
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ സുപ്രധാന ഘടകങ്ങളായ രോഗിനിരീക്ഷണം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, കണ്ടെയ്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ എന്നിവയൊക്കെ പോലീസിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരു ആരോഗ്യപ്രവര്ത്തകനെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ച. നാളിതു വരെ ആരോഗ്യ രംഗത്ത് കേരളം നേടിയ ലോക ശ്രദ്ധയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടി എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരായ ആരോപണം.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
രോഗനിരീക്ഷണവും രോഗീനിരീക്ഷണവും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും
നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേകിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ്
സ്തുത്യര്‍ഹമായി നാളിതുവരെ ചെയ്തുപോന്നത്.
അതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായതായി എങ്ങുനിന്നും പരാതികള്‍ കേട്ടിട്ടില്ല.
ഉണ്ടായിരുനെങ്കില്‍ അത് ആദ്യമറിയേണ്ടത് തദ്ദേശസ്ഥാപനങ്ങളും പ്രാദേശിക നേതാക്കളുമാണ്. അവരൊക്കെ,
ഒപ്പം തിരിച്ചെത്തിയ അസംഖ്യം പ്രവാസികളും, ഇക്കാര്യത്തില്‍ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പിന്തുണക്കും പരിശ്രമത്തിനും കയ്യടിച്ചതായാണ് കാണുന്നത്. രോഗികള്‍ക്കും രോഗം ഭേദമായവര്‍ക്കും അവരുടെ സമ്പര്‍ക്കങ്ങള്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നല്കിയ സേവനങ്ങളില്‍ നല്ലതേപറയാനുള്ളൂ.
ഇനി രോഗചികിത്സയില്‍ വ്യാപൃതരായ ഡോക്ടര്സമൂഹത്തിനും ഫീല്‍ഡ്തല ആരോഗ്യപ്രവര്‍ത്തകര്‍ നല്കിയ
പിന്തുണ ആശ്വാസമായതായാണ് അറിയുന്നത്.
പിന്നെന്തിനാണ് തിരക്കിട്ട് ഇങ്ങനൊരു മാറ്റം ?
തീര്‍ച്ചയായും ഈ കോവിഡ്കാലത്ത് ഏറ്റവും കഷ്ടപ്പെട്ട് ജോലിചെയ്യുന്ന ഉദ്യോഗസ്ഥരാണ് ആരോഗ്യപ്രവര്‍ത്തകരും പോലീസും. നാളിതുവരെ ആരോഗ്യവകുപ്പിന് നല്ലപിന്തുണയാണ് പോലീസ് നല്‍കിയിരുന്നത്. അത് നന്ദിപൂര്‍വ്വം സ്മരിച്ചു കൊണ്ടുതന്നെ പറയട്ടെ ആരോഗ്യ പ്രവര്‍ത്തനം പോലീസ് നേരിട്ട് ചെയ്യണ്ട ജോലിയല്ലതന്നെ. നിലവില്‍ ഈ ജോലികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എങ്ങനെയാണ് ചെയ്യുന്നത് എന്നറിയണം.
വിദേശത്ത്നിന്നോ അന്യസംസ്ഥാനത്ത് നിന്നോ ഒരാള്‍ നാട്ടിലെത്തുന്നെങ്കില് Covid 19 jagratha എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതു കിട്ടിയാലുടന്‍ സ്ഥലത്തെ ചുമതലയുളള ഉദ്യേഗസ്ഥന് വീട്ടില്‍ ക്വാറന്റെന് സൗകര്യമുണ്ടോ എന്ന് പരിശോധിച്ച് റിപോര്‍ട്ട് നല്കുന്നു. ഒപ്പം വീട്ടുകാര്‍ക്ക് അവശ്യ ബോധവല്‍ക്കരണം നല്കുന്നു. അവിടെ അപകടസാധ്യത ഗ്രൂപ്പിലുള്ളരുണ്ടെങ്കില്
അവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നു.
ആളെത്തിയാല്‍ ഫോണിലൂടെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
റൂം ക്വാറന്റെന് ഉറപ്പാക്കുന്നു.
14 ദിവസം RRT (റാപിഡ് റെസ്പോണ്‍സ് ടീം )വഴി നിരന്തര നിരീക്ഷണം. രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്നു.
