
കോട്ടയം:ഇന്ത്യയില്‍ കൊറോണയെ പ്രതിരോധിക്കാനുള്ള തീവ്രയുദ്ധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ രാപകലില്ലാതെ അവിശ്രാമം പ്രയത്നിച്ചു തളരുമ്പോള്‍, സിവില്‍ സര്‍വീസ് മാതൃകയില്‍ അഖിലേന്ത്യാ തലത്തില്‍ ‘ഇന്ത്യന്‍ മെഡിക്കല്‍ സര്‍വ്വീസ് ‘ എന്ന ദീര്‍ഘക്കാല ആവിശ്യം കൂടുതല്‍ ശക്തമായി പ്രസക്തിയാര്ജിക്കുകയാണ്. കോവിഡ് പോലൊരു മഹാമാരിക്കാലത്തും വിവിധ സംസ്ഥാനങ്ങള്‍ അതിനെ നേരിട്ട രീതിയും മാര്‍ഗങ്ങളും വിമര്‍ശനവിധേയമായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും വേണ്ടത്ര യോഗ്യരായ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പോലുമുണ്ടായി.
കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനുകീഴിലുള്ള ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടവേളയില്ലാതെ പ്രവര്‍ത്തിക്കേണ്ടിവന്നു. കേന്ദ്ര മാനദണ്ഡങ്ങള്‍ പുറത്തിറക്കിയെങ്കിലും രാജ്യം മുഴുവന്‍ അത് പാലിക്കപ്പെട്ടു എന്നുറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പലതലത്തിലുമുള്ള പരിമിതികളുണ്ട്. ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ തത്വങ്ങളില്‍ പൊതുജനാരോഗ്യം സംസ്ഥാനപട്ടികയിലായതുകൊണ്ടും സംസ്ഥാന ഭരണത്തില്‍ വരുന്നത് കൊണ്ട് രാജ്യത്തുടനീളം കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കാനും കേന്ദ്ര സര്‍ക്കാര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.ഏറ്റവും അധികം കൊവിഡ് ബാധിതരുള്ള മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമ്പോള്‍ മെഡിക്കല്‍ പശ്ചാത്തലം ഉള്ളവര്‍ കൂടുതലായി ആരോഗ്യ രംഗത്തെ നയ രൂപീകരണത്തില്‍ എത്തേണ്ടതിന്റെ ആവശ്യവും ഏറുകയാണ്. ഇതിനു പരിഹാരമായി ആരോഗ്യ രംഗത്തുള്ളവര്‍ തന്നെ നിര്‍ദ്ദേശിക്കുന്നതാണ് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വ്വീസിന്റെ രൂപീകരണം.
ഇക്കഴിഞ്ഞ ജൂലൈ ആറിന് ആരോഗ്യ രംഗത്ത് ഒരു പ്രത്യേക കേഡര്‍ എന്ന ആവശ്യം ഉന്നയിച്ച് ഫെഡറേഷന് ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ഫോര്‍ഡാ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയുണ്ടായി. ജൂലൈ ഒന്‍പതിലെ പത്രക്കുറിപ്പില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുളള മറ്റു വകുപ്പുകളിലും കാര്യക്ഷമമായ ഏകോപനത്തിനും മറ്റുമായി അഖിലേന്ത്യാ സര്‍വീസിലുള്ള ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. പൊലീസ് പൂര്‍ണമായി സംസ്ഥാനങ്ങളുടെ വകുപ്പാണെങ്കിലും അതിന്റെ തലപ്പത്ത് ഐപിഎസ് കാര്‍ മാത്രമാണ് നിയമിക്കപ്പെടുക. സമാനമായി ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് നിലവില്‍ വന്നാല്‍ പൊതുജനാരോഗ്യമേഖലയിലും അഖിലേന്ത്യാതലത്തില്‍ പരിശീലനം കിട്ടിയ, മെഡിക്കല്‍ യോഗ്യതയും ഭരണനൈപുണ്യവും ഒരുപോലെയുള്ള വിദഗ്ധരെ നിയോഗിക്കാനാവും.