ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയോട് അതിശക്തമായി പൊരുതുകയാണ് ജനത. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ട് തന്നെയിരിക്കുന്നു. ഇതുവരെ ലോകജന സംഖ്യയില്‍ നല്ലൊരു ശതമാനവും കോവിഡിനിരയായിട്ടുണ്ട്. കേരളത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. ആയിരത്തിലധികം പുതിയ രോഗികളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. സാമൂഹ്യ വ്യാപനത്തിന്റെ വക്കോളമെത്തിയെന്ന് ഭരണകൂടങ്ങള്‍ തന്നെ സമ്മതിക്കുന്ന അവസ്ഥയില്‍ രോഗവ്യാപ്തി ഇനിയും ഏറെ ഉയരാനാണ് സാധ്യത. അത്തരമൊരു അവസ്ഥയുണ്ടായാല്‍ ഏറെ പ്രതിരോധത്തിലാവുക നമ്മുടെ ആരോഗ്യ സംവിധാനം തന്നെയാവും. പരിമിതമായ ക്വാറെന്റെയ്ന്‍ സംവിധാനങ്ങളാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇനിയും രോഗികളുടെ എണ്ണം ഉയരുകയാണെങ്കില്‍ രോഗികള്‍ക്കായി വീട്ടില്‍ തന്നെ ചികത്സ ആരംഭിക്കേണ്ടതായും വരും. ഇതിനോടകം തന്നെ അതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കര്‍ണാടക പോലെ രോഗവ്യാപനം ഏറിയ സ്ഥലങ്ങളില്‍ കോവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞു. കേരളത്തിലും രോഗവ്യാപനം രൂക്ഷമായാല്‍ ഇവിടെയും ആ രീതി പിന്തുടരേണ്ടതായി വരും. കോവിഡ് രോഗികള്‍ക്ക് വീട്ടുചികത്സയ്ക്കായി ചില മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:
1.ഐസൊലേഷനിലുള്ള സൗകര്യം വീട്ടിലുണ്ടാകണം.
2.24 മണിക്കൂറും നിരീക്ഷണത്തിനും സംരക്ഷണത്തിനും സഹായിയെ നിയമിക്കും. ആരോഗ്യവിവരങ്ങള്‍ തത്സമയം ഡോക്ടറെ അറിയിക്കണം.
3.പ്രായം 50-ല്‍ കുറവാകണം, ഗര്‍ഭിണികള്‍ക്ക് അനുമതിയുണ്ടാവില്ല.
4.രോഗിക്ക് പള്‍സ് ഓക്‌സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവയുണ്ടാകണം.
5.രോഗിക്ക് രക്തസമ്മര്‍ദം, ഹൃദയതകരാറ്, പ്രമേഹം, വൃക്കരോഗം, അര്‍ബുദം തുടങ്ങിയ ഗുരുതര രോഗമുള്ളവരാവരുത്.
6.ആരോഗ്യനില തുടര്‍ച്ചയായി അവലോകനം ചെയ്യാന്‍ സൗകര്യം വേണം.
7.ദിവസം രണ്ടുലിറ്റര്‍ വെള്ളം കുടിക്കണം.
8.കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കണം
9.ബാത്ത് റൂമുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കണം
10.മാര്‍ഗനിര്‍ദേശം പാലിക്കാമെന്ന രോഗിയുടെ സത്യവാങ്മൂലം.
11.17 ദിവസം രോഗലക്ഷണമില്ലാതെ തുടര്‍ന്നാല്‍ ഐസൊലേഷന്‍ ഒഴിവാക്കും. പത്തുദിവസംകൂടി നിരീക്ഷണം. പിന്നീട് കോവിഡ് പരിശോധന ആവശ്യമില്ല.
12.ഐസൊലേഷനില്‍ കഴിഞ്ഞ വീടും മുറിയും അണുനശീകരണം നടത്തണം.