
പാലക്കാട്: കോവിഡ് വ്യാപനത്തില്‍ കേരളാ മോഡല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിള്ളല്‍ വീണു എന്ന വാര്‍ത്തയാണ് ദിനം പ്രതിയുള്ള കോവിഡ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു ദിവസം തന്നെ ആയിരങ്ങള്ക്കടന്ന് രോഗികള്‍ ഉണ്ടാകുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെയും സമ്പര്‍ക്ക രോഗികളാവുന്നു. പലയിടങ്ങളിലും സാമൂഹ്യ വ്യാപനം സംഭവിച്ചു കഴിഞ്ഞു എന്നു സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ കിം നടത്തിയത്. കൃത്യമായ മാനണ്ഡങ്ങള്‍ പുലര്‍ത്തിക്കൊണ്ടും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും കൊണ്ടാണ് പരീക്ഷ നടത്തിയത് എന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ പരീക്ഷയില്‍ പങ്കെടുത്ത രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവന്തപുരത്തെ തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇപ്പോള്‍ പാലക്കാട് കഞ്ചിക്കോട് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കീം പരീക്ഷ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു അധ്യാപികയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇവരുടെ മകള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹാളിലെ കുട്ടികളോടും മറ്റ് ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മകളെ വിളിക്കാന്‍ അധ്യാപിക ചെന്നൈയില്‍ പോയിരുന്നതായി സൂചനയുണ്ട്. ഒന്നാം ഘട്ടലോക്ഡൗണ് കാലത്താണ് സര്‍ക്കാര്‍ ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് എസ്എല്‍സി പരീക്ഷ നടത്തുന്നത്. പ്രതിപക്ഷത്തിന്റെയെല്ലാം എതിര്‍പ്പ് അവഗണിച്ച് കൊണ്ട് നടത്തിയ പരീക്ഷ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം പാഴാക്കി പ്രത്യക്ഷത്തില്‍ വിജയകരമായി തന്നെ നടന്നു. ആര്‍ക്കും രോഗബാധയും ഇതുമൂലം റിപ്പോര്‍ട്ട് ചെയ്തുമില്ല.
രണ്ടാം ഘട്ട ലോക്ഡൗണ്‍ കാലത്തെ അത്രയും സങ്കീര്‍ണമായ അവസ്ഥയിലായിരുന്നില്ല കേരളം അന്ന്. കൃത്യമായ ജാഗ്രത പുലര്‍ത്തി തന്നെയാണ് പത്താംതരം പരീക്ഷ സര്‍ക്കാര്‍ നടത്തിയതും. ആ അമിത ആത്മ വിശ്വാസത്തിന്റെ വീണുടയലാണ് സര്‍ക്കാര്‍ നടത്തിയ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ കണ്ടത്. എസ്എല്‍സിയുടെ നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയ്ക്കുണ്ടായിരുന്നില്ല. അധികൃത അനാസ്ഥ ധാരാളമുണ്ടായി എന്നു വ്യക്തവുമാണ്. കോവിഡ് കാലത്തിനു മുമ്പുണ്ടായിരുന്ന അത്രയും മാത്രം പരീക്ഷാ കേന്ദ്രങ്ങളായിരുന്നു ഇത്തവണയും ഒരുക്കിയത്. അതും സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞു എന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ തിരുവന്തപുരത്ത് പോലും അതിനു മാറ്റമുണ്ടായില്ല. പരീക്ഷ നടത്തിപ്പില്‍ കാണിച്ച തിടുക്കം മാത്രമല്ല, അതിന്റെ മുന്നോരുക്കത്തിലും സര്‍ക്കാരിനു വീഴ്ച സംഭവിച്ചു. കിം പരീക്ഷാ നടത്തിപ്പില്‍ വീഴ്ചയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങളും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കോവിഡ് മഹാമാരിക്കു മുന്നില്‍ കേരളം അടി പതറുന്നു എന്ന അവസ്ഥയിലും കൃത്യമായ മുന്നോരുക്കങ്ങളില്ലാതെ നടത്തിയ പരീക്ഷ സര്‍ക്കാര്‍ വീഴ്ചതന്നെയാണ്.