കോവിഡ്: ഇന്ത്യയിലെ 41 ലക്ഷം യുവാക്കള്‍ക്ക് ജോലി നഷ്ടമായി

മുംബൈ: കോവിഡ് പകര്‍ച്ചാവ്യാധി മൂലം രാജ്യത്ത് 41 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. നിര്‍മാണ, കാര്‍ഷിക മേഖലയിലെ തൊഴിലാളികളാണ് തൊഴില്‍ നഷ്ടത്തില്‍ ഭൂരിഭാഗവും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. ഏഷ്യയിലും പസഫിക്കിലും കോവിഡ് 19 മൂലം ഉണ്ടായ യുവാക്കളുടെ തൊഴില്‍ നഷ്ടത്തെ കൈകാര്യം ചെയ്യല്‍ എന്ന തലക്കെട്ടിലാണ് ലേഖനം.
‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം 41ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. നിര്‍മാണവും കൃഷിയും അടക്കം ഏഴ് പ്രധാന മേഖലകളില്‍ വലിയ തൊഴില്‍ നഷ്ടം ഉണ്ടായി’- റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നു. പ്രതിസന്ധി വളരെ പെട്ടെന്ന് ബാധിച്ചത് യുവാക്കളായ തൊഴിലാളികളെയാണ്.ഏഷ്യാ-പസഫിക് മേഖലയിലെ 15 മുതല്‍ 25 വയസ് വരെയുള്ള 22 കോടിയോളം യുവാക്കളായ തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍ സര്‍വേ ഓണ്‍ യൂത്ത് ആന്റ് കോവിഡ് -19′ ന്റെ പ്രാദേശിക വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ലഭ്യമായ തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കുകളില്‍ എത്തിച്ചേര്‍ന്നത്.