
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത്. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ കോവിഡ് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ട് മോദി സ്വയം നിരീക്ഷണത്തില്‍ പോകുന്നില്ലെന്ന് ശിവസേന ചോദിച്ചു. ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര ഭൂമി പൂജയില്‍ പങ്കെടുത്ത രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പമാണ് ഗോപാല്‍ ദാസ് വേദി പങ്കിട്ടത്.
എന്നാല്‍ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് പ്രധാനമന്ത്രി നിരീക്ഷണത്തില്‍ പോകുന്നില്ലെന്ന് ശിവസേന മുഖപത്രമായ സാമ്നയില്‍ ചോദിക്കുന്നു. എഴുപത്തഞ്ചുവയസ്സുകാരനായ മഹന്ത് നൃത്യ ഒരു മാസ്ക് പോലും വെയ്ക്കാതെയാണ് അദ്ദേഹം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇദ്ദേഹത്തോട് അടുത്തിടപഴകുകയും ചെയ്തത് നമ്മള് കണ്ടതാണ്. ബഹുമാനത്തോടെ നൃത്യ ഗോപാല്‍ ദാസിന് കൈ കൊടുക്കാനും പ്രധാനമന്ത്രി മറന്നില്ല. മഹന്ദ് നൃത്യക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി ക്വാറന്റീനില്‍ പോകാന്‍ തയ്യാറാണോ എന്നും സാമ്ന എഡിറ്റോറിയില്‍ ചോദിക്കുന്നു.