KERALA

കോവിഡ്: ഇന്ത്യയില്‍ മരണം 50 ആയി; 1,965 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; സമൂഹവ്യാപന നിയന്ത്രണത്തിന് നാലാഴ്ചയെടുക്കുമെന്ന് കേന്ദ്രം

ന്യുഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1965 ആയി. ഇതുവരെ 50 പേര്‍ മരിച്ചു. രോഗബാധിതരില്‍ 1,764 പേര്‍ ചികിത്സയിലായിണ്. 150 പേര്‍ക്ക് രോഗം സുഖപ്പെട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സമൂഹ വ്യാപന നിയന്ത്രണത്തിന് നാലാഴ്ച വരെ സമയമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന നാളുകള്‍ ഏറെ നിര്‍ണായകമാണ്. സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇനിയും കുടുതല്‍ സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷം തുടരുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. രോഗബാധിതരില്‍ 80-85% രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. കോവിഡ് പ്രതിമരാധത്തിന് കൃത്യമായ വാക്സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ ആദ്യമരണം രേഖപ്പെടുത്തിയതോടെയാണ് മരണസംഖ്യ 50ല്‍ എത്തിയത്. അംബാല സ്വദേശിയായ 67 കാരനാണ് ഒടുവില്‍ മരിച്ചത്. ഇയാള്‍ക്ക് കൊറോണ ബാധിച്ചതായി കഴിഞ്ഞദിവസമാണ് സ്ഥിരീകരിച്ചത്. വഡോദരയിലും ഇന്നു രാവിലെ ഒരാള്‍ മരിച്ചു. ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തി മടങ്ങിവന്ന 52 കാരനാണ് മരിച്ചത്. ഇദ്ദേഹത്തെ മാര്‍ച്ച് 19ന് എസ്എസ്ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളായ നാലു പേരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. അസമിലെ ഗോല്‍പാറ ജില്ലയില്‍ മൂന്നു പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 16 ആയി. മണിപ്പൂരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലിഗി ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ആളാണിദ്ദേഹം. ഇതോടെ മണിപ്പൂരിലെ രോഗബാധിതരുടെ എണ്ണം രണ്ടായി.
അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 338 ആയി. ഇന്നു മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 12 പേരില്‍ രോഗം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 98 ആയി. രാജസ്ഥാനില്‍ ഇന്ന് ഒമ്പത് പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 129 ആയി. പഞ്ചാബ് സുവര്‍ണക്ഷേത്രത്തിലെ ആസ്ഥാന ഗായകന്‍ ഭായ് നിര്‍മ്മല്‍ സിംഗ് മരണമടഞ്ഞതോടെ ഇവിടുത്തെ മരണസംഖ്യ ആറായി. തെലങ്കാനയില്‍ മൂന്നു പേര്‍ കൂടി മരിച്ചു. ഇവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് മടങ്ങിവന്നവരാണ്. ഇതോടെ സംസ്ഥാനത്തെ ഒമ്പതായി. 1300 പേര്‍ ഇവിടെ നിന്ന് നിസാമുദ്ദീനിലേക്ക് പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശില്‍ പുതുതായി 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. തമിഴ്നാട്ടില്‍ എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ തമിഴ്നാട്ടില്‍ പലയിടത്തും പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നുന്നെും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച 70 പേരും നിസാമുദ്ദീനില്‍ പങ്കെടുത്തവരാണ്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 10 ലക്ഷം കടക്കുമെന്ന് ലോകാേരാഗ്യ സംഘടന വ്യക്തമാക്കി. മരണം 50,000 കടക്കും. വൈറസ് ആഗോളതലത്തില്‍ വ്യാപകമായി പടരുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡോസ് ആഥനോന്‍ ഗെബ്രിയേസൂസ് പറഞ്ഞു. അതേസമയം, രോഗബാധിതരുടെ എണ്ണം നിലവില്‍ 9,36,204 ആയി. 47,249 പേരാണ് മരിച്ചത്. 1,94,578 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ രോഗികള്‍ അമേരിക്കയിലാണ്. 2,15,300. 5,110 പേര്‍ മരണപ്പെട്ടു. ഇറ്റലിയില്‍ 13,155 പേരാണ് മരിച്ചത്. സ്പെയിനില്‍ 9,387 ആയി മരണനിരക്ക്.

Tags
Show More

Related Articles

Back to top button
Close