INDIANEWSTop News

കോവിഡ് കാലത്ത് ഇംഗ്ലണ്ടിലും സഹയമെത്തിക്കാന്‍ മലയാളി; വിരുന്നിന് ക്ഷണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

പാലക്കാട്: കോവിഡ് കാലത്ത് ഇംഗ്ലണ്ടിലും സഹയമെത്തിക്കാന്‍ മലയാളി. പാലക്കാട്ടുക്കാരന്‍ പ്രഭു നടരാജന്‍ എന്ന മലയാളിയാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആദ്യം ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. മെച്ചപ്പെട്ട ഒരു ജോലി തേടിയാണ് അവിടെയെത്തിയത് എന്നാല്‍ കോവിഡ് ദുരന്തം ലോകമൊട്ടാകെ വ്യാപിച്ചപ്പോള്‍ പ്രഭുവും അതില്‍ പെട്ടു. അവിടെയെത്തി പത്താംനാള്‍ ലോക് ഡൗണ്‍ ആരംഭിച്ചു. ജോലിപ്രതീക്ഷ അസ്തമിച്ചെങ്കിലും ആ ലോക്ഡൗണ്‍ പ്രഭുവിന്റെ ജീവിതം മാറ്റിമറിച്ചു. കോവിഡ്കാല സേവനത്തിലൂടെ ഈ 34-കാരന്‍ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ താരമാണ്. നേടിയത് നാല് പുരസ്‌കാരങ്ങള്‍. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണവും.

ഓക്സ്ഫോര്‍ഡ് മെയില്‍ എന്ന മാധ്യമസ്ഥാപനം നടത്തിയ മേന്‍ ഓഫ് ദ ഇയര്‍ എന്ന നോമിനേഷന്‍ പരിപാടിയില്‍ ഒന്നാമതെത്തിയതാണ് മികച്ച നേട്ടമായത്. ബ്രിട്ടന്റെ ചരിത്രത്തില്‍ 1,636 പേര്‍ക്ക് മാത്രം കിട്ടിയിട്ടുള്ള പോയന്റ് ഓഫ് ലൈറ്റ് അവാര്‍ഡും പ്രഭുവിനെ തേടിയെത്തി. പ്രഭുവിന്റെ സേവനങ്ങളെ പ്രശംസിച്ച് വിക്ടോറിയ പ്രെന്റിസ് എം.പി.യുടെ കത്ത് കിട്ടിയതിന് പിന്നാലെയാണ് അത്താഴവിരുന്നിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണവുമെത്തിയത്. പ്രഭുവിന്റെ ജീവിതം വഴിമാറിയതിങ്ങനെയാണ്.

ബ്രിട്ടനിലെത്തി ലോക്ഡൗണില്‍ കുടുങ്ങി നല്ലൊരു ജോലി കിട്ടാനുള്ള കാത്തിരിപ്പിനിടെ നവംബര്‍ 14 എത്തി. അന്നായിരുന്നു അദ്ദേഹത്തിന്റെ ഏഴാം വിവാഹവാര്‍ഷികം. കൂട്ടുകാരാരും ബന്ധുക്കളുമാരുമില്ലങ്കിലും കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ആര്‍ക്കെങ്കിലും നല്‍കാന്‍ പദ്ധതിയിട്ടു 15 പായ്ക്കറ്റ് ഭക്ഷണം പ്രഭു വാങ്ങി. ആവശ്യക്കാരുണ്ടെങ്കില്‍ ഭക്ഷണം നല്‍കാമെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റും ഇട്ടു. ഒന്നര മണിക്കൂറിലെത്തി നൂറു പേരുടെ വിളികള്‍. ഇവിടെനിന്നാണ് കോവിഡ്കാല സേവനത്തിന് തുടക്കമാകുന്നത്. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മറ്റ് സേവനങ്ങളും ആവശ്യമുള്ള നിരവധിപേരുണ്ടെന്ന് മനസ്സിലാക്കി അത് സംഘടിപ്പിക്കാനിറങ്ങി.

സാന്റാക്ലോസിന്റെയും സൂപ്പര്‍മാന്റെയും ഉള്‍പ്പെടെ വിവിധ വേഷങ്ങളിട്ട് തെരുവിലിറങ്ങി. പ്രഭുവിന്റെ ലക്ഷ്യമറിഞ്ഞ് നിരവധി പേര്‍ സഹായിച്ചു. ഒരു ദിവസം 14 ലക്ഷം രൂപവരെ കിട്ടിയിട്ടുണ്ട്. അത് ഭക്ഷണമായും അവശ്യവസ്തുവായും അര്‍ഹതപ്പെട്ടവരുടെ വീട്ടിലെത്തി.2020-ന്റെ അവസാനത്തില്‍ മാത്രം 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകള്‍ പ്രഭു നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ചോക്ലേറ്റുകളും വേറെ. സേവനം ഇപ്പോഴും തുടരുന്നു.

പാലക്കാട് ഒലവക്കോട് പരേതനായ നടരാജന്റെയും വിജയലക്ഷ്മിയുടെയും മകനാണ്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. വീടുകള്‍തോറും കയറിയിറങ്ങി തുണി വിറ്റാണ് അമ്മ പ്രഭുവിനെ പഠിപ്പിച്ചത്. കോയമ്പത്തൂരില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ജോലി ചെയ്യുന്നതിനിടെയാണ് കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. ഓക്‌സ്ഫോര്‍ഡിനടുത്ത് ബാന്‍ബറിയിലാണ് താമസം. അവിടെ വൃദ്ധസദനത്തില്‍ കെയര്‍ടേക്കറാണ് പ്രഭു. ഭാര്യ ശില്പ അവിടെ മാനേജരും. ഏക മകന്‍ അദ്വൈതിന് അഞ്ച് വയസ്സ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close