
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയാണെന്ന് രാഹുൽഗാന്ധി എം പി. കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ പ്രതികരണം ദൗർഭാഗ്യകരമാണെന്നും രാഹുൽ പറഞ്ഞു. മികച്ച വികേന്ദ്രീകൃത സംവിധാനങ്ങളാണ് പ്രതിരോധപ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളത്തെ വ്യത്യസ്തമാക്കുന്നത്.
മഹാമാരിയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഹർഷവർധന്റെ പ്രസ്താവന പരാമർശിച്ച് രാഹുൽ പറഞ്ഞു. രോഗത്തെ അതിജീവിക്കാനുള്ള കഴിവ് കേരളത്തിനുണ്ട്. രോഗം തടയുന്നതിൽ പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ടെന്നും രാഹുൽ ഓർമപ്പെടുത്തി.