ഇനി പ്രവാസിക്കായാലും നാട്ടുകാര്‍ക്കായാലും കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന സൗകര്യമൊരുക്കുന്നതും ആവശ്യമെങ്കില്‍ സുരക്ഷിതമായ വാഹനം ഏര്‍പ്പാടാക്കി ടെസ്റ്റിംഗ് സെന്ററില്‍ എത്തിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരാണ്. ഒരാള്‍ കോവിഡ് പോസിറ്റീവായി തെളിഞ്ഞാല്‍ ഉടന്‍തന്നെ അദ്ദേഹത്തിനും കുടുംബത്തിനും ചെറിയൊരു കൗണ്‍സിലിംഗ് നല്കുന്നു. ഒപ്പം ആംബുലന്‍സ് ഏര്‍പ്പാടുചെയ്ത് സുരക്ഷിതമായി ആശുപത്രിയിലോ CFLTC യിലോ എത്തിക്കുന്നു. ഇതോടൊപ്പം രോഗിയോടും കുടുംബത്തോടും സംയമനത്തോടെ സംസാരിച്ച്
പ്രാഥമിക / ദ്വിതീയ സമ്പര്‍ക്കപട്ടികയും റൂട്ട്മാപ്പും തയ്യാറാക്കുന്നു. സമ്പര്‍ക്കത്തില്‍
വന്നിട്ടുള്ള എല്ലാവരെയും കണ്ടെത്തി ഗൃഹനിരീക്ഷണത്തിലാക്കുന്നു. ഒപ്പം രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്നു. ഫോളോഅപ്പ് നടത്തുന്നു. രോഗിക്കും കുടുംബത്തിനും മാനസികപിന്തുണ നല്‍കിക്കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്.
ഏറ്റവും സംക്ഷിപ്തമായി പറഞ്ഞതാണിത്. ഈ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആറുമാസമായി വളരെ ചിട്ടയായി ചെയ്തുവരികയാണ്.
രജിസ്റ്ററിംഗ്, റെക്കോര്‍ഡിംഗ്, റിപ്പോര്‍ട്ടിംഗ് തുടങ്ങിയവയും ഇതോടൊപ്പം നടക്കുന്നു.
ഒന്നോര്‍ക്കൂ…
ഇതില്‍ ഇനി പോലീസ് ഇടപെട്ടിട്ട് എന്താണ് ചെയ്യാനുള്ളത് ???
നിലവില്‍ പോലീസ് എന്താണ് ചെയ്യുന്നതെന്നു നോക്കാം.
കണ്ടെയന്‍മെന്റ് സോണ്‍, ഗതാഗത നിയന്ത്രണങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ ഇവയെല്ലാം പോലീസ് നോക്കുന്നു.
ആരോഗ്യ വകുപ്പ് ചെയ്യേണ്ടിയിരുന്ന
പകര്‍ച്ചവ്യാധി നിയന്ത്രണനിയമ നടപടികള്‍ സര്‍ക്കാര്‍
പോലീസിനു നല്കി.
അതുപ്രകാരം മാസ്ക് ധരിക്കല്‍ മുതലായവ പരിശോധിക്കുന്നു.
ഒപ്പം ഗൃഹനിരീക്ഷണത്തിലിരിക്കുന്നവരെ ഇടക്കിടെ വിളിച്ച് ചോദിക്കുന്നു. ക്വാറന്റെന് ലംഘനങ്ങളില്‍ ഇടപെടുന്നു.
പോലീസിന് രോഗലക്ഷണങ്ങളുള്ള വരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും ഈ ലിസ്റ്റുകള്‍ എവിടുന്നു കിട്ടുന്നു ? ആരോഗ്യവകുപ്പില്‍ നിന്നുതന്നെ.
എന്നും സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നോ സ്റ്റേഷനില്‍ നിന്നോ ജില്ലാതലത്തിലോ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ
വിളിച്ച് ഈ വിവരങ്ങള്‍
ശേഖരിക്കുന്നു. ഇന്നും ഇനിയും ജോലി ആരോഗ്യവകുപ്പിനു തന്നെയെന്ന് സാരം.
ഇക്കാര്യത്തില്‍ ഇതിലേറെ എന്താണ് പോലീസിന് ചെയ്യാനാവുന്നത് ?
യൂണിഫോമിന്റെ ബലത്തില്‍ ഒരുപക്ഷേ ജനങ്ങളെ ഭയപ്പെടുത്തി വീട്ടിലിരുത്താന്‍ കഴിഞ്ഞേക്കും. അതുകൊണ്ടു മാത്രമായോ ?
യഥാര്‍ത്ഥത്തില്‍ രോഗത്തെകുറിച്ച് സാങ്കേതികമായി അറിയാവുന്നവര്‍ക്കു മാത്രം ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരുപാട് വിഷയങ്ങള്‍ ഇതിലുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തണം.
ഒപ്പം നിശബ്ദലക്ഷണങ്ങളായ ‘ഹാപ്പി ഹൈപ്പോക്സിയ’ പോലുള്ളവയെപ്പറ്റി അറിഞ്ഞിരിക്കണം. ആന്റിജന്‍ പരിശോധനയും RTPCR പരിശോധനയുമൊക്കെ സമ്പര്‍ക്കശേഷം എന്നാണ് ചെയ്യേണ്ടതെന്ന് അറിയണം. ഒപ്പം സ്വയം സംരക്ഷിക്കാനും അറിയണം.
