കോവിഡ് തേരോട്ടത്തില്‍ മഹാരാഷ്ട്ര കിതക്കുമ്പോള് ധാരാവി ഗ്രീന്സോണിലേക്കു കുതിക്കുന്നു.

റമ്ദാന്‍ പിറ അറിഞ്ഞിട്ടും തെരിവുകള്‍ അന്ന് വിജനമായിരുന്നു. നാലു ചുവരുകള്‍ക്കുള്ളില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത് ധാരാവിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കും. ആരേയും അനുസരിക്കാത്ത ധാരാവി കോവിഡിനെ ജയിക്കാനായി നിയന്ത്രണങ്ങളെ സ്വീകരിക്കുകച്ചു. ധാരാവിയില്‍ വൈറസ് എത്തിയാലുള്ള അവസ്ഥ പരിതാപകരമായിരിക്കുമെന്ന ചിന്ത സര്‍ക്കാരിനേയും ഭീതിയില്‍ ആഴ്ത്തിയിരുന്നു. പക്ഷെ ആ ആശങ്കകള്‍ക്കെല്ലാം മുകളിലാണ് ഇപ്പോള്‍ പ്രത്യാശയുടെ തണുപ്പ് വീണത്. ധാരാവി ഇന്ന് കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ ഒരു മാതൃകയാണ്.
ഏഷ്യയിലെ, ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ ഒന്നാണ് ധാരാവി. ഇവിടെ ആദ്യഘട്ട കോവാഡ് വ്യാപനം ശക്തമായിരുന്നു. എന്നാല്‍ സമയോജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിലൂടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് നിരക്ക് കൂടുമ്പോഴും ധാരാവി ലോകത്തിന് തന്നെ ഒരു മാതൃകയാണ്.
ധാരാവി
ധാരാവി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന ഒരു ചിത്രമുണ്ട്. കൊഴുത്ത അഴുക്കുവെള്ളം നിറഞ്ഞ തെരിവുകള്‍.മൃഗ മാംസത്തിന്റെയും രക്തത്തിന്റെയും അവശിഷ്ടങ്ങള്‍ പുഴുങ്ങിയുണങ്ങുമ്പോള് അതില്‍ നിന്നൂറിയിറങ്ങുന്ന മനം മടുപ്പിക്കുന്ന ഗന്ധം. മാഹിം സ്റ്റേഷനും ബാദ്രക്കുമിടയിലൂടെ ഒഴകുന്ന കറുത്ത പുഴ. ശരീരം മുതല്‍ ഡോളര്‍ വരെ ഇവിടെ വില്പ്പനച്ചരക്കാണ്. ഭക്ഷണവും വിസര്‍ജ്യവും ഒരുപോലെ കാഴ്ചയാകുന്ന ധാരാവി എന്നും പുറം ലോകത്തിനെ വിലക്കിയിരുന്നു. 6.5 ലക്ഷംപേരാണ് ഇവിടെ 2.5 ചതുരശ്രകിലോമീറ്ററില്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഒരു മുക്കുവഗ്രാമമായിരുന്ന ഇവിടം കാലക്രമേണ ഒരു ചേരിയായി മാറുകയായിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമാണവിടെ. ചതുപ്പായതു കൊണ്ടും മോശമായ ഡ്രെയ്നേജ് സംവിധാനം കൊണ്ടും ഇവിടെ മണ്‍സൂണ്‍ കാലം ദുരിതത്തിലാണ്. ഇതിന്റെ ഉദ്ധാരണത്തിനായി സ്ലം റീഹാബിലിറ്റേഷന്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ 2007 ജൂണ്‍ ഒന്നിന് റീ ഡവലപ്മെന്്റ ഓഫ് ധാരാവി എന്ന പ്രോജക്ട് ആരംഭിച്ചിരുന്നു എന്നാല്‍ ധാരാവിയുടെ നിസ്സഹകരണം മൂലം അതിപ്പോഴും പാതി വഴിയില്‍ തന്നെ. അന്നു വഴങ്ങാത്തവരാണ് ഇന്ന് അനുസരണയോടെ നിന്ന് ലോകത്തിനുതന്നെ മാതൃകയായത്.
