കോവിഡ് മാറ്റില്ല, പ്രതിരോധശേഷി വര്‍ധിപ്പിക്കും, ആര്‍സെനിക്കം ആല്‍ബം

പന്തളം : കഴിഞ്ഞ ദിവസം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി ലഭിച്ച ഒരു ഓഡിയോ സന്ദേശമായിരുന്നു ഹോമിയോ മരുന്ന് ആര്‍സെനിക്കം ആല്‍ബം കോവിഡ് രോഗം ഭേദമാക്കുമെന്ന്. എന്നാല്‍ ഈ സന്ദേശത്തില്‍ നിരവധി ആശയക്കുഴപ്പമുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. ഈ മരുന്ന് ഒരിക്കലും കോവിഡ് രോഗം ഭേദമാക്കില്ലെന്നും ജനങ്ങളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു. അഞ്ച് ദിവസത്തെ ഉപയോഗം കൊണ്ട് കോവിഡിനെ പ്രതിരോധിക്കാമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും ഇതിന്റെ ഉപയോഗം കൊണ്ട് കോവിഡ് വരാതെ രക്ഷപ്പെടാമെന്നുമാണ് വാട്സ്ആപ് സന്ദേശങ്ങളിലുള്ളത്. ദുബായ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത് ഫലപ്രദമായിരുന്നെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് കോവിഡ് രോഗികളില്‍ പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടാക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. പ്രതിരോധമുള്ളവരില്‍ രോഗം കാര്യമായി ബാധിക്കുന്നില്ലെന്ന് നേരത്തെതന്നെ പഠനങ്ങള്‍ പുറത്തുവന്നിരുന്നു.
ഏതായാലും പന്തളം മുനിസിപ്പാലിറ്റിയിലെ 107 പേര്‍ക്ക് ഈ മരുന്ന് നല്‍കിയതിനെത്തുടര്‍ന്ന് കോവിഡ് നെഗറ്റീവ് ആയി. രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ക്കാണ് മരുന്ന് നല്‍കിയത്. കേരളത്തിലെ എല്ലാ പഞ്ചായത്തിലും മരുന്ന് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. പന്തളം മുനിസിപ്പാലിറ്റിയിലെ 31, 32 വാര്‍ഡുകളില്‍ രണ്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഇവിടം കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഉള്ള 107 പേരാണ് രോഗികളുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോയത്. അതിനു മുമ്പേതന്നെ ഇവര്‍ക്കു മരുന്നു നല്‍കിയിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് ഇവരുടെ ഫലം നെഗറ്റീവായത്. ഈ ഫലം ഇവിടുത്തെ ജനങ്ങള്‍ക്കിടയിലുള്ള ഭീതി കുറച്ചിട്ടുണ്ട്. സമയോചിതമായി മരുന്ന് വിതരണം ചെയ്തു സഹായിച്ചതിന് നഗരസഭാ ചെയര്‍പേഴ്സണ്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കയച്ച കത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
കോവിഡിന്റെ മരുന്നെന്ന് വ്യാജവാര്‍ത്ത
കോവിഡിനുള്ള മരുന്നാണ് ആര്‍സെനികം എന്ന വ്യാജവാര്‍ത്തയും ഇതിനോടനുബന്ധിച്ചു പ്രചരിച്ചിട്ടുണ്ടെന്ന് പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചതും ക്വാറന്റൈനില്‍ ഇരുന്നതും ഒപ്പം മരുന്നു വിതരണം ചെയ്തതുമാണ് പന്തളത്ത് കോവിഡ് നെഗറ്റീവാകാനുള്ള കാരണമെന്നും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. ഈ മരുന്നിനെപ്പറ്റി വാട്സാപ്പ് സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ആര്‍സെനികം ആല്‍ബം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഹോമിയോ മരുന്നാണ്. ഇത് വിദഗ്ധ നിര്‍ദ്ദേശമില്ലാതെ ഉപയോഗിക്കാനും പാടില്ല.