KERALANEWSTop News

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; കുടുംബങ്ങളുടെ സ്വകാര്യത പരിഗണിച്ച ശേഷമാകും മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുക; തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിലാവും

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ കോവിഡ് വിവര പട്ടികയില്‍ ഇന്നു മുതല്‍ പേരുകള്‍ വീണ്ടും ഉള്‍പ്പെടുത്താനാണ് തീരുമാനം. കോവിഡ് മരണ കണക്കിനെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് തീരുമാനം. 2020 ഡിസംബറിലാണ് സര്‍ക്കാര്‍ പേരുകള്‍ പുറത്തു വിടുന്നത് നിര്‍ത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സര്‍ക്കാര്‍ പേരുകള്‍ നല്‍കുന്നത് നിര്‍ത്തിയത്.

തുടക്കത്തില്‍ പേരുകള്‍ പുറത്തു വിട്ടിരുന്നെങ്കിലും വിവാദമായതോടെ ഇത് നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ചാണ് കോവിഡ് മരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. നാളെ മുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കുടുംബങ്ങളുടെ സ്വകാര്യത പരിഗണിച്ച ശേഷമാകും മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ആവശ്യവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. സുപ്രിംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവന്‍ മരണവും സമഗ്ര പരിശോധന നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ ആവശ്യം.

എല്ലാം കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര മാര്‍ഗനിര്‍ദേശത്തില്‍ പോരായ്മകളുണ്ടെന്ന നിലപാടും നിലവില്‍ സര്‍ക്കാരിനില്ല. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close