കോവിഡ് ബാധിച്ചപ്പോള്‍
ഏപ്രില്‍ ഒന്നിനാണ് ആദ്യമായി ധാരാവിയില്‍ കോവിഡ് പ്രത്യക്ഷപ്പെട്ടത് . പിന്നീട് 2000ത്തിലധികം പേര്‍ക്കു രോഗബാധ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് അവിടം ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.ആദ്യമായി ചേരിയില്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകരേയും പോലീസിനേയും കല്ലെറിഞ്ഞ ഇവിടുത്തുകാര്‍ കാര്യങ്ങളുടെ ഗൗരവം പറഞ്ഞുമനസ്സിലാക്കിയപ്പോള്‍ വഴങ്ങുകയായിരുന്നു.പിന്നീട് പൂര്‍ണ്ണസഹകരണവും ഇവരുടെ ഭാഗത്തു നിന്നുലഭിച്ചു.കേസുകള്‍ വരുന്നത് കാത്തിരിക്കാതെ ‘വൈറസിനെ പിന്തുടരുക എന്ന നടപടിയാണ് ഇവിടെ സ്വീകരിച്ചത്. മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ ദിഖാവ്കറാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.ചേരിനിവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ഡ്രോണുകളെ ഉപയോഗിച്ചു നിരീക്ഷിച്ചിരുന്നു. ധാരാവിയിലെ അഞ്ചിടങ്ങളാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.
പ്രതിരോധം ഇങ്ങനെ
പുറം ലോകത്തിന് മുന്നില്‍ ഒരു അടഞ്ഞ വാതിലാണ് ധാരാവിയുടേത് . സമൂഹത്തിലെ എല്ലാമേഖലയില്പ്പെട്ടവര് ഇവിടെയുണ്ടങ്കിലും സാധാരണക്കാരാണിവിടെയധികം. അവരുടെ വിശ്വാസം നേടിയെടുക്കുക എന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയൊരു കടമ്പയായിരുന്നു. 47000 വീടുകളില്‍ കയറുകയും 700000ത്തിലധികം ആളുകളെ പരിശോധിക്കുകയും ചെയ്തു. രോഗലക്ഷണമുള്ളവരെ ക്വാറന്റൈന് കേന്ദ്രങ്ങളാക്കിമാറ്റിയ സ്കൂളുകളിലേക്കും സ്പോട്സ് ക്ലബ്ബുകളിലേക്കും മാറ്റുകയായിരുന്നു ആദ്യ നടപടി. ചികിത്സ ഉറപ്പാക്കാന്‍ 24 മണിക്കൂറും ക്വാറന്റൈന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.ആരോഗ്യപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമഫലമായി കൃത്യമായ അവബോധം ലഭിച്ച ഇവിടുത്തുകാര്‍ പ്രാരംഭസമയത്തുതന്നേ ചികിത്സ തേടി . 225 ശൗചാലയങ്ങളാണ് ഇവിടുത്തെ ആറുലക്ഷത്തിലധികം ജനങ്ങള്‍ക്കായി ഉള്ളത് . അവ തുടര്‍ച്ചയായി ശുചിയാക്കുക എന്നത് ഒരു ഭഗീരധപ്രയത്നം തന്നെയായിരുന്നു. ഇത് രോഗവ്യാപനത്തെ കുറക്കാന്‍ വലിയൊരു കാരണമായി.ദിവസ വേതനത്തില്‍ കഴിയുന്നവരാണ് ഇവിടെ അധികവും. അവര്‍ക്കായി, ഭക്ഷണലഭ്യതയും സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. പുതിയ ക്ലിനിക്കുകള്‍ സ്ഥാപിച്ചതും രോഗവ്യാപനം കുറച്ചു.
പ്രതിരോധത്തിന്റെ വഴികള്‍
ഏപ്രില്‍ ആദ്യവാരത്തില്‍ ധാരാവിയിലെ മാര്‍ക്കറ്റില്‍ മാസ്ക് ധരിച്ച കച്ചവടക്കാരാണ് ഉപയോക്താക്കളെ അഭിമുഖീകരിച്ചത്. അതൊരു തുടക്കമായിരുന്നു. കാര്യക്ഷമമായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ തുടക്കം.
