KERALANEWS

കോവിഡ് പ്രതിരോധത്തിലെ ഗവി മാതൃക

പത്തനംതിട്ട: ഓര്‍ഡിനറി സിനിമയിലൂടെ കേരളം ഹൃദയത്തിലേറ്റിയ ഇടമാണ് ഗവി. സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ ഈ സ്ഥലം. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരത്തിന് താല്‍ക്കാലിക വിരാമമായത് ഗവി നിവാസികളെ ചെറുതായൊന്നുമല്ല സഹായിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാമാരിയെ ഒരു പാട് അകലെ മാറ്റി നിര്‍ത്താന്‍ ഗവിക്ക് സാധിച്ചു

അത് ഒരു നിസ്സാര കാര്യവുമല്ല, കൊവിഡിനെതിരെ തങ്ങള്‍ തീര്‍ത്ത ആ പ്രതിരോധം എത്ര വലുതായിരുന്നു എന്ന് പ്രദേശവാസികള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഒരിക്കല്‍ മാത്രമാണ് കൊവിഡ് ഗവി നിവാസികളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരു മാസം മുന്‍പാണ് ഗവി നിവാസിയായ 19 കാരന് കൊവിഡ് ബാധിച്ചത്. ഈ യുവാവിന് കൊവിഡ് ബാധിച്ചത് ബന്ധുവിനൊപ്പം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മടങ്ങി എത്തിയപ്പോഴാണ്.

പനി ലക്ഷണങ്ങളുമായി വീട്ടില്‍ കിടന്ന യുവാവിനെ പിന്നീട് ഇടുക്കിയിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തി രോഗം ഭേദമാക്കി. ഈ 19കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 17 പേരെ ആങ്ങമൂഴിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കുകയും ചെയ്തു. എന്നാല്‍ എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു എന്നതാണ് ആശ്വാസകരം. പിന്നീട് രോഗം ഒരിക്കല്‍ പോലും എത്തിയിട്ടില്ല. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഗവി ടൂറിസം മുടങ്ങിയതിനാല്‍ പുറത്തുനിന്ന് സഞ്ചാരികള്‍ എത്താത്തതാണ് ഇവര്‍ക്ക് ഗുണകരമായി തീര്‍ന്നത്.

പക്ഷേ നിരവധി അസൗകര്യങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നുണ്ട് ഗവി. ഒരു ജലദോഷ പനി വന്നാല്‍ പോലും പ്രാഥമിക ചികിത്സയ്ക്ക് ഗവിയില്‍ സൗകര്യമില്ല. അഥവാ ആര്‍ക്കെങ്കിലും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഓട്ടോറിക്ഷകളോ ജീപ്പോ പിടിച്ച് വണ്ടിപ്പെരിയാറില്‍ എത്തി ചികിത്സ തേടേണ്ടിവരും. പത്തനംതിട്ട റൂട്ടില്‍ റോഡിലെ മണ്ണിടിച്ചില്‍ കാരണം ഗതാഗത സൗകര്യമില്ല. ഇതുവഴിയുണ്ടായിരുന്ന കെ എസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നിര്‍ത്തിവെച്ചു. ഗവി ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയില്‍ മാസത്തില്‍ രണ്ടു ദിവസം ജോലിക്കെത്തുന്ന ഒരു ഡോക്‌റാണുള്ളത്. സ്റ്റാഫ് നഴ്‌സുമില്ല.ഗവിയില്‍ സ്ഥിരമായി ഡോക്ടറെയും നഴ്‌സിനെയും നിയമിക്കണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. ലയങ്ങളില്‍ ഒരുമിച്ച് താമസിക്കുന്ന തൊഴിലാളികളാണ് ഇവിടെ ഏറെയുമുള്ളത്. ഗവി നിവാസികളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി 2002ല്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി അനുവദിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതോടെ ഒന്നര വര്‍ഷമായി കട്ടപ്പുറത്താണ്. ചെറിയൊരു അറ്റകുറ്റപ്പണി നടത്തിയാല്‍ ആംബുലന്‍സ് ഓടിക്കാന്‍ സാധിക്കും എന്നാണ് ഗവി നിവാസികള്‍ പറയുന്നത്.അതേ സമയം ആങ്ങമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് ഒക്ടോബര്‍ രണ്ടാം തീയതി മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട് . രാവിലെ 8.30 മുതല്‍ 11 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. 10 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല. ജീപ്പ്, കാര്‍ എന്നീ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട് . എന്നാല്‍ സഞ്ചാരികളുടെ വരവ് കൊവിഡ് ഭീഷണി വീണ്ടും ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് ഗവി നിവാസികള്‍ക്ക് ഒരുത്തരം മാത്രം, ആദ്യഘട്ടത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ സാധിച്ചെങ്കില്‍ ഇനിയും പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കു കഴിയും, കാരണം ഈ കൊറോണക്കാലവും കടന്നു പോകും

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close