KERALANEWS

കോവിഡ് പോസിറ്റീവായവരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും വോട്ടുകള്‍ ശേഖരിക്കുന്നതില്‍ വന്‍ ക്രമക്കേടെന്ന് വി.വി രാജേഷ്

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായവരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും (സ്‌പെഷ്യല്‍) വോട്ടുകള്‍ ശേഖരിക്കുന്നതില്‍ വന്‍ ക്രമക്കേടെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി രാജേഷ്.

കോവിഡ് പോസിറ്റീവായവരുടേയും ക്വാറന്റൈനില്‍ ഉള്ളവരുടേയും വിവരങ്ങള്‍ ആരോഗ്യ വകുപ്പില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് കൊടുക്കുകയും അവിടെ നിന്നും റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ വഴി ബാലറ്റ്, രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും കൈകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിന് ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജിലെ ഇടതുപക്ഷ അധ്യാപകരേയും സിപിഎം പ്രവര്‍ത്തകരായിട്ടുള്ള ഉദ്യോഗസ്ഥരെയുമാണ്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ പാടില്ലെന്ന ന്യായം പറഞ്ഞ് വോട്ടര്‍മാര്‍ ആരാണെന്ന് സ്ഥാനാര്‍ത്ഥികളെ പോലും അറിയിക്കുന്നില്ല.
ഈ ഉദ്യോഗസ്ഥര്‍ രോഗികള്‍ക്ക് അടുത്തു പോയി വോട്ടു ചെയ്യിച്ച ശേഷം നിര്‍ബന്ധിപ്പിച്ച് തിരികെ വാങ്ങുകയാണ് ചെയ്യുന്നത്. തങ്ങള്‍ പോസ്റ്റല്‍ ബാലറ്റ് തപാലില്‍ അയച്ചുകൊടുക്കാമെന്ന് പറഞ്ഞാലും പലപ്പോഴും ഇവര്‍ നിര്‍ബന്ധപ്പൂര്‍വ്വം ബാലറ്റുകള്‍ തിരികെ വാങ്ങാറുണ്ട്. വോട്ട് തിരികെ കൊണ്ടുപോകുന്നതിനിടയില്‍ വ്യാപക ക്രമക്കേടുകളാണ് നടക്കുന്നത്. ഈ വോട്ട് ആരൊക്കെയാണ് കൈകാര്യം ചെയ്യുന്നതെന്നോ, എവിടെയാണോ സൂക്ഷിക്കുന്നതെന്നോ സ്ഥാനാര്‍ത്ഥികളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ അറിയിക്കാറില്ല. ഈ ക്രമക്കേട് സിപിഎം ജില്ലാ നേത്യത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്സില്‍ ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിനാല്‍ എത്ര ബാലറ്റ് അച്ചടിച്ചെന്നോ, എത്രയണ്ണം വിതരണം ചെയ്‌തെന്നോ, എത്രയണ്ണം തിരികെ കിട്ടിയെന്നോ സ്ഥാനാര്‍ത്ഥികളും ഇലക്ഷന്‍ ഏജന്റുമാരോ പോലും അറിയുന്നില്ല. സര്‍ക്കാര്‍ ഓഫീസിലെ രേഖകള്‍ കൈകാര്യം ചെയ്യുമ്പോലെയാണ് ബാലറ്റ് പേപ്പര്‍ ഇവര്‍ കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പും പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒക്കെതന്നെ സുതാര്യമായിരിക്കുകയും സ്ഥാനാര്‍ത്ഥികളോ ചീഫ് ഇലക്ഷന്‍ ഏജന്റോ അറിഞ്ഞിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ കോവിഡ് മാനദണ്ഡത്തിന്റെ പേരു പറഞ്ഞ് ഇതൊന്നും തന്നെ സ്ഥാനാര്‍ത്ഥികളെ അറിയിക്കുന്നില്ല.

ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ ബാലറ്റുകള്‍ അച്ചടിക്കുകയും അത് വിതരണം ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. കോവിഡ് ബാധിക്കുകയും ക്വാറന്റൈനില്‍ കഴിയുകയും ചെയ്യുന്ന സിപിഎം ഇതര വോട്ടര്‍ക്കാര്‍ക്ക് ബാലറ്റുകള്‍ ഇതുവരെ എത്തിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട യാതൊരു സുതാര്യതയും നിലനിര്‍ത്തുന്നില്ല. എല്‍ഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പ് വിധി എതിരായി വരാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരിന്റെ ഈ നീക്കത്തിന് കൂട്ടു നില്‍ക്കുകയാണ്. പലപ്പോഴും ജില്ലാ കളക്റ്ററുമായും റിട്ടേണിംഗ് ഓഫീസര്‍മാരുമായി ബിജെപി ജില്ലാ നേത്യത്വം ചര്‍ച്ച നടത്തിയെങ്കിലും ഇതിനെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാനോ ആധികാരമായി ഇതിന്റെ രീതി എങ്ങനെയെന്ന് വിശദീകരിക്കാനോ തയ്യാറായിട്ടില്ല.

എന്തുപറഞ്ഞാലും കോവിഡിന്റെ പേരു പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്യുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട സ്ഥലങ്ങളില്‍ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോസ്റ്റല്‍ ബാലറ്റിലൂടെ ക്രമക്കേട് നടത്തി വിജയം കൊയ്യുവാനാണ് ശ്രമിക്കുന്നത്. ഇതറിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. പോസ്റ്റല്‍ ബാലറ്റില്‍ നിലനില്‍ക്കുന്ന ഈ ദുരൂഹത വോട്ടെണ്ണുന്ന ദിവസം വളരെ വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍ വോട്ടെണ്ണലിന് മുമ്പ് ഇതിന്റെ സുതാര്യതയെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തി ബാലറ്റ് വോട്ടുകളില്‍ ക്രമക്കേട് നടന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും വി.വി രാജേഷ് ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close