കോവിഡ് ദ്രുത പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ഇസ്രയേല്‍ സംഘം ഇന്ത്യയില്‍

ന്യൂഡല്‍ഹി: കോവിഡിനുള്ള ദ്രുത പരിശോധനകള്‍ വികസിപ്പിക്കുന്നതിനായി ഇസ്രയേലിയിലെ മികച്ച പ്രതിരോധ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും അടങ്ങുന്ന സംഘം തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ എത്തി.
ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക്കയുടെ നേതൃത്വത്തിലുള്ള സംഘം ടെല്‍ അവീവില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ദേശീയ തലസ്ഥാനത്ത് എത്തിയത്. വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്. ദ്രുത പരിശോധനകള്‍ വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായും പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ വിദഗ്ധരുമായും ചേര്‍ന്നാവും ഇസ്രയേല്‍ സംഘം പ്രവര്‍ത്തിക്കുക.
ഇവരുടെ സഹായത്തോടെയുള്ള പരിശോധനയില്‍ 30 സെക്കന്‍ഡില്‍ത്തന്നെ ഫലം ലഭിക്കും. കോവിഡ് വേഗത്തില്‍ കണ്ടെത്തുന്നതിനായുള്ള നൂതന സാങ്കേതികവിദ്യകളുടെ ഫലപ്രാപ്തി എത്രമാത്രമെന്ന് കണ്ടെത്താന്‍ പ്രതിനിധി സംഘം നിരവധി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയില്‍ ഗവേഷണത്തിന്റെ അവസാന ഘട്ടങ്ങള്‍ നടത്തുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള അതുല്യമായ സഹകരണം പത്ത് ദിവസത്തിനുള്ളില്‍ പതിനായിരക്കണക്കിന് സാമ്പിളുകള്‍ ശേഖരിക്കാനും കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്യാനും പ്രതിനിധി സംഘത്തെ പ്രാപ്തമാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.ഡയറക്ടറേറ്റ് ഓഫ് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ്, ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്, ആരോഗ്യ മന്ത്രാലയം, ഡയഗ്നോസ്റ്റിക് സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതില്‍ പങ്കാളികളായ വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നുള്ള 20 വിദഗ്ധരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്കെനാസി ഞായറാഴ്ച ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി സംസാരിക്കുകയും കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും സപഹകരിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇസ്രായേലി സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാനും മൂന്നാം രാജ്യങ്ങളിലേക്ക് സംയുക്തമായി കയറ്റുമതി ചെയ്യാനും കഴിയുന്നതിക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷെ ഇതിനെതിരെ പ്രതിഷേധവും ഇപ്പോള്‍ തുടങ്ങയിട്ടുണ്ട്.