– സമ്പൂര്‍ണ്ണ നിരീക്ഷണം.
ചേരിനിവാസികളായ എല്ലാവരേയും നിരീക്ഷണത്തിന് വിധേയമാക്കി.ഒപ്പം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കി.
-പൂര്‍ണ്ണമായ അടച്ചിടല്‍
ചേരി പൂര്‍ണ്ണമായും അടച്ചിടുകയും നിയന്ത്രണങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു.
– വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
ഒരു വീട്ടില്‍ തന്നെ ഏഴോളം പേര് കഴിയുന്ന സാഹചര്യമാണുള്ളത് , അവിടെ സാധാരണ നര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യത്തെ അതിജീവിക്കാനുതകുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അത് നടപ്പിലാക്കുകയും ചെയ്തു.
– മൊബൈല്‍ ദാതാക്കളുടെ സഹായം
ആളുകളുടെ വിവരശേഖരണത്തിന് മൊബൈല്‍ സര്‍വ്വീസ് ദാതാക്കളുടെ സഹായമാണ് തേടിയത്.രോഗവ്യാപനത്തിന്റെ തോതറിയാനും ആളുകളെ കണ്ടെത്താനും ഇത് ഏറെ സഹായകരമായി
– പരീക്ഷണം , സമ്പര്‍ക്കപ്പട്ടിക
ചേരിയിലുള്ള എല്ലാവരേയും നിരീക്ഷിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. സമ്പര്‍ക്കപ്പട്ടിക തയ്യറാക്കി അതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി .
– പത്രങ്ങളിലെ വിശ്വാസം
പത്രമാധ്യമങ്ങള്‍ വഴി സത്യസന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അതിലൂടെ ജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുകയും ചെയ്തു. ഒരു സാധാരണ പനിക്കപ്പുറമാണ് കോവിഡ് എന്ന് ധാരാവി തിരിച്ചറിഞ്ഞത് കൂടുതലും ഈ വാര്ത്തകളില്ക്കൂടിത്തന്നെയാവണം.
– സൗജന്യ സേവനങ്ങള്‍
വോളണ്ടിയേഴ്സ് ഉള്‍പ്പെടെ ആര്‍ക്കു രോഗബാധയുണ്ടായാലും ഉടനടി ക്വാറന്റൈന് ഏര്‍പ്പെടുത്തുകയും സൗജന്യസേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. മരുന്നും ഭക്ഷണവും കുടിവെള്ളവും ആവശ്യാനുസരണം സൗജന്യമായിത്തന്നെ എത്തിച്ചു. പുറത്തിറങ്ങാതെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ചേരിനിവാസികള്‍ സഹകരിക്കാനാരംഭിച്ചു.
ധാരാവി മാതൃക മറ്റിടങ്ങളില്‍ സാധ്യമോ?
ഒരു കുടിലില്‍ ഏഴോളം പേര് തിങ്ങിപ്പാര്‍ക്കുന്ന , എണ്‍പതോളം ആളുകള്‍ ഒരേ ടോയ്ലറ്റ് ഉപയോഗിക്കുന്ന ധാരാവിയില്‍ ഇത് സാധ്യമെങ്കില്‍ ലോകത്തെവിടെയും ഇത് സാധ്യമാകും . ധാരാവിയില്‍ കര്‍ശന ലോക്ഡൗണാണ് നടപ്പിലാക്കിയത്. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാനടപടികളും അവിടെ സ്വീകരിച്ചിരുന്നു.ബോധവല്‍ക്കരണവും നിരീക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചതുമാണ് ധാരാവിയെ ഒരു മാതൃകയാക്കി
മാറ്റിയത്. മറ്റിടങ്ങളില്‍ അവസാന ഘട്ടത്തിലാണ് രോഗികള്‍ ചികിത്സക്കെത്തുന്നത്. കൃത്യവും കര്‍ശനവുമായ പരിശോധന എല്ലാവരിലും നിര്‍ബന്ധമാക്കുകയും തുടര്‍ചികിത്സ ഉറപ്പാക്കുകയും ചെയ്താല്‍ ധാരാവി മാതൃക സാധ്യമാക്കാം.