HEALTHKERALANEWS

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് കോട്ടയത്ത് പുല്ല് വില

കോട്ടയം: ആശങ്കയുടെ ആക്കം കൂട്ടിക്കൊണ്ട് കോവിഡ് രോഗികളുടെയും രോഗബാധമൂലം മരിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും അതീവജാഗ്രതയോടെ പൊരുതിയിട്ടും അതെല്ലാം അസ്ഥാനത്താക്കുന്ന സമീപനമാണ് കോട്ടയം ജില്ലയുടെ പ്രാന്തപ്രദേശങ്ങളിലും മറ്റും നടക്കുന്നത്. ദിവസേന പുറത്തുവരുന്ന ഔദ്യോഗിക കണക്കുകളനുസരിച്ച് കോട്ടയത്ത് സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണ്. ഏറ്റവുമൊടുവിലായി സമ്പര്‍ക്കം മൂലം 45ഓളം പേര്‍ക്ക് കോട്ടയം മുനിസിപ്പാലിറ്റി പരിധിയില്‍ തന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടും ഇതൊന്നും വകവയ്ക്കാതെയാണ് വിവാഹ ചടങ്ങുകളുള്‍പ്പെടെയുളള പരിപാടികള്‍ ജില്ലയിലെങ്ങും അരങ്ങേറുന്നത്.

മുന്‍പ് ഹോട്‌സ്‌പോട്ടയി പ്രഖ്യാപിച്ചിരുന്ന ഏറ്റുമാനൂരിലും സമീപപ്രദേശങ്ങളിലും കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസുള്‍പ്പെടെയുളള അധികാരികള്‍ കിണഞ്ഞ് പരിശ്രമിക്കവേയാണ് നഗരസഭാ പരിധിയില്‍ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ കഴിഞ്ഞ ദിവസം ഒരു വിവാഹച്ചടങ്ങ് നടത്തിയത്. കുട്ടികളും പ്രായമായവരുമുള്‍പ്പെടെ അനുവദിച്ചിട്ടുളളതിലധികം പേര്‍ മാസ്‌ക് പോലും വയ്ക്കാതെ വിവാഹം ആഘോഷിച്ചതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികളുടെ തന്നെ നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തികള്‍ സ്ഥിതി രൂക്ഷമാക്കുമെന്ന് മാത്രമല്ല, കോവിഡിനെ പിടിച്ചുകെട്ടാനുളള അധികൃതരുടെ പരിശ്രമങ്ങളെ തച്ചുടക്കുന്നതുമാണ്. അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ മാത്രം 24 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മീനടം-14, പാമ്പാടി-12, കൂരോപ്പട-10, മണര്‍കാട്-9, കുറിച്ചി, വാഴപ്പള്ളി-8 വീതം, നെടുംകുന്നം, ചങ്ങനാശേരി-7 വീതം, മാടപ്പള്ളി, പനച്ചിക്കാട്-5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍. സ്ഥിതിഗതികള്‍ ഇത്ര രൂക്ഷമാകുമ്പോഴും യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജില്ലയിലെ ചടങ്ങുകളില്‍ പലതും നടത്തുന്നതെന്ന വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close