തിരുവനന്തപുരം ബ്യൂറോ
തിരുവനന്തപുരം: കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ ശ്ലാഖനീയമായ ഒന്നാം ഘട്ടം കഴിഞ്ഞ് സാമൂഹികവ്യാപനത്തിന്റെ വക്കിലെത്തിനില്‍ക്കെ, കടുത്ത വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ കോവിഡ് മരണനിരക്കിനെച്ചൊല്ലി സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അഭിമാനിക്കാനേറെ. ഇതുവരെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 45 ആണ്. അതില്‍ 50 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് മരണാനന്തരമാണ്. 22 പേരും ചികിത്സ തേടിയെത്തിയത് കോവിഡ് ബാധയ്ക്കായിരുന്നില്ലെന്നതും മറ്റു രോഗങ്ങള്‍ക്കു ചികിത്സ തേടിയെത്തി മരണമടഞ്ഞശേഷമുള്ള സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
കേരളത്തിലെ കോവിഡ് മരണനിരക്കിനെ അടിസ്ഥാനമാക്കി രോഗബാധിതരില്‍ 50 ശതമാനത്തിലേറെപ്പേര്‍ക്കും രോഗം ബാധിച്ചത് കണ്ടെത്താന്‍ നമ്മുടെ രോഗപ്രതിരോധപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല എന്ന വിമര്‍ശനം നിലവിലുണ്ട്. എന്നാലും, ആരോഗ്യവകുപ്പിന്റെ മറുവാദം ഇക്കാര്യത്തില്‍ പരിഗണിക്കാതിരിക്കാന്‍ സാധിക്കുന്നതല്ല. ഇന്നലെ വരെ രേഖപ്പെടുത്തിയ 45 മരണങ്ങളില്‍ 23 പേര്‍ മാത്രമാണ് കോവിഡ് ബാധയ്ക്ക് ചികിത്സ തേടിയത്. ബാക്കി 22 പേരും കോവിഡ് ലക്ഷണങ്ങള്‍ യാതൊന്നുമില്ലാതെ ഇതര രോഗങ്ങള്‍ക്ക് ആശുപത്രിയിലെത്തിയവരാണ്. ആ നിലയ്ക്ക്, കോവിഡ് ബാധിക്കാത്തവരിലും ആരോഗ്യവകുപ്പിന്റെ കോവിഡ് നിയന്ത്രണപ്രവര്‍ത്തകരുടെ അശ്രാന്ത ശ്രദ്ധ പതിക്കുന്നുവെന്നതാണ് വാദം. ഇതര രോഗങ്ങള്‍ ബാധിച്ചവരിലും പിഴവില്ലാതെ സ്രവപരിശോധന നടത്തിയതുകൊണ്ടാണല്ലോ മരണാനന്തരമാണെങ്കില്‍ക്കൂടി രോഗബാധ കണ്ടെത്തി സ്ഥിരീകരിക്കാനായത്. അത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയിലേക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നതെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീര്‍ അവകാശപ്പെടുന്നു.
അതേസമയം, ഇങ്ങനെ മറ്റു രോഗങ്ങളുമായി പ്രത്യക്ഷ ലക്ഷണങ്ങളില്ലാതിരുന്ന രോഗികളില്‍ കൂടി മുന്‍കൂട്ടി പരിശോധന നടത്തി വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ നിലവിലെ മരണനിരക്ക് ഇതിലും നിയന്ത്രിക്കാനാകുമായിരുന്നുവെന്നാണ് വിമര്‍ശകരുടെ വാദം. ഏതായാലും, മരണനിരക്കില്‍ ഇപ്പോഴും ദേശീയ ശരാശരിയേക്കാളും, ആഗോള ശരാശരിയേക്കാളും വളരെ താഴ്ന്നു തന്നെ പിടിച്ചു നില്‍ക്കാനാവുന്നുവെന്നത് കെ.കെ.ശൈലജടീച്ചറുടെ നേതൃത്വത്തിലുളള സംസ്ഥാന ആരോഗ്യവകുപ്പിന്റെ ചിട്ടയൊത്ത പ്രവര്‍ത്തനങ്ങളുടെ പരിണതിയായിത്തന്നെയാണെന്നതില്‍ തര്‍ക്കമില്ല.
കോവിഡ് മരണനിരക്ക് കേരളത്തിന് ആശ്വസിക്കാന്‍ വകയേറെ
