ താൽപര്യങ്ങൾക്കു വിധേയമാക്കുമ്പോൾ, വാസ്തവത്തിൽ വികസിത രാജ്യങ്ങളുടെ യുക്തിയോട് കേന്ദ്ര സർക്കാരും സന്ധി ചെയ്യുന്ന സ്ഥിതിയാവുന്നു. അപ്പോൾ, ലോകത്തിനു കേൾക്കാൻ ഒരു വാദം, സംസ്ഥാനങ്ങളെ വിപണിയുടെ ദാക്ഷിണ്യത്തിനു വിടുക– ഇതാണ് മോദി സർക്കാർ ചെയ്യുന്നത്.
 
സർക്കാരിന്റെ ചില നയസമീപനങ്ങളെയും കുറിച്ച് സർക്കാരിലെ ഉദ്യോഗസ്ഥരിൽ ചിലർതന്നെ പറയാറുള്ള ഒരു വാചകമുണ്ട്: ‘ആരാണ് ഇതിനൊക്കെ ഉപദേശിക്കുന്നതെന്ന് അറിയില്ല’. ഇപ്പോൾ, കോവിഡ് വാക്സീനുകളുടെ കാര്യത്തിലും ആരാണ് ഇത്തരമൊരു സമീപനത്തിന് കേന്ദ്രത്തെ ഉപദേശിച്ചതെന്ന് അറിയാൻ ജനം താൽപര്യപ്പെടും.
 
കാരണം, വാക്സീന്റെ ഉൽപാദനച്ചെലവിന്റെയല്ല, വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വില നിർണയിക്കാൻ കമ്പനികളെ അനുവദിക്കുകയും അതിനു കീഴടങ്ങാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്ന നയം അത്രമേൽ യുക്തിരഹിതമാണ്. ഭരണഘടനാപരമായ ലംഘനങ്ങൾ വേറെ. ജനത്തിനുവേണ്ടി കൂടുതൽ ചോദ്യങ്ങൾ സർക്കാരിനോടു സുപ്രീം കോടതി ചോദിക്കുമായിരിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close