HEALTH

കോവിഡ് ജാഗ്രതയ്ക്കൊപ്പം തുരത്താം ഡെങ്കിപ്പനിയും

മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലഴ  ഡെങ്കിപനി പടര്‍ന്ന് പിടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പൊതുജന പങ്കാളിത്തം അനിവാര്യമാണ്. കൊറോണയെ പിടിച്ചു കെട്ടിയ നമ്മള്‍ക്ക് ഡെങ്കിപ്പനിയെ ഇല്ലാതാക്കാനും വളരെ എളുപ്പമാണ്. ജില്ലയിലെ മലയോര മേഖലയില്‍ കൂടുതലായി പടര്‍ന്ന് പിടിച്ച ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍  പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തിയിരിക്കുകയാണ് ജില്ലാ ആരോഗ്യവകുപ്പ്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഡെങ്കിപ്പനി ബാധിത മേഖലകളില്‍ ഫോഗിങ്ങും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പരിസര ശുചീകരണത്തിലൂടെ നമുക്ക് ഈ വ്യാധിയെ അകറ്റാന്‍ കഴിയും.

രോഗപകര്‍ച്ച എങ്ങനെ?

ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നീ കൊതുകുകളുടെ കടിയേല്‍ക്കുന്നതുമൂലമാണ് രോഗം പകരുന്നത്. പകല്‍ സമയത്താണ് ഈ കൊതുക് കൂടുതലായും കടിക്കാറുള്ളത്.കറുത്ത ശരീരത്തില്‍ വെള്ള പുള്ളികളുള്ള ഈ കൊതുക് നമ്മുടെ നാട്ടില്‍ വ്യാപകമായി കാണപ്പെടുന്നു.  

രോഗകാരണം?

ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഫ്‌ളാവി വൈറസുകളുടെ ഉപവിഭാഗത്തില്‍ പെടുന്ന ടൈപ്പ്-1, ടൈപ്പ് -2,  ടൈപ്പ്-3, ടൈപ്പ് -4 എന്നിവയില്‍ ഏതെങ്കിലും ഒന്ന് കൊതുക് കടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് രോഗം വരാന്‍ കാരണമാകുന്നത്.

രോഗ ലക്ഷണങ്ങള്‍?

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി,കണ്ണിന്റെ പിറകില്‍ വേദന, വെളിച്ചത്തേക്ക് നോക്കാന്‍ പ്രയാസം,സന്ധിവേദന  തൊലിപ്പുറമെയുള്ള തടിപ്പുകള്‍ എന്നിവയാണ് 

പ്രധാന ലക്ഷണങ്ങള്‍

ഗുരുതരമായാല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തസ്രാവം, തൊലിപ്പുറത്ത് നിന്നുള്ള രക്തസ്രാവം, തീവ്രമായ വയറുവേദന, ശ്വാസ തടസ്സം  എന്നിവ ഉണ്ടാകുകവഴി മരണംവരെ സംഭവിക്കാം.

എങ്ങനെ തടയാം?

കൊതുകിനെ തുരത്തുക മാത്രമാണ് ഡെങ്കിപനിയെ തുരത്താനുള്ള ഏകവഴി. അതിനായി വീട്ടിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന ചിരട്ട, ടയര്‍, തൊണ്ട്, മുട്ടത്തോട്, പ്ലാസ്റ്റിക് പത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെടിച്ചട്ടി തുടങ്ങീ  വെള്ളം നിറഞ്ഞ് കൊതുക് പെരുകാന്‍ സാധ്യത ഉള്ള എല്ലാ ഉറവിടങ്ങളും   മഴയ്ക്ക് മുമ്പ് നീക്കം ചെയ്യണം.ടെറസ്സ്, സണ്‍ഷൈഡ് എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം.അടപ്പില്ലാത്ത സിമന്റ്, പ്ലാസ്റ്റിക് ടാങ്കുകള്‍, വെള്ളം ശേഖരിച്ച് വയ്ക്കുന്ന ഡ്രമ്മുകള്‍ എന്നിവ തുണികൊണ്ടോ,  കൊതുക് വലകൊണ്ടോ  മൂടണം.അടയ്ക്കാ തോട്ടങ്ങളിലെ പാളകള്‍, റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ എന്നിവ മഴയ്ക്ക് മുമ്പ് നീക്കം ചെയ്യണം.വിറക് മൂടാനും,  മഴ കൊള്ളാതിരിക്കാന്‍ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ടാര്‍പ്പോളില്‍, പ്ലാസ്റ്റിക് ഷീറ്റുകളുടെ മടക്കുകളില്‍ വെള്ളം നില്‍ക്കുന്നത് ഇടയ്ക്കിടെ ഒഴിവാക്കണം.ഫ്രിഡ്ജിന്റെ പിറകിലുള്ള ട്രേയില്‍ നില്‍ക്കുന്ന വെള്ളം ആഴ്ചയില്‍ ഒഴിവാക്കണം.

Tags
Show More

Related Articles

Back to top button
Close