KERALATop News

കോവിഡിന്‍റെ അരങ്ങേറ്റത്തില്‍ തകര്‍ന്ന് കലോത്സവം

മകളുടെ കലാസപര്യയ്ക്കായി കിടപ്പാടം പണയം വച്ച രക്ഷിതാക്കള്‍ , അന്യായവിധികളുടെ പേരില്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി വേദിയോട് വിടപറഞ്ഞ കലാകാര്‍, ഉറക്കത്തെപ്പോലും അവഗണിച്ച് വിജയത്തിനായി വിയര്‍പ്പൊഴുക്കുന്ന കുട്ടികള്‍. അന്തരീക്ഷത്തിനു പോലും മത്സരത്തിന്റെ ഗന്ധമുള്ള ആ കാലം ഇപ്പോള്‍ അയവിറക്കുകയാവും പലരും. കാരണം സിനിമ പോലെ കലോത്സവം ഒരു ഇന്‍ഡസ്ട്രി ആയി മാറിയിരുന്നു. ഒരു കാലത്ത് പണം കണക്കു പറഞ്ഞ് വാരിയവര്‍ ഇത് ഭൂതലാവണ്യവും അയവിറക്കി മറ്റു ജോലികളുടെ പിന്നാലെയാണ്.
പ്രത്യക്ഷത്തിലും പരോക്ഷത്തിലും കോടികള്‍ ഒഴുകുന്ന കാലമായിരുന്നിത്. പക്ഷെ ഇപ്പോള്‍ എല്ലാം ശാന്തം. ഒരു വേദിയെ വേദിയാക്കിയ എത്രയോ പേര്‍ . അതിന്റെ ചുറ്റുവട്ടങ്ങളില്‍ ചെറുകിട കച്ചവടങ്ങളുമായി എത്തുന്നവര്‍. പന്തലും കസേരയും മുതല്‍ പാചകപ്പുരയിലെ പഴയിടത്തെപ്പോലുള്ളവരുടെ സാന്നിഥ്യം വരെ ഇന്ന് ഓര്‍മ്മയാണ്. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായപ്പോള്‍ അവരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ കൂടിയാണ് ഇല്ലാതായത്.

ശിഷ്യര്‍ക്കും ഇളവില്ല, പണമുണ്ടോ കലയുണ്ട്

സ്വന്തം ശിഷ്യരാണ് എങ്കില്‍ കൂടി കലോത്സവത്തിനായി പുതിയ ഒരു നൃത്തമോ പാട്ടോ പഠിപ്പിക്കാന്‍ പണം വേറെ നല്‍കണം. അതും ഭീമമായ തുക. മത്സരഭ്രാന്ത് തലയ്ക്കു പിടിച്ച മാതാപിതാക്കള്‍ കാണം വിറ്റും പണമെത്തിക്കും. പക്ഷെ അന്ന് ഇങ്ങനെയൊരു കാലമുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചു കാണില്ല. സ്‌കൂളില്‍ പോലും ക്ലാസ് ഇല്ലാതായ ഇക്കാലത്ത് ജീവിക്കാനായി മറ്റുപല വഴികളിലേക്കും തിരിഞ്ഞിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മക്കളെ പ്രമുഖരാക്കാനേ എല്ലാവരും നോക്കുന്നത്. 10 വര്‍ഷം കൊണ്ട് പഠിക്കേണ്ടത് 10 ദിവസം കൊണ്ട് പഠിച്ച് വേദിയിലെത്തിക്കുന്നതിനാണ് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കു താല്‍പര്യം. എളുപ്പത്തില്‍ ഗ്രേസ് മാര്‍ക്ക് എന്നതാണ് കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നതെങ്കില്‍ ഭീമമായ തുക അധികം അധ്വാനമില്ലാതെ കിട്ടുമെന്നതാണ് അധ്യാപകരെ ആകര്‍ഷിക്കുന്നത്. പക്ഷെ ഇതെല്ലാം കോവിഡ് വന്നതോടെ ഇല്ലാതായി.
ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതാണ് പലര്‍ക്കും ഒരാശ്വാസ മാര്‍ഗ്ഗം. പക്ഷെ അവിടെയും കഷ്ടത്തിലായത് ആഭരണങ്ങളും വസ്ത്രങ്ങളും വാടകയ്ക്ക് നല്‍കുന്നവരും മേക്ക്അപ് കലാകാരുമാണ്.

ക്ലാസ്സുകളില്‍ നിന്ന് ആസ്വാദനത്തിലേക്ക് മാറുമ്പോള്‍

സംഗീതവും നൃത്തവും ഉപകരണങ്ങളുമെല്ലാം പഠിപ്പിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉടമ പറയുന്നത് ക്ലാസ്സുകള്‍ നടത്തിയിട്ട് മാസങ്ങളായെന്നാണ്. ഓണ്‍ലൈന്‍ ക്ലാസ്സിനോട് കുട്ടികള്‍ താല്‍പര്യം കാണിക്കാത്തത് തന്നെയാണ് ഇതിന് കാരണം. മുതിര്‍ന്ന ചില വിദ്യാര്‍ത്ഥികളും അധ്യാപകരില്‍ ചിലരും ഇടയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിശീലിക്കാറുണ്ട്. പരിശീലനത്തിനപ്പുറം അതിന് ഒരു ആസ്വാദനതലമാണുള്ളതെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല യൂട്യൂബ് ചാനല്‍തുടങ്ങി അതിലൂടെ ഉള്ള കലാ പ്രവര്‍ത്തനങ്ങളും ഉണ്ട്.

പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല

കോവിഡ് കഴിഞ്ഞാലും കലോത്സവ മേഖലയ്ക്ക് മാറ്റം വരില്ലെന്ന് പലരും പറയുന്നു. ഇത് അത്രക്ക് വേരോട്ടമുള്ള ഒരു മേഖലയാണ്. മറ്റ് പല മേഖലകളിലേക്ക് തിരിഞ്ഞെങ്കിലും തിരിച്ച് ഇതിലേക്ക് തന്നെ എത്തും കാരണം അത്രയ്ക്ക് വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മേഖല വിട്ടുകളയാനാകില്ല എന്നാണ് പലരും പറയുന്നത്. കലയ്ക്കൊപ്പം പണത്തിനും പ്രാമുഖ്യമുള്ള ഇടമാണ് കലോത്സവ മേഖല. പ്രശസ്തി മനുഷ്യന് ഒരു ലഹരി ആയിരിക്കുന്നിടത്തോളം കാലം ഇതിങ്ങനെ തന്നെ നിലനില്‍ക്കും. പക്ഷെ പണ്ടുള്ളത് പോലൊരു പെരുമയും അതേ രൂപവും ഭാവവും ഇനി ഉണ്ടാകുമോ എന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close