ഇതൊക്കെ എന്തായാലും പോലീസിന് പറ്റിയ പണിയല്ല.
പോരെങ്കില്‍ വിവരം ചോദിക്കാന്‍ പോലീസ് ഇറങ്ങിയാല്‍ പലരും സത്യംപറയാന്‍ മടിക്കും. ഏറ്റവും വേണ്ടപ്പെട്ടവരാകുമല്ലോ primary contacts. താന്‍കാരണം അവരെകൂടി പോലീസിന്റെ മുന്നിലേക്ക് വിട്ടുകൊടുക്കാന്‍ രോഗികള്‍ മടിക്കും. ഇനി രോഗലക്ഷണങ്ങള്‍ കണ്ടാലും പതിവായി ബന്ധപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരോടു വിളിച്ചു പറയുമോ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുമോ ???
നമ്മുടെ പോലീസ് സേനയുടെ മികവിലും കാര്യക്ഷമതയിലും സംശയമില്ലെങ്കിലും
ഒരു ആഭ്യന്തരപ്രശ്നമോ കലാപമോ നേരിടുംപോലെയാണോ ഒരു പൊതുജനാരോഗ്യപ്രശ്നം നേരിടേണ്ടത് ?
പോലീസിന്റെ റോള്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരുടേത് അവരും എടുക്കട്ടെ.
വസൂരി മുതല്‍ പോളിയോ വരെ നിര്‍മാര്‍ജനം ചെയ്തതും VPD (Vaccine preventable diseases) ഇത്രക്ക് കുറച്ചതും കേരളത്തിലെ പോലീസല്ല, ആരോഗ്യപ്രവര്‍ത്തകരാണ്.
നിയമകാര്‍ക്കശ്യം ഇല്ലാഞ്ഞിട്ടുപോലും
കേരളം ഇക്കണ്ട ആരോഗ്യസാക്ഷരത നേടിയതും, കൈകഴുകലും തിളപ്പിച്ചാറിയ വെള്ളവും വ്യക്തിശുചിത്വവുമടക്കമുള്ള നല്ല ആരോഗ്യശീലങ്ങള്‍ പഠിച്ചതും പോലീസുകാരില്‍ നിന്നല്ല, ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നാണ്. ആരോഗ്യസൂചികകളിലെ
പുകള്‍പെറ്റ ‘#കേരളമോഡല്‍’ സൃഷ്ടിച്ചതും പോലീസല്ല, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരും പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരാണ്.
ക്രമസമാധാനം നിയന്ത്രിക്കേണ്ടവര്‍ പകര്‍ച്ചവ്യാധികള്‍
നിയന്ത്രിക്കാനിറങ്ങിയാല് രണ്ടിന്റെകാര്യത്തിലും സമൂഹം വലിയവില നല്‍കേണ്ടിവരും.
പൊതുജനാരോഗ്യവിഭാഗത്തിലെ ഓരോജോലിക്കും അടിസ്ഥാനയോഗ്യതക്കു പുറമേ രണ്ടുവര്‍ഷംമുതല്‍ ദൈര്‍ഘ്യമുള്ള പ്രത്യേകകോഴ്സുകള് നിശ്ചയിച്ചിരിക്കുന്നതും ഫീല്‍ഡ് ട്രയിനിംഗ് നിര്ബന്ധമാക്കിയിരിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ അതീവ സാങ്കേതികവൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യേണ്ട ജോലിയായതിനാലാണ്. അല്ലെങ്കില്‍ അവ സമൂഹത്തിനും തനിക്കുതന്നെയും അപകടമായിഭവിക്കും.
എന്നാല്‍ പോലീസ്ജോലിക്ക് അങ്ങനെയൊരു പ്രത്യേക ടെക്നിക്കല്‍ ക്വാളിഫിക്കേഷന്‍ / കോഴ്സ് ഇല്ലാത്തതും പകരം ഫിസിക്കല്‍ ഫിറ്റ്നസ് ഉറപ്പാക്കുന്നതും പോലീസിംഗ് മറ്റൊരുവിധം ജോലിസ്വഭാവമുള്ള ഇടമായതിനാലാണ്.
പോലീസിന്റെ ജോലി ഇതരവിഭാഗങ്ങള്‍ക്കും ചെയ്യാനാവുന്നതല്ല.
