
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയും അതുമൂലമുണ്ടായ ലോക്ഡൗണും ലോകജനതയെ പല തരത്തിലാണ് ബാധിച്ചത്. ആ ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞതാകട്ടെ ഗ്രാമീണ മേഖലയിലെ ചെറുകിടതൊഴിലാളികളും . കര്‍ഷകരുടെ അവസ്ഥയാണ് ഏറ്റവും മോശം. തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കവും വിളകള്‍ക്കൊന്നും സര്‍ക്കാര്‍ താങ്ങുവില ഏര്‍പ്പെടുത്താതിരുന്നതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. കര്‍ഷകരെ മാത്രമല്ല, മറ്റു പല ചെറുകിടത്തൊഴിലാളികളെയും സാരമായി തന്നെ ഈ കോവിഡ്കാലം ബാധിച്ചിട്ടുണ്ട്. അസമിലെ ചായഗാവില് നിന്നുള്ള 70 കാരിയായ കനൂരി ഹിറ തന്റെ മണ്‍പാത്രങ്ങള്‍ വില്ക്കാന് പാടുപെടുകയാണ്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മുതല്‍ യാതൊരുകച്ചവടവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. നിര്‍മ്മാണത്തിനാവശ്യമായ ചെളി ശേഖരിക്കുന്നതിനും ഉണ്ടാക്കിയ പാത്രങ്ങള്‍ വില്‍ക്കുന്നതിനും സാധിച്ചില്ല.
ഉത്തര്‍പ്രദേശിലെ ഷെയ്ഖ്പൂര്‍ ഗ്രാമത്തില്‍ ബഷീര്‍ അഹമ്മദും സമാനമായ പ്രതിസന്ധി നേരിടുന്നു. ഡല്‍ഹിയിലും ഹൈദരാബാദിലും വസ്ത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അവസ്ഥയും ദുരിതത്തിലാണ്. വിവാഹ സീസണില്‍ ഉയര്‍ന്ന ഡിമാന്‍ഡില്‍ വിറ്റഴിയുന്ന സാരിയും ലെഹംഗയുമാണ് ഇവര്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. ‘കഴിഞ്ഞ വര്‍ഷം വരെ രാത്രി ഷിഫ്റ്റുകള്‍ വഴിയും ആഴ്ചയില്‍ ആറ് ദിവസം 15-16 മണിക്കൂര്‍ ജോലി ചെയ്തുമാണ് ഇവര്‍ നിര്‍മ്മാണം നടത്തിയിരുന്നത്. ഇപ്പോള്‍ ഇത് നാല് ദിവസമായി കുറഞ്ഞു, ആറ് മണിക്കൂര്‍ ജോലിയില്ല, ”അഹമ്മദ് പറയുന്നു. ഒരു സാരി ലെഹെങ്ക തയ്യാറാക്കാന്‍ ഏകദേശം മൂന്നാഴ്ചയെടുക്കുന്നു. 30,000-40,000 രൂപയ്ക്കാണ് ഇത് വില്‍ക്കുന്നത്. വരാനിരിക്കുന്ന വിവാഹ സീസണ് അഹമ്മദിനെപ്പോലുള്ളവരുടെ പ്രതീക്ഷയാണ്. എന്നാല്‍ ബിസിനസ്സ് ഇനിയും വേഗത്തിലായിട്ടില്ല. ഇന്ത്യ ഇത്ര സാമ്പത്തിക പ്രതിസന്ധിയിലായിട്ടു കൂടി ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥയടെ തകര്‍ച്ച പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും ആവിഷ്കരിച്ചിട്ടില്ല എന്നാണ് ഉയരുന്ന വാദം.