കോവിഡ് പ്രതിരോധം സർക്കാർ കൃത്യമായ പാതയിൽ: ആരോഗ്യമന്ത്രി കെ . കെ ശൈലജ

തിരുവനന്തപുരം:കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് നാം കാര്യങ്ങൾ നിയന്ത്രിച്ചത്. ശരിയായ പരിശോധനാരീതിയും നിയന്ത്രണരീതിയുമാണ് അവലംബിച്ചത്. ടെസ്റ്റിന്റെ എണ്ണം കേരളത്തിൽ വളരെ കുറവാണെന്നും ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ് എന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശം അവഗണിച്ചെന്നും ചിലർ പറയുന്നു. എന്നാൽ, പരിശോധനയുടെ കാര്യത്തിൽ ട്രെയിസ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ രീതിയാണ് ശരിയെന്ന് ലോകംമുഴുവൻ ചർച്ചചെയ്തു.
മെയ് നാലിനുശേഷം കോവിഡ് വ്യാപനത്തിൽ വർധന ഉണ്ടായിരിക്കുന്നു എന്നത് വസ്തുതയാണ്. ലോക്ഡൗൺ നിബന്ധനകൾ എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ഇത്. കേന്ദ്രസർക്കാർ സംസ്ഥാനാന്തര യാത്രകളിലും ലോക്ഡൗണിലും ഇളവ് വരുത്തി. മെയ് മൂന്ന് ആകുമ്പോഴേക്കും വ്യാപനത്തിന്റെ ഗ്രാഫ് പൂജ്യത്തിലേക്ക് താഴ്ത്തി എങ്കിലും ലോക്ഡൗൺ ഇളവുകൾ വന്നതോടെ വൈറസ് ബാധിതരായ ആയിരങ്ങൾ നാട്ടിലെത്തി. അവരിൽനിന്ന് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം രോഗബാധയുണ്ടായി. രോഗവ്യാപനത്തിന്റെ ക്ലസ്റ്ററുകൾ രൂപംകൊള്ളാൻ തുടങ്ങി.
കേന്ദ്ര സർക്കാരിൽനിന്ന് കൂടുതൽ പരിശോധനാ ലാബുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് ഇടപെടുകയും ലാബുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ പ്രതിദിനം 22,000ൽ ഏറെ പരിശോധന നടത്തുന്നുണ്ട്. 17 സർക്കാർ ലാബിലും എട്ട് സ്വകാര്യ ലാബിലുമുൾപ്പെടെ 25 സ്ഥലത്താണ് കോവിഡ്-19 ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. കൂടാതെ, എയർപോർട്ടിലെയും ക്ലസ്റ്ററുകളിലെയും ആന്റിജൻ പരിശോധനയ്ക്കായി 10 ലാബുമുണ്ട്.
കേരളത്തിൽ ടെസ്റ്റിന്റെ എണ്ണം കുറവാണെന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവർ മനസ്സിലാക്കേണ്ടത് ടെസ്റ്റിന്റെ കാര്യത്തിൽ മുന്നിൽനിൽക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് എന്നതാണ്. പോസിറ്റീവ് കേസുകൾക്ക് ആനുപാതികമായി നടത്തുന്ന ടെസ്റ്റിന്റെ എണ്ണത്തിൽ പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കേരളം എന്നിവയാണ് മുന്നിലുള്ളത്. ഇതിൽത്തന്നെ മരണനിരക്കിന്റെ കാര്യത്തിൽ ടെസ്റ്റിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികച്ച സ്ഥാനമാണ് കേരളത്തിന്. രാജ്യത്തിൽത്തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് (0.32) കേരളത്തിലാണ്