തീവ്രപകര്ച്ചാസ്വഭാവമുള്ള ഒരു വൈറസുമായുള്ള ഏറ്റുമുട്ടല്‍ പോലീസിന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്കാരെ നേരിടുംപോലെയാവില്ല. ഫോഴ്സ് എന്നനിലയിലെ അച്ചടക്കം സാങ്കേതികജ്ഞാനത്തിന് ഒരിക്കലും പകരമാവില്ല. സേനയിലെ ചെറിയൊരുവിഭാഗം രോഗബാധിതരായാല്‍ തന്നെ, ഒപ്പം വലിയൊരുവിഭാഗം ക്വാറന്റെനില്‍ പോകേണ്ടിവരുമെന്നും
പിന്നെ അതൊരു ചെയിന്‍ റിയാക്ഷന് പോലെ തുടരാമെന്നും, ക്രമസമാധാന പരിപാലനത്തില്‍ തകര്‍ച്ചതന്നെ സൃഷ്ടിച്ചേക്കാമെന്നും കരുതിയിരിക്കണം.
ഇതിനൊക്കെയപ്പുറം ആരോഗ്യവകുപ്പു ജീവനക്കാരുടെ മനോവീര്യത്തിന്റെ (Morale) വിഷയവും പ്രധാനമാണ്. മുഴുവന്‍സമയവും ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ അധികാരങ്ങള്‍ കൊടുത്തതും വിശ്വാസത്തിലെടുത്തതും തങ്ങള്‍ക്കുപകരം പോലീസിനെയാണ് എന്നുവന്നാല്‍ ആത്മാര്‍ത്ഥമായി ജോലിചെയ്യുന്നവര്‍ക്ക്
നിരാശയുണ്ടാകും. അത് ജോലിയിലെ മടുപ്പായിമാറാന് അധികം താമസമില്ല.
കോവിഡ് നിയന്ത്രണം മുഴുവന്‍ തങ്ങളാണ് ചെയ്യുന്നതെന്ന് കാട്ടാനുളള ത്വര ചിലരിലുണ്ട്.
മാധ്യമസ്വാധിനം ഉപയോഗിച്ചും വന്‍ റീച്ചുളള സോഷ്യല്‍മീഡിയ പേജുവഴിയും ഈ സെല്‍ഫ് പ്രമോഷന് നന്നായി നടക്കുന്നുണ്ട്. അങ്ങനെ ഒരു പ്ലാറ്റ്ഫോം ഇല്ലാത്തതിനാല്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെയ്ത ജോലികള്‍ തന്നെ സര്‍ക്കാരിനെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
വകുപ്പും ഇക്കാര്യത്തില്‍ ഏറെക്കുറെ നിശബ്ദമായിരുന്നു എന്നത് ദുഖസത്യമാണ്.
രോഗനിയന്ത്രണത്തില്‍ ദിവസേനയെന്നോണം strategies മാറുകയാണ്. ഇത്രയധികം കേസുകളായപ്പോള് റൂട്ട് മാപ്പും മറ്റും അപ്രസക്തമായി. അതുപോലെ അടുത്ത സമൂഹവ്യാപന ഘട്ടത്തില്‍ contact tracking പോലും അപ്രസക്തമായേക്കാം. കണ്ടെയ്ന്മെന്റ് സോണ്‍ എന്ന കണ്സെപ്റ്റുപോലും പല വിദേശരാജ്യങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞു. പകരം
അവിടെയൊക്കെ രോഗത്തിനിടയിലും ജീവിതം സാധാരണ നിലയിലാക്കാനുള്ള വഴികളാണ് സര്‍ക്കാരുകള്‍ തേടുന്നത്.
എന്തായാലും പോലീസ് മീശപിരിച്ചാല്‍ ഓടുന്നതല്ല വൈറസ്.
ഇനി കോവിഡ് നിയന്ത്രണം വിജയിക്കുമ്പോള്‍ അതിന്റെ ക്രഡിറ്റ് ആര്‍ക്കെന്നാണ് പ്രശ്നമെങ്കില്‍ അത് ഒരാള്‍ക്കും ഒറ്റക്ക് കൊണ്ടുപോകാനാവില്ല. നാടിന്റെ നായകര്‍ മുതല്‍ ഇങ്ങുതാഴെ വോളണ്ടിയര്‍മാര്‍ക്കു വരെ അവകാശപ്പെട്ടതാണ്.
ആരോഗ്യവകുപ്പു മുതല്‍ പോലീസ്, പഞ്ചായത്ത്, റവന്യൂ തുടങ്ങി എല്ലാ വകുപ്പുകള്‍ക്കും അതില്‍ പങ്കുണ്ടാവും.
അതിനൊക്കെയപ്പുറം
കൊറോണക്കൊപ്പം ജീവിക്കാന്‍ പഠിച്ച ജനങ്ങളാവും വിജയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍.
ഓര്‍ക്കുക.
ഒന്നാം സ്ഥാനം അടിച്ചെടുക്കാന്‍ ഇതൊരു മല്‍സരമല്ല.
ജീവന്മരണ പോരാട്ടമാണ്…!