CULTURALWORLD

കോവിഡില്‍ വ്യത്യസ്തമായി ഹാലോവിന്‍ ആഘോഷങ്ങളും

പല രാജ്യങ്ങളും ഹാലോവീന്‍ ആഘോഷിക്കുന്ന സമയമാണ് ഇപ്പോള്‍. മുന്‍പത്തെ പോലെ ആഘോഷങ്ങള്‍ ഒന്നും സാധ്യമല്ലെങ്കിലും, പറ്റാവുന്ന രീതിയില്‍ വീടുകളില്‍ ഇരുന്നും, സൂം മീറ്റ് വഴിയും ആളുകള്‍ അത് കൊണ്ടാടുകയാണ്. ഇപ്രാവശ്യത്തെ ഹാലോവീന്‍ വസ്ത്രങ്ങള്‍ക്കും പ്രത്യേകതയുണ്ട്. സ്ഥിരം കാണുന്ന നഴ്സുമാര്‍, കടല്‍ക്കൊള്ളക്കാര്‍, നിന്‍ജകള്‍ തുടങ്ങിയ വേഷങ്ങളല്ല വിപണിയില്‍ ഇക്കുറി ഇറങ്ങുന്നത്. പകരം ഹാന്‍ഡ് സാനിറ്റൈസര്‍, ബനാന ബ്രെഡ്, മെയില്‍ ഇന്‍ ബാലറ്റ് തുടങ്ങിയ ഇന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന വേഷങ്ങളാണ്.’ഹാലോവീന്‍ വഴി ഈ ഭ്രാന്തില്‍ നിന്ന് രക്ഷപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിലാര്‍ ക്വിന്റാന-വില്യംസ് പറഞ്ഞു. ഈ വര്‍ഷം ഇറക്കുന്ന ‘ഹാന്‍ഡ് സാനിറ്റൈസര്‍’ എന്നത് ഇളംപച്ച നിറത്തിലുള്ള ബോഡിസ്യൂട്ടാണ്. അതില്‍ ‘99% അണുക്കളെ കൊല്ലുന്നു’ എന്ന് അച്ചടിച്ചിരിക്കുന്നു. ആളുകള്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നാണ് പിലാര്‍ പറയുന്നത്. എന്നാലും ഏറ്റവും ഹിറ്റായത് അതൊന്നുമല്ല, ഫേക്ക് ന്യൂസ് കോസ്റ്റ്യൂമാണ്. വസ്ത്രത്തിന്റെ മുന്നില്‍ ചുവപ്പ് നിറത്തില്‍ ‘ഫേക്ക്!’ എന്ന ഒരു ന്യൂസ് പ്രിന്റ് ഡിസൈനുണ്ട്. അതുകൂടാതെ ബനാന ബ്രെഡ് വസ്ത്രവുമുണ്ട്. ഇന്ന് ആളുകള്‍ കൂടുതലും വീടുകളില്‍ തന്നെയാണ് പാചകം ചെയ്യുന്നത്. ‘വെള്ളം തിളപ്പിക്കാന്‍ പോലും അറിയാത്തവര്‍ ഇന്ന് ബനാന ബ്രെഡ് പോലുള്ള വിഭവങ്ങള്‍ സ്വയം ഉണ്ടാക്കി കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ വസ്ത്രവും ഒരുപാട് പേര്‍ക്ക് ഇഷ്ടമാകുമെന്ന് ഞാന്‍ കരുതുന്നു” അവര്‍ പറഞ്ഞു.മഹാമാരിയുടെ കാലം മാത്രമല്ല ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ സമയം കൂടിയാണ്. മുമ്പത്തേക്കാളും ഈ തെരഞ്ഞെടുപ്പ് അമേരിക്കക്കാരെ സ്വാധീനിക്കുന്ന ഒന്നാണ്. അതിനാല്‍ ‘മെയില്‍-ഇന്‍ ബാലറ്റ്’ വസ്ത്രവും മാര്‍ക്കറ്റിലുണ്ട്. അതില്‍ ‘ഞാന്‍ വോട്ട് ചെയ്തു’ എന്ന സ്റ്റിക്കറുകള്‍, ഫസ്റ്റ് ക്ലാസ് മെയില്‍ പ്രിന്റ്, ഔദ്യോഗിക ബാലറ്റ് വെച്ച ചുവന്ന സ്റ്റാമ്പ് എന്നിവ ഉള്‍പ്പെടുന്നു. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും ലോകമെമ്പാടും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് എന്ത് വസ്ത്രങ്ങള്‍ നിര്‍മ്മിക്കും എന്നതിന് പരിമിതികളുണ്ടായിരുന്നു. എന്നിരുന്നാലും മഹാമാരി ഉണ്ടാക്കുന്ന വിഷമതകളില്‍ നിന്ന് കുറച്ചെങ്കിലും ഒരാശ്വാസം നേടാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇത്തരം കോസ്റ്റ്യൂമുകള്‍ അതിന് വഴിവയ്ക്കുമെന്ന് ഫാഷന്‍ മേഖല പ്രതീക്ഷിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close